2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ക്വട്ടേഷന്‍ സംഘങ്ങളുടെ രസതന്ത്രം

വടകരയിലെ ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കാളിത്തം അന്വേഷിച്ചുനടക്കുന്നവര്‍ നൈരാശ്യത്തിലാണെത്തുക എന്നതില്‍ പാര്‍ടിക്കകത്തുള്ളവര്‍ക്ക് സംശയമില്ല. കുറെയാളുകള്‍ സംഘടിതരായി സിപിഐ എമ്മിന് ചുറ്റും നിരന്നുനിന്ന്, ആക്ഷേപംചൊരിഞ്ഞതുകൊണ്ട് തളര്‍ന്നുപോകുന്നതല്ല പാര്‍ടിയുടെ ആത്മധൈര്യം. ഇത്തരം ആക്രമണങ്ങള്‍ ഇതാദ്യമല്ല. പാര്‍ടിയെയും നേതൃത്വത്തെയും സംശയത്തിന്റെ മുള്‍മുനയില്‍ കുത്തിനിര്‍ത്തി നടത്തിയ പലതരം ആക്രമണങ്ങള്‍ക്ക് ഈയടുത്ത വര്‍ഷങ്ങളില്‍ ഈ കേരളംതന്നെ വേദിയായിട്ടുണ്ട്. കിളിരൂര്‍, കവിയൂര്‍, മുത്തൂറ്റ് പോള്‍വധം, ലാവ്ലിന്‍ തുടങ്ങിയ കേസുകള്‍ ഉദാഹരണമായെടുക്കാവുന്നതാണ്. ഗുണ്ടാബന്ധംമുതല്‍ അഴിമതിയും സ്ത്രീപീഡനവുംവരെ വിഷയങ്ങളാക്കി പാര്‍ടിയെ ആക്രമിച്ചു. "എസ്" കത്തിയെച്ചൊല്ലി ഉയര്‍ന്ന വിവാദം മറക്കാവുന്നതല്ല. ഇപ്പറഞ്ഞ ഒരുകേസിലും ഇന്ന് സിപിഐ എമ്മിനെതിരെ ആര്‍ക്കും ഒരക്ഷരവും പറയാനുള്ള സാഹചര്യമില്ല. എല്ലാ കല്‍പ്പിതകഥകളും തകര്‍ന്ന് മണ്ണടിഞ്ഞു. നാദാപുരത്തെ ബലാത്സംഗകഥ 2001ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിനുള്ള കാരണങ്ങളിലൊന്നായി. പിന്നീട്, യുഡിഎഫ് പ്രചരിപ്പിച്ചത് കള്ളക്കഥയാണെന്ന് ആ യുവതിയും ബന്ധുക്കളും പരസ്യമായി പറഞ്ഞപ്പോഴേക്കും കോരപ്പുഴയില്‍ ഒരുപാട് വെള്ളം ഒഴുകി അറബിക്കടലിലെത്തിയിരുന്നു; വ്യാജ ബലാത്സംഗത്തിന്റെ പേരില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ തീവ്രവാദിസംഘങ്ങള്‍ കൊത്തിയെടുത്തിരുന്നു. ഇന്നാ ബലാത്സംഗത്തിന്റെ കാര്യം ചോദിച്ചാല്‍ മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരും മിണ്ടില്ല; മിണ്ടിയതുകൊണ്ട് അവര്‍ക്കൊരു നേട്ടവും ഉണ്ടാകാനുമില്ല.

ഇവിടെ ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും ഒരാള്‍ക്കും കിട്ടിയിട്ടില്ല. ചന്ദ്രശേഖരന്‍ സിപിഐ എമ്മില്‍നിന്ന് പുറത്തുപോയ ആളാണ്; സ്വന്തമായി പ്രാദേശിക പാര്‍ടിയുണ്ടാക്കി പ്രവര്‍ത്തിക്കുന്നയാളാണ് എന്നതുമാത്രമാണ് "തെളിവ്". അതില്‍ സിപിഐ എമ്മിന് അസഹിഷ്ണുതയുണ്ടെന്നും അതുകൊണ്ട് ചെയ്തത് സിപിഐ എം ആകുമെന്നുമുള്ള അനുമാനത്തില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. നിയമത്തെ അതിന്റെ വഴിക്കുവിടാനല്ല; തങ്ങള്‍ തെളിക്കുന്ന വഴിയേ ഉന്തിക്കൊണ്ടുപോകാനാണ് ഭരണം നിയന്ത്രിക്കുന്ന മന്ത്രിപുംഗവന്മാര്‍ ഒരുമ്പെടുന്നത്. സിപിഐ എമ്മിന്റെ "അസഹിഷ്ണുത"യെക്കുറിച്ച് പ്രബന്ധം രചിക്കുന്നവര്‍ക്കുള്ള വലിയ ചോദ്യചിഹ്നമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍. അസാധാരണമായ ക്ഷമയും സഹാനുഭൂതിയും സിപിഐ എം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ കത്തുന്ന താടിയില്‍നിന്ന് പണ്ടേ പലരും ബീഡി കത്തിക്കുമായിരുന്നു. പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്തിന്റെയും പകയുടെയും സ്ഥിരനിക്ഷേപവുമുള്ള, സമനിലതെറ്റിയ വൃദ്ധന്റെ സഹതാപാര്‍ഹമായ ജല്‍പ്പനങ്ങളോട് ക്ഷമയുടെ നെല്ലിപ്പടികൊണ്ട് സന്ധിചെയ്യുകയാണ് സിപിഐ എം. പാര്‍ടിയില്‍നിന്ന് വിട്ടുപോയ പലരുമുണ്ട്. ചിലര്‍ തിരിച്ചെത്തുന്നുണ്ട്. അല്ലാത്തവര്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗൗരിയമ്മയും എം വി രാഘവനും ജീവിക്കുന്ന നാടാണിത്. ടി ജെ ആഞ്ചലോസിനെയും അബ്ദുള്ളക്കുട്ടിയെയും കെ എസ് മനോജിനെയും സിന്ധുജോയിയെയും ശിവരാമനെയും തല്ലാനും കൊല്ലാനും ആരും പോയിട്ടില്ല. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ രമ സിപിഐ എമ്മിനെ സംശയിച്ചതില്‍ തെറ്റുകാണാന്‍ കഴിയില്ല. നാട്ടിലെ മാധ്യമ ക്വട്ടേഷന്‍ സംഘം കോറസായി ഭീമ-കീചക സിദ്ധാന്തഗാനം ആലപിക്കുമ്പോള്‍ ഭര്‍തൃവിയോഗത്തിന്റെ നീറ്റലില്‍ പിടയുന്ന മനസ്സ് അങ്ങനെ പ്രതികരിച്ചതില്‍ അത്ഭുതപ്പെടാനുമില്ല. ആ പ്രതികരണത്തിലല്ല, അതിനെ വിറ്റു കാശാക്കാന്‍ ശ്രമിക്കുന്നവരിലാണ് കൊലപാതകികളുടേതിനേക്കാള്‍ കഠിനമായ ഹീനമനസ്സ് കാണേണ്ടത്.

ദാരുണമായ കൊലപാതകം നടന്ന വീട്ടിലേക്ക് ചെന്ന് കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരം ആ അരുംകൊലയിലൂടെ ഉണ്ടാക്കാനാകുമെന്ന് കരുതുന്ന രാഷ്ട്രീയനേട്ടത്തിന്റെ ചക്കരക്കുടത്തില്‍ കൈയിടുന്നവരാണോ മാന്യന്മാര്‍? സിപിഐ എം ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്- കൊലപാതകവുമായി ഒരു ബന്ധവുമില്ല എന്ന്. പാര്‍ടി ജില്ലാ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിവരെയുള്ളവര്‍ കൊലപാതകത്തെ അപലപിക്കുക മാത്രമല്ല, കുറ്റവാളികളെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരൂ എന്നാവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളികള്‍ പുറത്തുവരുമ്പോള്‍, ഇന്ന് സിപിഐ എമ്മിനെതിരെ ആക്രമണം നടത്തുന്നവര്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് പറയാനുള്ള ആര്‍ജവം സംസ്ഥാന സെക്രട്ടറി കാട്ടുമ്പോള്‍ എന്തേ അത് മുഖവിലയ്ക്കെടുക്കാന്‍ വ്യാജപ്രചാരകര്‍ തയ്യാറാകുന്നില്ല? ഓരോദിവസവും പുതിയ പുതിയ നാടകങ്ങളാടി എന്തിന് സിപിഐ എം വിരുദ്ധ വാര്‍ത്തകളുടെ തുടര്‍പരമ്പര സൃഷ്ടിക്കാന്‍ ഹീനമനസ്സുകള്‍ ഒരുമ്പെട്ടിറങ്ങുന്നു? 

മുങ്ങിക്കപ്പലില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ടാക്കാന്‍ പോയതിന്റെ കാര്‍മികനെന്നാണ് കുഞ്ഞനന്തന്‍നായരുടെ ആത്മപ്രശംസ. അങ്ങനെയുള്ള നായര്‍ക്ക് വിവരവും വിവേകവും പേരിനെങ്കിലും ഉണ്ടാകുമെന്ന് സാധാരണക്കാര്‍ കരുതിപ്പോകും. ഇവിടെ അതുരണ്ടുമല്ല, ഓസ്കര്‍ അവാര്‍ഡിന് സാധ്യതയുള്ള അഭിനയപാടവമാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്. ചന്ദ്രശേഖരന്റെ മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ കൊണ്ടുവരുന്നതിനുമുമ്പ് നായര്‍ അവിടെ എത്തി. അവിടെ യുഡിഎഫ് നേതാക്കളുടെ മഹാസംഗമമാണ്. മുഖ്യമന്ത്രിമുതല്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വാര്‍ഡ് പ്രസിഡന്റുമാര്‍ വരെ. അവരില്‍ മുന്തിയവരോട് കുശലംപറയാനും കൈപിടിക്കാനും പുഞ്ചിരി കൈമാറാനും സമയം സമൃദ്ധമായിരുന്നു. അതുകഴിഞ്ഞ്, മൃതദേഹം എത്തിയപ്പോള്‍, എല്ലാ ക്യാമറകളും തയ്യാറാണെന്നുറപ്പാക്കിയപ്പോള്‍ ആത്മരോഷത്തിന്റെ നിക്ഷേപം പുറത്തുചാടുന്നു. വയസ്സുകാലത്ത് അഭിനയത്തികവില്‍ മാത്രം വെല്ലുവിളികളില്ല. മനക്കോട്ടകള്‍ തകരുമ്പോള്‍ മനസ്സും തകരും. മലപ്പുറം സമ്മേളനത്തിനുശേഷം സിപിഐ എമ്മിന്റെ തലയില്‍കയറി ഇരിക്കാനാകുമെന്ന് വ്യാമോഹിച്ചയാള്‍ പാര്‍ടിയുടെ പടിക്കുപുറത്തേക്ക് പോകേണ്ടിവരുമ്പോള്‍ നിലതെറ്റുന്നതില്‍ അസ്വാഭാവികതയില്ല. അത്തരം ഘട്ടങ്ങളിലെ പിറുപിറുക്കലുകളും ജല്‍പ്പനങ്ങളും സിപിഐ എമ്മിനെതിരായ മൂര്‍ച്ചയുള്ള ആയുധങ്ങളാണെന്ന് കരുതി തലങ്ങും വിലങ്ങും വീശുന്നവരെയോര്‍ത്ത് സഹതപിക്കുകമാത്രമേ വഴിയുള്ളൂ. 

മനോരമക്കാരന്റേത് കറകളഞ്ഞ വിഷംകുടിയന്‍ രാഷ്ട്രീയമാണ്. മാതൃഭൂമിക്കാരന് വേതനക്കരാര്‍ പാലിക്കാത്ത മുതലാളിയുടെ ഇംഗിതത്തിനുസരിച്ച് തുള്ളിയില്ലെങ്കില്‍ ഉള്ളപണിയും പോകുമെന്ന വേവലാതിയാണ്. ഇരുകൂട്ടരുടെയും അവസ്ഥ ക്വട്ടേഷന്‍ സംഘങ്ങളെക്കാള്‍ പരിതാപകരം. എഴുതുന്ന വാര്‍ത്തയുടെ വിശ്വാസ്യതയും അതിജീവനവും സത്യസന്ധതയുമല്ല, ഉടമസ്ഥന്റെ സംതൃപ്തിയാണ് പ്രധാനം. മുതലാളി മനസ്സില്‍കാണുന്നതിനുമുമ്പേ മാനത്തുകാണുക; പറയുന്നതിനുമുമ്പേ എഴുതിപ്പിടിപ്പിക്കുക. അതിന് തെളിവും വേണ്ട യുക്തിയും വേണ്ട. ഇന്നലെ അവസാനത്തെ ഫോണ്‍വിളി, ഇന്ന് ക്വട്ടേഷന്‍, നാളെ നാടുവിടല്‍- അന്നന്നത്തെ അന്നം പ്രധാനമാണ്. ഇനിയുള്ള ദിവസങ്ങള്‍ ഒഞ്ചിയംകൊണ്ട് സമ്പന്നമാക്കണമെന്ന നിര്‍ദേശംകിട്ടിയാല്‍ അനുസരിക്കുകയല്ലാതെ എന്തുമാര്‍ഗം. ഒരര്‍ഥത്തില്‍ ഈ ക്വട്ടേഷന്‍ അടിമത്തത്തിന്റേതുകൂടിയാണ്. ചാടാനും തിരിയാനും മറിയാനും പറഞ്ഞാല്‍ കുഞ്ഞിരാമന് അനുസരണയുടെ വഴിയേ ഉള്ളൂ. യുഡിഎഫ് നേതൃത്വം നെയ്യാറ്റിന്‍കരയിലേക്ക് ചന്ദ്രശേഖരന്റെ പോസ്റ്ററും ഫ്ളക്സും തയ്യാറാക്കുന്ന തിരക്കിലാണ്. അവര്‍ അതിനാണ് പുര കത്തിക്കുന്നത്. അതിനിടയില്‍ കഴുക്കോലൂരിയെടുക്കാന്‍ ചെല്ലുകയാണ് കുഞ്ഞനന്തന്മാരെപ്പോലുള്ള ദുര്‍ബുദ്ധികള്‍. കിട്ടുന്ന ഏതവസരത്തിലും യുഡിഎഫ് നേതൃത്വത്തിന്റെ സന്നിധാനത്തുചെന്ന് നട്ടെല്ല് വില്ലുപോലെ വളയ്ക്കാനും റബറുപോലെ വലിച്ചുനീട്ടാനും തയ്യാറാകുന്ന ഇത്തരക്കാര്‍ക്ക് പുറത്തേക്ക് പറയാനുള്ളതുമാത്രമാണ് ആദര്‍ശവും പാരമ്പര്യവും. അവര്‍ എടുത്തിരിക്കുന്ന ക്വട്ടേഷന്‍ സിപിഐ എം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയെ; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുത്തിനോവിക്കാനുള്ളതാണ്.

പാല് ചുരത്തുന്നിടത്തും കുത്തി ചോരയെടുത്ത് ദാഹംതീര്‍ക്കുന്നവരാണവര്‍. ഒഞ്ചിയത്ത് സിപിഐ എമ്മിനെ പ്രതിപ്പട്ടികയില്‍ ഉറപ്പിച്ചാല്‍, അത് വിശ്വസിക്കുന്ന കുറെയാളുകള്‍ എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിക്കുമെന്നും അത്തരക്കാരെ മൊത്തക്കച്ചവടംചെയ്ത് നയിച്ച് സ്വന്തം മടയിലേക്ക് കൊണ്ടുപോകാമെന്നുമുള്ള സ്വപ്നം മലര്‍പ്പൊടിക്കാര്‍ മാത്രമല്ല കാണുന്നത്. സ്വന്തമായി ആര്‍ജിക്കാനാകാത്തത് കട്ടും പിടിച്ചുപറിച്ചും ഉണ്ടാക്കാനുള്ള കൗശലം പ്രകടമായി തിരിച്ചറിയപ്പെടുന്നു എന്നാണ് സമീപനാളുകളിലെ വിശേഷം. ചന്ദ്രശേഖരന്റെ ജീവന്‍ പൊലിഞ്ഞതിലുള്ള വിഷമമല്ല; അത് എങ്ങനെ സ്വാര്‍ഥനേട്ടമാക്കി മാറ്റാം എന്ന ചിന്തയാണവരുടെ പ്രശ്നം. അത്തരം പോഴന്മാരുടെ അസംബന്ധനാടകങ്ങള്‍ ലജ്ജയില്ലാതെ ആഘോഷിക്കുന്നു എന്നതാണ് നമ്മുടെ മാധ്യമദുരന്തം.

മരണം എല്ലാവരെയും സങ്കടപ്പെടുത്തും. എന്നാല്‍, മരണംകൊണ്ട് വസ്തുതകള്‍ മാറ്റിമറിക്കപ്പെടുന്നില്ല. സ്വന്തം കുലത്തെ, പാര്‍ടിയെ എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരെ കുലംകുത്തികള്‍ എന്ന് വിളിച്ചത് ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തില്‍ മാറ്റിവയ്ക്കാവുന്നതല്ല. എന്നാല്‍, ആ വിളിയെക്കുറിച്ച് ചര്‍ച്ചയും പരിശോധനയും നടത്തേണ്ടത് മരണത്തിന്റെയും വിരഹത്തിന്റെയും ഘട്ടത്തിലല്ല. അതോര്‍ക്കാതെയോ മറന്നുകൊണ്ടോ ആണ് ഏതാനും മാധ്യമങ്ങള്‍ കുലംകുത്തി പ്രയോഗത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചത്. ചോദ്യം വന്നപ്പോള്‍ തൃശൂര്‍ പ്രസ്ക്ലബ്ബില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: "കുലംകുത്തി എന്നും കുലംകുത്തി തന്നെ. കുടുംബത്തിന് എതിരെ നിലപാട് സ്വീകരിക്കുന്നവരെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരാളെക്കുറിച്ച്, മുമ്പ് ഒരവസരത്തില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചോദിക്കുന്നത് സങ്കുചിതമനഃസ്ഥിതിയാണ്". ദൗര്‍ഭാഗ്യവശാല്‍ ആ സങ്കുചിത മനസ്ഥിതിയാണ് ഏതാനും മാധ്യമങ്ങളിലെങ്കിലും തെളിഞ്ഞുകാണുന്നത്. ചങ്കുപറിച്ചുകാണിച്ചാലും അവര്‍ ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നു. അങ്ങനെ പറയുന്നതിലൂടെ സിപിഐ എമ്മിനെ വകവരുത്തിക്കളയാമെന്ന് മോഹിക്കുന്നു. അത്തരം ദുര്‍മോഹങ്ങളാണ് കേരളരാഷ്ട്രീയത്തില്‍ കത്തിയായും കരിയായും ആടിത്തിമിര്‍ക്കുന്നത്.

ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്








കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. അഞ്ചിടത്തായി അഞ്ചു ശരീരങ്ങള്‍. ചീമേനിയില്‍ ഓടിയെത്തിയ ഇ കെ നായനാര്‍ ഓരോ ജഡത്തിനും മുന്നില്‍ സ്തബ്ധനായി. ആ കണ്ണുകള്‍ നിറഞ്ഞു. വാക്കുകളില്‍ രോഷവും വേദനയും തിളച്ചു. കയ്യൂരിന് തൊട്ടടുത്ത ചീമേനിഗ്രാമം മറ്റൊരു ജാലിയന്‍ വാലാബാഗായ നാള്‍. 1987 മാര്‍ച്ച് 23. അന്ന് വോട്ടെടുപ്പായിരുന്നു. ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ അവസാനം. കേരളത്തിന്റെ ജനായകന്‍ ഇ കെ നായനാരാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി. എല്ലാ വോട്ടുംചെയ്തു എന്നുറപ്പുവരുത്താന്‍ ചീമേനിയിലെ സിപിഐ എം പ്രവര്‍ത്തകര്‍ വൈകിട്ട് പാര്‍ടി ഓഫീസില്‍ ഒത്തുചേര്‍ന്നു. പ്രധാനപ്പെട്ട എല്ലാവരുമുണ്ട്-സ്ത്രീകളുള്‍പ്പെടെ. ഓടുമേഞ്ഞ ചെറിയ ഓഫീസ്. എല്ലാവരും ക്ഷീണിതര്‍-എന്നാല്‍ ആവേശഭരിതരും. പെട്ടെന്ന് പുറത്ത് അലര്‍ച്ച മുഴങ്ങുന്നു. ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി ഓടിയടുക്കുന്നു. ഓഫീസിനു വെളിയിലുണ്ടായിരുന്നവര്‍ ചിതറിയോടി. അവിടെ അകപ്പെട്ടുപോയ ബാലകൃഷ്ണന്‍ പറയുന്നു:

കുറച്ചാളുകള്‍ പെട്ടെന്ന് ഓഫീസിനുള്ളില്‍ കയറി വാതിലടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുമ്പ് അക്രമികള്‍ ഓഫീസ് വളഞ്ഞു. അവര്‍ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. വെട്ടിപ്പൊളിക്കാന്‍ നോക്കി. പലക തകരുമെന്നായപ്പോള്‍ ബെഞ്ചുകൊണ്ട് ബലംകൊടുത്തു. അതോടെ ജനല്‍ വെട്ടിപ്പൊളിച്ചു. ജനല്‍പ്പാളിയിലൂടെ ഒരാള്‍ക്ക് കഷ്ടിച്ചേ കടക്കാന്‍ പറ്റുമായിരുന്നുള്ളു. ഉള്ളിലേക്ക് വന്നില്ല. തൊട്ടപ്പുറത്ത് പുരമേയാന്‍ വച്ചിരുന്ന പുല്‍കെട്ടുകള്‍ കൊണ്ടുവന്ന് ഓഫീസിന് ചുറ്റും തീയിട്ടു. കത്തിച്ച പുല്ല് അകത്തേക്ക് തള്ളി. ഒരാള്‍ മേല്‍ക്കൂരയില്‍ കയറി മണ്ണെണ്ണയും പെട്രോളും ഒഴിച്ചു. നിമിഷാര്‍ധത്തില്‍ മേല്‍ക്കൂരയ്ക്കു തീപിടിച്ചു. അകത്തും പുറത്തും തീ; പുക. നിര്‍ത്താത്ത കല്ലേറ്. ഓട് പൊട്ടി പലരുടെയും തലയിലും ദേഹത്തും വീണു. അകത്തുള്ളവര്‍ക്ക് ശ്വാസം മുട്ടി. പിന്നെ ഒന്നും ഓര്‍ക്കാനില്ല. മടിച്ചുനിന്നാല്‍ വെന്തുമരിക്കും-പുറത്തുചാടിയാല്‍ വെട്ടിക്കൊല്ലും. ആലവളപ്പില്‍ അമ്പു ആദ്യം പുറത്തേക്കു ചാടി. പുറത്ത് വാളും കഠാരയുമായി നിരന്നവര്‍ വെട്ടിയും കുത്തിയും അവിടെത്തന്നെ കൊന്നുതള്ളി. പിന്നാലെ സി കോരന്‍, പി കുഞ്ഞപ്പന്‍, എം കോരന്‍. കത്തുന്ന തീയില്‍നിന്ന് പ്രാണനുംകൊണ്ട് പാതിവെന്ത് പുറത്തേക്കു ചാടുന്നവരുടെ മാംസത്തില്‍ ആയുധങ്ങള്‍ ആഞ്ഞാഞ്ഞു പതിച്ചു. ചെന്നായ്ക്കളെപ്പോലെ, പുറകെ ഓടി ആക്രമിച്ചു. ആലവളപ്പില്‍ അമ്പുവിനെ വെട്ടിക്കൊല്ലുമ്പോള്‍ മക്കളായ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് ആളിപ്പടരുന്ന തീയില്‍ കുടുങ്ങി ശ്വാസംമുട്ടുകയായിരുന്നു. ചാലില്‍ കോരന്റെ വലതുകൈ അറുത്തുമാറ്റിയ ശേഷമാണ് കൊന്നത്. പഞ്ചായത്തംഗവും ബാങ്ക് ഡയറക്ടറുമായിരുന്ന പി കുഞ്ഞപ്പനെ തല തല്ലിപ്പൊളിച്ച് പുല്ലില്‍ പൊതിഞ്ഞ് ചുട്ടുകളഞ്ഞു. ബാലകൃഷ്ണന്‍ ചാടിയപ്പോള്‍തന്നെ കമ്പികൊണ്ടുള്ള അടിവീണു. എന്നിട്ടും ഓടി. പിന്തുടര്‍ന്ന് വെട്ടി. ബോധംവന്നപ്പോള്‍ മെല്ലെ ഇഴഞ്ഞ് സ്കൂളിനടുത്ത് എത്തി. എന്റെ ഞരക്കം കേട്ട് അവര്‍ പിന്നെയും ഓടിവന്നു. ഇവന്‍ ചത്തിട്ടില്ലെന്ന് പറഞ്ഞ് തലങ്ങും വിലങ്ങും വെട്ടി. കാല്‍ വേര്‍പെട്ടതുപോലെയായി. ചത്തെന്ന് ഉറപ്പിച്ച് സ്കൂളിന്റെ മൂത്രപ്പുരയിലേക്ക് വലിച്ചിട്ടു.

പിന്നീട് മൂത്രപ്പുരയില്‍ മൃതപ്രായനായ നിലയില്‍ പൊലീസാണ് ബാലകൃഷ്ണനെ കണ്ടെത്തിയത്. നാലുപേരുടെ മരണംകൊണ്ടും കോണ്‍ഗ്രസുകാരുടെ ചോരക്കൊതി അടങ്ങിയില്ല. കയ്യൂരിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കവെയാണ് കെ വി കുഞ്ഞിക്കണ്ണനെ പിടിച്ചത്. അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു. കൊല്ലപ്പെട്ടവരെല്ലാം സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകര്‍. കൊലപാതകികള്‍ നാട്ടിലെ പ്രധാന കോണ്‍ഗ്രസുകാര്‍. ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ മുഖമായിരുന്നു അന്ന് കൊലയാളികള്‍ക്ക്. 1919ലെ വൈശാലി ഉത്സവനാളില്‍ ജാലിയന്‍ വാലാബാഗ് മൈതാനത്ത് ഒത്തുചേര്‍ന്ന സ്വാതന്ത്ര്യപ്പോരാളികളെ വളഞ്ഞിട്ട് വെടിക്കോപ്പുതീരുംവരെ കൊലചെയ്ത വെള്ളപ്പട്ടാളക്കാരന്റെ അതേ ക്രൗര്യം. ചീമേനിയിലെ കൂട്ടക്കൊലയെ ജാലിയന്‍ വാലാബാഗിനോടുപമിച്ചത് ഇ എം എസ്.

ചീമേനി പട്ടണത്തില്‍ അക്കാലത്ത് കോണ്‍ഗ്രസിന്റെ ക്രിമിനല്‍വാഴ്ചയായിരുന്നു. ചീട്ടുകളി, കവര്‍ച്ച, പരസ്യ മദ്യപാനം എന്നിവ പതിവായി. തോക്കും കഠാരയും കൈയിലേന്തി ജനങ്ങളെ ഭയപ്പെടുത്തി അവര്‍ അഴിഞ്ഞാടി. നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ഈ സംഘത്തിന്റെ ഭീഷണി വകവയ്ക്കാതെ ജനങ്ങള്‍ നായനാരുടെ പ്രചാരണത്തിനിറങ്ങി. അനേകം ചെറുപ്പക്കാര്‍ സിപിഐ എമ്മില്‍ സജീവമായി. അത് സഹിക്കവയ്യാതെയാണ് കോണ്‍ഗ്രസ് കൂട്ടക്കൊല ആസൂത്രണംചെയ്തത്. കൊലപാതകംകൊണ്ട് സിപിഐ എം ചീമേനിയില്‍ ഇല്ലാതായില്ല. നാമാവശേഷമായത് കൊലപാതകികള്‍.

ചീമേനിക്ക് കേരളചരിത്രത്തില്‍ സമാനതകളില്ല. മരണം മുന്നിലെത്തിയപ്പോഴും കാണിച്ച ആത്മധൈര്യംകൊണ്ടാണ് അന്ന് പലരും രക്ഷപ്പെട്ടത്. അറുപതോളം പേര്‍ ആക്രമിക്കപ്പെട്ടു. അതില്‍ പരിക്കേറ്റവര്‍ നിരവധി. കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചീമേനി രക്തസാക്ഷികളുടെ സ്മരണയല്ല; നിറഞ്ഞ സാന്നിധ്യംതന്നെയാണ് ആ ഗ്രാമത്തെ ഇന്നും ചുവപ്പിക്കുന്നത്. കൂട്ടക്കൊല നടന്ന ഓഫീസ്, കോണ്‍ഗ്രസിന്റെ നരമേധത്തിന്റെ സ്മരണകളുണര്‍ത്തി അവിടെ ഇന്നുമുണ്ട്- ഒരസ്ഥിപഞ്ജരമെന്നപോലെ. ഇത് സിപിഐ എമ്മിനുമാത്രം അനുഭവിക്കേണ്ടിവന്ന ക്രൂരതയാണ്. മറ്റൊരു പാര്‍ടിയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. ഭരണത്തിന്റെ സംരക്ഷണവും തുടര്‍ന്നും ഭരണം ലഭിക്കുമെന്ന പ്രതീക്ഷയുമാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും ക്രൂരമായി കൊന്നുതള്ളി ആയുധമുയര്‍ത്തി അട്ടഹസിക്കാന്‍ അന്ന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ആ പ്രതീക്ഷ സഫലമായില്ല. ചീമേനിയിലെ ധീരന്‍മാര്‍ ജീവന്‍ നല്‍കിയ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ഇ കെ നായനാര്‍, പിന്നീട് ആ ജനങ്ങള്‍ക്കുമുന്നിലേക്കെത്തിയത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്.

ചീമേനിയില്‍ ചോര ഒഴുകിപ്പരക്കുമ്പോഴും മാംസം കത്തിക്കരിയുമ്പോഴും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെ എന്നായിരുന്നു പ്രമുഖ പത്രങ്ങളുടെ ഭാവം. കണ്‍മുന്നില്‍ കൊലയാളികള്‍ നിന്നപ്പോള്‍ അങ്ങോട്ട് ഒന്ന് പാളിനോക്കാന്‍പോലും അവര്‍ തയ്യാറായില്ല. ഇന്ന്, സിപിഐ എമ്മിനെ കൊലയാളിപ്പട്ടികയില്‍ എത്തിക്കാന്‍ ക്വട്ടേഷനെടുത്തവര്‍ക്ക് ചീമേനിയെ ഓര്‍മയില്ല. ആ അഞ്ചുപേരെ ഓഫീസില്‍ പൂട്ടിയിട്ട് തീയിട്ട് പുറത്തുചാടിച്ച് വെട്ടിക്കൊന്ന അതേ ക്രൂരമനസ്സോടെ, സിപിഐ എമ്മിനെ വളഞ്ഞിട്ടാക്രമിക്കുകയാണവര്‍. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചാണ് സിപിഐ എം ഓരോ ചുവടും മുന്നേറിയത് എന്ന ചരിത്രം മറന്നുകൊണ്ട്.

അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

നീലപ്പടയുടെ തേരോട്ടമായിരുന്നു നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ കലാലയങ്ങളില്‍. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന എന്ന് അന്ന് കെഎസ്യു അഹങ്കരിച്ചു. ആ പ്രാമാണിത്തം തകരാന്‍ തുടങ്ങിയപ്പോള്‍ ആയുധം കൈയിലെടുത്തു. ആ സംഘടനയും അതിന്റെ രാഷ്ട്രീയ യജമാനന്‍മാരും കൊന്നുതള്ളിയ വിദ്യാര്‍ഥികളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ട്, നേതാക്കളുണ്ട്, കെഎസ്യുവിന്റെ തന്നെ പ്രവര്‍ത്തകനുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളേജില്‍ കെഎസ്യു നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന പുതിയ വീട്ടില്‍ ബഷീറിനെ 1990 മാര്‍ച്ച് മൂന്നിനാണ് സഹപ്രവര്‍ത്തകര്‍ പരസ്യമായി ആക്രമിച്ചത്. കോളേജില്‍ കെഎസ്യുവിന് ആധിപത്യമുണ്ടായിരുന്നു. മാഗസിന്‍ എഡിറ്ററായി മത്സരിച്ച ബഷീര്‍ ഏറ്റവുമധികം വോട്ടുനേടി ജയിച്ചു. നന്നായി പ്രവര്‍ത്തിച്ചു. മാഗസിന്‍ ഫണ്ട് ബഷീറിന്റെ കൈയിലെത്തിയതുമുതല്‍ പ്രശ്നമായി. ഓരോ നേതാവിനും വേണം വിഹിതം. ബഷീര്‍ വഴങ്ങിയില്ല. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ക്യാന്റീനിലേക്ക് കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു ബഷീര്‍. വഴിയില്‍ കെഎസ്യു നേതാക്കള്‍ ബഷീറിനെ വിളിച്ച് മാഗസിന്‍ ഫണ്ടിന്റെ കാര്യം പറഞ്ഞു. തര്‍ക്കമായി. ഒടുവില്‍ ക്യാന്റീനടുത്ത് കൂട്ടിയിട്ട വിറക് കെഎസ്യു നേതാക്കള്‍ കൈയിലെടുത്തു. ആദ്യത്തെ അടിയില്‍ത്തന്നെ ബഷീര്‍ വീണു. എഴുന്നേറ്റ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറി മമ്പറം ബിജു വിറകെടുത്ത് എറിഞ്ഞു. ബഷീര്‍ വീണു. ആദ്യം ബോധരഹിതനായി, പിന്നെ ആശുപത്രിയില്‍ മരണത്തിലേക്ക്. രക്തം കൊടുക്കാന്‍പോലും കെഎസ്യുക്കാര്‍ തയ്യാറായില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് രക്തം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ഒരാളുടെ ബന്ധുവായിരുന്ന മുഖ്യപ്രതിക്ക് അഞ്ചുകൊല്ലം തടവുശിക്ഷ കിട്ടി.

നീലക്കൊടിയുടെ സമഗ്രാധിപത്യം തകര്‍ത്തതിന്റെ പകയാണ് 1973ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഷ്റഫിനെ കൊന്ന് കെഎസ്യു തീര്‍ത്തത്. ആദ്യമായി എസ്എഫ്ഐ കോളേജ് യൂണിയന്‍ പിടിച്ചു. ചെയര്‍മാന്‍ എ കെ ബാലന്‍. മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരനായിരുന്ന അഷ്റഫ് ജനറല്‍ ക്യാപ്റ്റന്‍. യൂണിയന്‍ ഉദ്ഘാടനത്തിന് ഇ എം എസിനെ കൊണ്ടുവരാന്‍ തീരുമാനിച്ചു. കെഎസ്യുക്കാര്‍ അസ്വസ്ഥരായി. ആ അസഹിഷ്ണുത കൊലപാതകത്തിലേക്കാണ് നയിച്ചത്. എ കെ ബാലന്‍ പറയുന്നു: ""എനിക്കുനേരെ വരേണ്ട കത്തി അഷ്റഫ് ഓട്ടോയില്‍നിന്ന് ചാടി തടുത്തു"". സിപിഐ എം നേതാവ് ജി സുധാകരന്റെ സഹോദരനാണ് 1977 ഡിസംബറില്‍ പന്തളം എന്‍എസ്എസ് കോളേജില്‍ കൊലചെയ്യപ്പെട്ട ജി ഭുവനേശ്വരന്‍. കെഎസ്യു സംഘം ആയുധങ്ങളുമായി ഭുവനേശ്വരനെ പിന്തുടര്‍ന്ന് ആക്രമിച്ചു. സൈക്കിള്‍ചെയിന്‍കൊണ്ട് അടിയേറ്റ് കണ്ണുതകര്‍ന്ന് മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് മുറിയില്‍ ഓടിക്കയറിയപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അധ്യാപകരെ തള്ളിമാറ്റി ആക്രമിച്ചു. ബോധരഹിതനായ ഭുവനേശ്വരന്റെ മുഖത്ത് വെള്ളം തളിച്ച് കണ്ണുതുറപ്പിച്ച് വീണ്ടും ആക്രമിച്ചു. അഞ്ചുദിവസം ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നശേഷമാണ് ഭുവനേശ്വരന്‍ അന്ത്യശ്വാസം വലിച്ചത്. അന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്നു ജി സുധാകരന്‍.

""തലകീഴാക്കി പലവട്ടം നിലത്തിടിച്ചതിനാല്‍ തലച്ചോറ് തകര്‍ന്നുപോയിരുന്നു. 17 വയസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഭുവനേശ്വരന്‍ സിപിഐ എം കാന്‍ഡിഡേറ്റ് അംഗവുമായിരുന്നു"". പട്ടാമ്പി സംസ്കൃതകോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ സെയ്താലിയെ തല്ലിയും കുത്തിയും കൊല്ലാന്‍ കെഎസ്യുവിന് കൂട്ടായി എബിവിപിയും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന പി കെ രാജനെ 1979 ഫെബ്രുവരി 24നാണ് കെഎസ്യുക്കാര്‍ കൊന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സി വി ജോസ്. കോളേജിലെ രണ്ട് പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് എം എസ് പ്രസാദിനോടൊപ്പം ജോസ് ആക്രമിക്കപ്പെട്ടത്. ഇടത് നെഞ്ചില്‍ കത്തി തറച്ചുകയറി. ആശുപത്രിയില്‍ എത്തുംമുമ്പേ മരിച്ചു. ജോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായിരുന്ന എം എസ് പ്രസാദിനെ വിചാരണ തുടങ്ങുംമുമ്പ് കൊന്നുകളഞ്ഞു. 1985ലെ തിരുവോണനാളിലാണ് പ്രസാദിനെ വധിച്ചത്. കുത്തേറ്റ് പ്രാണന്‍ രക്ഷിക്കാന്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറി കട്ടിലില്‍ കമിഴ്ന്നുവീണ പ്രസാദിനെ പതിനേഴുതവണ കുത്തി മരണമുറപ്പാക്കി. എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു പ്രസാദ്.

കോട്ടയം മണര്‍ക്കാട് സെന്റ് മേരീസ് കോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെയാണ് സാബുവിനെ കോണ്‍ഗ്രസുകാര്‍ കൊന്നത്. കെഎസ്യു നടത്തിയ കൊലപാതകങ്ങളെല്ലാം ഏറെക്കുറെ പരസ്യമായിരുന്നു; പട്ടാപ്പകലായിരുന്നു. കലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ യുവജനോത്സവ വേദിയിലാണ് എസ്എഫ്ഐ ഒല്ലൂര്‍ ഏരിയ പ്രസിഡന്റായിരുന്ന കൊച്ചനിയനെ പൊലീസിന് മുന്നിലിട്ട് 1992 ഫെബ്രുവരി 29ന് കൊന്നത്. താമരശേരിയില്‍ എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ജോബി ആന്‍ഡ്രൂസും പരസ്യമായാണ് കൊലചെയ്യപ്പെട്ടത്. 1992 ജൂലൈ 15ന് കെഎസ്യു-എംഎസ്എഫ് സംഘം ജോബിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ 2012 മാര്‍ച്ച് 18ന് കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത് ഈ ശ്രേണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്. മുല്ലപ്പെരിയാറിന്റെ പേരില്‍ തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷിനെ കുത്തിക്കൊന്നത്.

പൊലീസ് മര്‍ദനത്തിലും വര്‍ഗീയവാദികളുടെ കൈകളാലും ഒട്ടേറെ പ്രവര്‍ത്തകരെയും നേതാക്കളെയും എസ്എഫ്ഐക്ക് നഷ്ടപ്പെട്ടു. കെ വി സുധീഷ് മറക്കാനാകാത്ത പേര്. എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന സുധീഷ് സ്വന്തം വീട്ടില്‍ കിടന്നുറങ്ങവെ ആര്‍എസ്എസ് സംഘം വിളിച്ചുണര്‍ത്തി കൊല്ലുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് സുധീഷിനെ 38 തവണ വെട്ടി. രക്തവും മാംസച്ചീളുകളും മാതാപിതാക്കളുടെ മുഖത്തും ശരീരത്തും തെറിച്ചുവീണു. എസ്എഫ്ഐക്കുനേരെ അക്രമത്തിന്റെ ചാപ്പകുത്ത് മാത്രമല്ല നടന്നത്. കെഎസ്യുക്കാര്‍ സ്വന്തം പ്രവര്‍ത്തകന്റെ ശരീരത്തില്‍ ചാപ്പകുത്തി അത് എസ്എഫ്ഐയുടെ തലയിലിട്ട് നടത്തിയ പ്രചാരണങ്ങളും അതു പച്ചക്കള്ളമെന്ന് തെളിഞ്ഞതും സമീപകാല ചരിത്രം. ഒരു കലാലയത്തിലും എസ്എഫ്ഐയുടെ കൈകൊണ്ട് ഒരാളും മരിച്ചിട്ടില്ല. എന്നിട്ടും എസ്എഫ്ഐയെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നു. മാധ്യമനുണകളുടെ കുത്തൊഴുക്കില്‍ തളരാതെ പതറാതെ എസ്എഫ്ഐ മുന്നേറുന്നു. ഖദറിട്ട രാഷ്ട്രീയ കാപട്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ സ്തുതിഗീതം രചിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായി എസ്എഫ്ഐ അജയ്യമായി യാത്ര തുടരുന്നു-ഗ്രാമങ്ങളെയും നഗരങ്ങളെയും മാത്രമല്ല, അക്ഷരക്ഷേത്രങ്ങളെയും കൊലക്കളമാക്കിയ ഖദര്‍ രാഷ്ട്രീയത്തോടുള്ള പുതു തലമുറയുടെ രോഷംകൂടിയാണ് ഈ വളര്‍ച്ച.

കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"

രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന എ കെ ജിയെക്കുറിച്ച്, ""കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"" എന്നു മുദ്രാവാക്യം മുഴക്കിയതില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മനസ്സ് കേരളം തെളിഞ്ഞുകണ്ടു. ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച, പാവങ്ങളുടെ പടത്തലവനായി രാജ്യത്തെ ജനങ്ങള്‍ ആദരിച്ച എ കെ ജി ശത്രുക്കളുടെയും ആദരം നേടിയിട്ടേയുള്ളൂ. കമ്യൂണിസ്റ്റുകാരോട് എന്നും കയര്‍ത്ത കത്തോലിക്ക സഭപോലും എ കെ ജിയെ മഹാനായ മനുഷ്യസ്നേഹിയായാണ് കണ്ടത്. ആ പ്രോജ്വല ജീവിതം ഇനിയും നീട്ടിക്കിട്ടണമെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളാകെ ഉള്ളുരുകി ആശിക്കുമ്പോഴാണ്, "രോഗം വന്ന് അവശനായിട്ടും എന്താണ് ഗോപാലന്‍ മരിക്കാത്തതെ"ന്ന ചോദ്യം ഗാന്ധിശിഷ്യന്‍മാരില്‍നിന്നുയര്‍ന്നത്.

"മാവിലായി മാടനാ"യിരുന്നു അവര്‍ക്കന്ന് എ കെ ജി. അദ്ദേഹത്തിന്റെ അവസാന നാളുകളിലെ പോരാട്ടം അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ് ഭീകരവാഴ്ചയ്ക്കെതിരായിരുന്നു. രാജനും കണ്ണനും വിജയനും കൊല്ലപ്പെട്ട അടിയന്തരാവസ്ഥ. പൊലീസും കോണ്‍ഗ്രസുകാരും താണ്ഡവമാടിയ നാളുകള്‍. ഖദറിട്ടവര്‍ ആജ്ഞാപിച്ചു-കാക്കിയിട്ടവര്‍ അനുസരിച്ചു. പൊലീസ് സേനയെ ഭരണകക്ഷിയുടെ പാദസേവകരാക്കി അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിച്ചു. കേസുകള്‍ അട്ടിമറിച്ചു. സിപിഐ എം നേതാക്കള്‍ കൂട്ടത്തോടെ ജയിലില്‍. കേരള രാഷ്ട്രീയത്തില്‍ ബോംബ് കടന്നുവന്നത് അടിയന്തരാവസ്ഥയിലാണ്. 1976 ജൂണ്‍ അഞ്ചിന് മമ്പറത്തുനിന്ന് രണ്ടുജീപ്പില്‍ ബോംബുകളുമായി കോണ്‍ഗ്രസിന്റെ പ്രമുഖ ഗുണ്ടാസംഘം പുറപ്പെട്ടു. പൊലീസ് അവരെ യാത്രയയച്ചു എന്നു പറയാം. ജീപ്പുകള്‍ നേരെ ചെന്നത് പിണറായിക്കടുത്ത പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയിലേക്കാണ്. തൊഴിലിടങ്ങളും പാര്‍പ്പിടങ്ങളും സുരക്ഷിതമാണെന്ന വിശ്വാസം അന്ന് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് ബീഡിക്കമ്പനിയിലേക്ക് ഇരച്ചുകയറിയ സംഘം ഇരുമ്പുപാരകളും കൊടുവാളുകളുമായി അഴിഞ്ഞാടി. ബീഡിയിലയും പുകയിലയും ചിതറിപ്പരന്ന നിലത്ത് കൊളങ്ങരത്ത് രാഘവന്‍ എന്ന തൊഴിലാളിയെ വെട്ടിവീഴ്ത്തി. പെരളശ്ശേരി സ്വദേശിയായ, സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനായ രാഘവനെ അക്ഷരാര്‍ഥത്തില്‍ വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കമ്പനിക്കകത്ത് പാലേരി അച്യുതന്റെ ഒന്നര വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ പിടിച്ചുവാങ്ങി ദൂരേക്കെറിഞ്ഞു. അക്രമികള്‍ക്കുപിന്നാലെ പൊലീസ് എത്തി. നിരവധിപേര്‍ സാരമായ പരിക്കോടെ കിടക്കുമ്പോള്‍ അവരെയും ആക്രമിക്കുകയായിരുന്നു അടിയന്തരാവസ്ഥയുടെ പൊലീസ്. രാഘവന്‍ വധക്കേസിലെ പ്രധാന പ്രതി മമ്പറം ദിവാകരന്‍ ഇന്ന് കെപിസിസി സെക്രട്ടറിയാണ്. കൊലക്കേസ് തെളിയിക്കപ്പെട്ട് ഏഴുകൊല്ലം ജയിലില്‍ കിടന്നശേഷവും ഖദര്‍കുപ്പായവും നേതൃപദവിയും മാന്യതയും ദിവാകരന് കല്‍പ്പിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. ദിവാകരന് സ്തുതി പാടാന്‍ മാതൃഭൂമിയും മനോരമയും ഇന്നും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഭവങ്ങള്‍ അടിയന്തരാവസ്ഥയ്ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് കണ്ണൂര്‍ കുറ്റൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ സി പി കരുണാകരന്‍ വധമാണ്. 1967 സപ്തംബര്‍ 11നാണ് കരുണാകരനെ കുത്തിക്കൊന്നത്. പ്രധാന പ്രതികളില്‍ കെ പി നൂറുദീന്‍ എന്ന പേരുണ്ടായിരുന്നു. ആ പ്രതിയെ പിന്നീട് കോണ്‍ഗ്രസ് എംഎല്‍എയാക്കിയും മന്ത്രിയാക്കിയും ആദരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ജില്ലയുടെ യഥാര്‍ഥ ഭരണാധികാരി എന്‍ രാമകൃഷ്ണനായിരുന്നു. അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാകമാന്‍ഡര്‍. ഭീകരഭരണത്തിനിടെ കോണ്‍ഗ്രസുകാരന്‍ കോണ്‍ഗ്രസുകാരനെ കൊല്ലുന്ന അവസ്ഥപോലുമുണ്ടായി. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വിലക്കായിരുന്നു. കാവുമ്പായി രക്തസാക്ഷി ദിനാചരണംപോലും വിലക്കി. അതു വകവയ്ക്കാതെ പതാക ഉയര്‍ത്താന്‍ പോയപ്പോഴാണ് കണാരന്‍വയലിലെ സി എം ജോസിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ പിന്തുടര്‍ന്ന് കൊന്നത്. ജോസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയിലാകെ എല്ലാ ഭീഷണിയെയും അവഗണിച്ച് പണിമുടക്കും പ്രതിഷേധപ്രകടനങ്ങളും നടന്നു. അക്രമത്തിന് പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു ക്യാമ്പ് തോലമ്പ്രയിലായിരുന്നു. രാപ്പകലില്ലാതെ അഴിഞ്ഞാടിയ ക്രിമിനലുകളെ സിപിഐ എം പ്രവര്‍ത്തകര്‍ ചെറുത്തു. ആ വിരോധമാണ് 1977 ജൂലൈ 11ന് കുന്നുമ്പ്രോന്‍ ഗോപാലനെ കൊല്ലുന്നതില്‍ കലാശിച്ചത്. ചിറ്റാരിപ്പറമ്പ്, ഇടുമ്പയിലെ സിപിഐ എം പ്രവര്‍ത്തകനായിരുന്നു കുന്നുമ്പ്രോന്‍. കാല്‍ വെട്ടിമാറ്റിയശേഷമാണ് അദ്ദേഹത്തെ കൊന്നത്.

കക്കയത്ത് പൊലീസ് ക്യാമ്പിലാണ് നരമേധം നടന്നതെങ്കില്‍, മറ്റു പലേടത്തും സമാനമായ കോണ്‍ഗ്രസ് ഗുണ്ടാ ക്യാമ്പുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ആയുധം രാകി. ആ സമയത്ത്, ഇന്ദിരയുടെ ഇരുപതിനത്തിന് സ്തുതിപാടുകയും അടിയന്തരാവസ്ഥയുടെ മഹത്വം വാഴ്ത്തുകയുമായിരുന്നു മാധ്യമങ്ങള്‍. സിപിഐ എം നേതാക്കള്‍ മിക്കവരും ജയിലിലോ ഒളിവിലോ ആയിരുന്നു അന്ന്. പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎല്‍എ. അദ്ദേഹത്തെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോയി കൂത്തുപറമ്പ് ലോക്കപ്പിലിട്ട് നേരം വെളുക്കുവോളം മര്‍ദിച്ചു. അഞ്ചുപേര്‍ മാറിമാറി ബോധരഹിതനാകുംവരെ തല്ലി. പിണറായിയെ അവസാനിപ്പിക്കാന്‍ മമ്പറത്ത് ഗുണ്ടാപ്പട സ്ഥിരമായി തമ്പടിച്ചു. അക്രമങ്ങളില്‍ രോഷാകുലനായ എ കെ ജിക്ക് പെരളശ്ശേരിയിലെ സ്ത്രീകളോട് തിരിച്ചടിക്കാന്‍ ആഹ്വാനംചെയ്യേണ്ടിവന്നു. പശ്ചിമ ബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ മറ്റൊരു പതിപ്പായിരുന്നു അന്ന് കേരളത്തിലാകെ.

പക്ഷേ, അന്നും സിപിഐ എമ്മിനെതിരെ കഥകള്‍ പ്രചരിച്ചു. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതാക്കള്‍പോലും സിപിഐ എമ്മിനെ ഒറ്റുകൊടുത്തു-പൊലീസിനും ഗുണ്ടകള്‍ക്കും. വെളുത്ത ചിരിക്കും നീലംമുക്കിയ ഖദറിനുമുള്ളില്‍ അറവുകാരന്റെ മനസ്സും ക്രൂരതയുമാണെന്നതിന് അടിയന്തരാവസ്ഥയുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. കൊലപാതകത്തിന്റെ, ആക്രമണത്തിന്റെ, പിടിച്ചുപറിയുടെ, കൊടും പീഡനത്തിന്റെ, സ്വാതന്ത്ര്യ നിഷേധത്തിന്റെ, പൊലീസ് താണ്ഡവത്തിന്റെ, ഒറ്റുകൊടുക്കലിന്റെ എണ്ണമറ്റ കഥകള്‍ അതിലുണ്ട്. എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നതുപോലെ, അന്ന് കേരളത്തിന്റെ ജനാധിപത്യത്തെയും ഉരുട്ടുകയായിരുന്നു. 

കോണ്‍ഗ്രസിന്റെ "ഫയറിങ് ശക്തി"



ഇരുപതു വര്‍ഷംമുമ്പാണ്. രാഷ്ട്രീയ അക്രമങ്ങളുടെ വേര് തേടി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ണൂരിലെത്തി. കണ്ണൂര്‍ ജില്ലയല്ലേ, സിപിഐ എം ഭീകരതയാണ് അവിടെ എന്നാണ് പറഞ്ഞുകേട്ടത്. അവിടെച്ചെന്ന് അന്വേഷിച്ചപ്പോള്‍ അതുവരെ കേട്ട ചിത്രമല്ല തെളിഞ്ഞത്. ഉപായത്തില്‍ ചില കോണ്‍ഗ്രസുകാരുമായി അടുത്തു. കോണ്‍ഗ്രസിന്റെ "ശക്തി"യെക്കുറിച്ച് അവര്‍ വാചാലരായി. പലതരം ബോംബുകളുണ്ട്; വേണമെങ്കില്‍ കാണിച്ചുതരാം; പക്ഷേ സുധാകരേട്ടന്റെ സമ്മതം വേണം. ഉടന്‍കിട്ടി സമ്മതം. ""നമ്മുടെ ഫയറിങ്ങ് ശക്തി സിപിഎമ്മുകാര്‍ ഒന്നറിയട്ടെ"" എന്ന് നേതാവിന്റെ പ്രതികരണം. ആയുധം സൂക്ഷിച്ച കേന്ദ്രത്തിലേക്ക് കാര്‍ വിളിച്ച പത്രപ്രവര്‍ത്തകനോട് കണ്ണൂര്‍ നഗരമധ്യത്തില്‍വച്ച് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്, നടന്നുപോകാം എന്ന്. എത്തിയത് മറ്റെവിടെയുമല്ല. തളാപ്പിലെ ഡിസിസി ഓഫീസില്‍. അര്‍ധരാത്രിയായിരുന്നു. ചെന്നയുടന്‍ അകത്തുകൊണ്ടുപോയി. പലതരം ബോംബുകള്‍ കാണിച്ചു. പടമെടുക്കാന്‍ സൗകര്യംചെയ്തു. ഒരാള്‍ മുഖംമൂടി ധരിച്ച് ബോംബുമായി ചിത്രത്തിന് പോസ് ചെയ്തു. ഒരു നിബന്ധന മാത്രം. വാര്‍ത്തയില്‍ ഡിസിസി ഓഫീസിലാണ് ബോംബ് ശേഖരം എന്ന് എഴുതരുത്. അത് പാലിക്കപ്പെട്ടു. പക്ഷേ, അച്ചടിച്ചു വന്ന ചിത്രത്തില്‍ ഡിസിസി ഓഫീസിന്റെ ചുവരും അതിലെ പെയിന്റും നാട്ടുകാര്‍ വ്യക്തമായി കണ്ടു. വിവിധതരം ബോംബുകള്‍ നിര്‍മിക്കാറുണ്ടെന്നും ഡിസിസി ഓഫീസില്‍ സൂക്ഷിക്കാറുണ്ടെന്നും ഡിസിസി സെക്രട്ടറി തന്നെ ഏറ്റുപറഞ്ഞു. ഈ ബോംബുകളാണ് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെക്കാലം നിന്നുപൊട്ടിയത്. 

എന്‍ രാമകൃഷ്ണനില്‍നിന്ന് കണ്ണൂരിലെ ഗുണ്ടാപ്പടയുടെ കമാന്‍ഡ് ഏറ്റെടുത്തത് കെ സുധാകരന്‍. കോണ്‍ഗ്രസിലെ ഈ പുത്തന്‍കൂറ്റുകാരന്‍ മുന്‍കാല നേതാക്കളെയാകെ ഒതുക്കിയാണ് നേതൃത്വം പിടിച്ചത്. കടയില്‍ ചായകുടിച്ചിരുന്ന യുവാവിനെ വെടിവച്ചുകൊന്നശേഷം ""അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും"" എന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ഒരാളേ കേരളത്തിലുള്ളൂ- സുധാകരനാണത്. എല്ലാ അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും മാര്‍ക്സിസ്റ്റ് അക്രമ മുറവിളികൂട്ടി രക്ഷപ്പെടുകയുമെന്നത് എക്കാലത്തെയും കോണ്‍ഗ്രസ് തന്ത്രം. അന്നും ഒരു "അക്രമവിരുദ്ധജാഥ" നടത്തി. ജാഥാനേതാവ് സുധാകരന്‍. ജാഥ മട്ടന്നൂരിനടുത്ത് ഇടവേലിക്കലിലെത്തി. നാല്‍പ്പാടി വാസുവും നാരോത്ത് സദാനന്ദനുമടക്കമുള്ള തൊഴിലാളികള്‍ അവിടെ കടയിലിരുന്ന് ചായകുടിക്കുന്നു. ജാഥ പോകുമ്പോള്‍ അവര്‍ പരിഹസിച്ചതായി തോന്നി. അക്രമ വിരുദ്ധ ജാഥയുടെ വാഹനം നിര്‍ത്തി ഗാന്ധിശിഷ്യര്‍ കടയിലേക്ക് ഇരച്ചുകയറി അവിടെയുള്ളവരെ തല്ലി. ഭയന്ന് ഓടിയ വാസുവിനെ സുധാകരന്റെ ഗണ്‍മാന്‍ വെടിവച്ചുകൊന്നു. കൊല നടത്തിയശേഷം മട്ടന്നൂരിലെത്തിയ സുധാകരന്‍ അവിടെ പൊതുയോഗത്തിലാണ്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ആ കൊലയ്ക്ക് ന്യായീകരണമായി ജാഥയെ ആക്രമിച്ചു എന്നൊരു കഥ പടച്ചു-അതിന് പക്ഷേ അച്ചടിച്ച മനോരമയുടെ വിലയേ ഉണ്ടായുള്ളൂ. സുധാകരനടക്കം 13 പേര്‍ക്കെതിരെ നാല്‍പ്പാടി വാസു വധക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സുധാകരന്റെ നേരിട്ടുള്ള പങ്ക് സംശയാതീതം തെളിഞ്ഞു. എന്നാല്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് അട്ടിമിറച്ചു. കുറ്റപത്രത്തില്‍നിന്ന് സുധാകരന്റെ പേര്‍ ഒഴിവായി. 

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്താണ് സേവറി എന്ന ഹോട്ടല്‍. 1992 ജൂണ്‍ 13ന് ഉച്ചയ്ക്ക് ഊണ്‍ സമയത്താണ് അവിടെ ബോംബാക്രമണമുണ്ടായത്. ഊണ്‍ വിളമ്പുകയായിരുന്ന സി പി ഐ എം പ്രവര്‍ത്തകന്‍ കെ നാണു കൊല്ലപ്പെട്ടു. ഡിസിസി ഐ ഓഫീസില്‍നിന്ന് നേരിട്ട് എത്തിയാണ് സുധാകരന്‍സംഘം "കൃത്യം" നിര്‍വഹിച്ചത്. 

തല്ലിക്കൊല്ലലില്‍ തുടങ്ങി കത്തിയും വാളും ബോംബും കടന്ന് തോക്കിലെത്തിയ കൊലപാതക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയിലും വളര്‍ച്ചയിലും മുഖ്യ സംഭാവന കോണ്‍ഗ്രസിനാണ്. നേതാക്കളെ വകവരുത്തിയാല്‍ പ്രസ്ഥാനം തകര്‍ക്കാമെന്ന ചിന്തയും ഖദറിനുള്ളില്‍ ജനിച്ചതുതന്നെ. പിണറായി വിജയനെ കൊല്ലുക എന്ന ആശയം സുധാകരന്റെയും എം വി രാഘവന്റെയും കൂടിയാലോചനയിലാണ് മൊട്ടിട്ടത്. അതിന് ആര്‍എസ്എസുകാരായ പ്രൊഫഷണല്‍ കില്ലര്‍മാരെ വാടകയ്ക്കെടുത്തതും അവര്‍തന്നെ. പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും കൊലയാളികള്‍ക്ക് കിട്ടിയില്ല- കിട്ടിയത് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജനെ. ഇ പി പറയുന്നു:
""സിപിഐ എമ്മിന്റെ പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചണ്ഡീഗഢില്‍നിന്ന് തിരിച്ചുവരുമ്പോള്‍ രാജധാനി എക്സ്പ്രസില്‍വച്ചാണ് എനിക്ക് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ ചിരാലയില്‍വച്ച് ഭാര്യ, ഭാര്യയുടെ സഹോദരി കൂടിയായ പി കെ ശ്രീമതി ടീച്ചര്‍, എം വിജയകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഞാന്‍ യാത്ര ചെയ്തിരുന്നത്. ടോയ്ലറ്റിനടുത്ത് ചെന്ന് വാഷ്ബേസിനില്‍ മുഖം കഴുകിക്കൊണ്ടിരിക്കെ പിറകില്‍നിന്ന് അരടി കിട്ടിയതുപോലെ തോന്നി. കഴുത്തിനുമേല്‍ തലയുടെ പിന്‍ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി. വണ്ടിയില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നതിനാലും വൈകാതെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാലുമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. അതൊരത്ഭുതമായിട്ടാണ് എനിക്കുതന്നെ തോന്നുന്നത്"" 

ഇ പി ഇന്ന് അസഹ്യമായ വേദനതിന്നുകൊണ്ടാണ് ജീവിക്കുന്നത്. പിടലിയില്‍ വെടിയുണ്ടയുടെ അംശം ഇപ്പോഴുമുണ്ട്. അതുകൊണ്ടുള്ള കടുത്ത തലവേദന. ഇടയ്ക്ക് തലകറങ്ങി വീഴുന്ന അവസ്ഥ. ഇ പിയെ വെടിവച്ച വിക്രം ചാലില്‍ ശശി, ദിനേശന്‍ എന്നിവര്‍ അന്നുതന്നെ പൊലീസിന്റെ പിടിയിലായി. റെയില്‍വേ പൊലീസിനും പിന്നീട് റെയില്‍വേ മജിസ്ട്രേട്ട് കോടതിയിലും കൊടുത്ത മൊഴിയില്‍ അവര്‍ പറഞ്ഞു: മന്ത്രി (അന്നത്തെ) എം വി രാഘവനും കെ സുധാകരനും ഗൂഢാലോചന നടത്തിയാണ് തങ്ങളെ നിയോഗിച്ചയച്ചത്. തോക്കുകള്‍ തന്നതും ചെലവിനുള്ള പണം എത്തിച്ചുതന്നതും ഡല്‍ഹിയില്‍ താമസസൗകര്യമൊരുക്കിയതും കെ സുധാകരനാണ്. അതനുസരിച്ച് പൊലീസ് കേസെടുത്തു. സുധാകരന്‍ മാസങ്ങളോളം ഒളിവിലായി. സുധാകരനെ രക്ഷിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കിണഞ്ഞു ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചു. 

ഉത്തരേന്ത്യന്‍ മോഡല്‍ മാഫിയാ രാഷ്ട്രീയത്തിന്റെയും വാടകക്കൊലയാളികളുടെയും കേരളത്തിലെ അരങ്ങേറ്റമായിരുന്നു അത്. സിപിഐ എമ്മിന്റെ നേതൃത്വത്തെ ഇല്ലാതാക്കാനാണ് വാടകക്കൊലയാളി സംഘവും തോക്കും പണവും ഉപയോഗിക്കപ്പെട്ടത്. വിക്രംചാലില്‍ ശശി ആര്‍എസ്എസില്‍നിന്ന് ശിവസേനയിലെത്തിയ കൊടും ക്രിമിനല്‍. പേട്ട ദിനേശനാകട്ടെ കെ വി സുധീഷ് വധമുള്‍പ്പെടെ അനേകം കേസുകളിലെ മുഖ്യ പ്രതി (ഇപ്പോഴും ജയിലില്‍). ആ രണ്ടുപേരെയാണ് ക്വട്ടേഷന്‍ സംഘമായി അയച്ചത്. രാഷ്ട്രീയത്തിലെ രണ്ട് ക്രിമിനലുകള്‍ കൊലപാതകം തൊഴിലാക്കിയ രണ്ടുപേരുമായി ഒത്തുചേര്‍ന്നുള്ള ആ ക്വട്ടേഷന്‍ സംഘത്തേക്കാള്‍ വലിയ ഒന്ന് കേരളത്തില്‍ അതിനുമുമ്പും പിന്നെയും ഉണ്ടായിട്ടില്ല. ജയിലില്‍ കഠിനതടവനുഭവിക്കേണ്ടവര്‍ യുഡിഎഫിന്റെ പരമോന്നത നേതൃത്വത്തിലാണ് ഇന്നും.

കഥാനന്തരം കല്ലാച്ചിയിലെ ചോര






ഒരു ബലാത്സംഗകഥയാണ് കല്ലാച്ചി അങ്ങാടിയില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ശരീരം തുണ്ടുതുണ്ടാക്കിയത്. ടാക്സി ഡ്രൈവറായിരുന്നു ഈന്തുള്ളതില്‍ ബിനു. 2001 ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിന് വണ്ടി ഒതുക്കി പുറത്തിറങ്ങുമ്പോഴാണ് ഒരു ജീപ്പിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി ബിനുവിനെ പിടച്ചില്‍ മാറുന്നതുവരെ വെട്ടിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ കുടിയേറിയ തീവ്രവാദികള്‍ നടത്തിയ അതിക്രൂരമായ കൊല. നാദാപുരത്ത് പതിവായിരുന്ന സംഘര്‍ഷത്തിനിടെയായിരുന്നില്ല അത്. ആ വര്‍ഷം ജനുവരിയിലുണ്ടായ സംഘട്ടനങ്ങളുടെ കാലം തെറ്റിയ തുടര്‍ച്ച. ജനുവരിമുതല്‍ മുസ്ലിംലീഗ്-എന്‍ഡിഎഫും കിരാത ആക്രമണത്തിനു വേദിയായിരുന്നു നാദാപുരം. ചെക്യാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പി വി സന്തോഷിനെ വെടിവച്ചു കൊന്നു. വീടുകളും കടകളും തീവച്ചു നശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടു. സഹികെട്ട ഘട്ടങ്ങളില്‍ തിരിച്ചടി നല്‍കിയതിനൊപ്പം സിപിഐ എം പ്രവര്‍ത്തകര്‍ ലീഗ് ആക്രമണങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ ശ്രദ്ധിച്ചു.


നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരുന്നു. ആ ഘട്ടത്തിലാണ്, തെരുവംപറമ്പില്‍ മുസ്ലിംസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കഥ പിറന്നത്. കേരളത്തിലുടനീളം യുഡിഎഫും എന്‍ഡിഎഫും ബിജെപിയും പത്രങ്ങളും ബലാത്സംഗകഥ കൊണ്ടാടി. ന്യൂനപക്ഷ കമീഷനെയും വനിതാ കമീഷനെയും രംഗത്തിറക്കി. നാദാപുരത്തെ സ്ത്രീയുടെ മാനത്തിന്റെ വില തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെ ബോധ്യപ്പെടുത്തണമെന്ന വൈകാരികമായ ആഹ്വാനമുയര്‍ന്നു. സോണിയ ഗാന്ധിയെക്കൊണ്ട്, "ഇര"യ്ക്ക് സഹായം കൊടുപ്പിച്ചു. അന്ന് മലയാള മനോരമ പത്രം വനിതാ കമീഷനെ ഉദ്ധരിച്ച് നല്‍കിയ വാര്‍ത്ത ഇങ്ങനെ:

നാദാപുരത്ത് ലൈംഗിക പീഡനം ഉണ്ടായെന്ന് വനിതാ കമീഷന്‍ കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പില്‍ വീട്ടമ്മയ്ക്കും എട്ടു വയസ്സായ മകള്‍ക്കും ക്രൂരമായ രീതിയില്‍ ലൈംഗിക പീഡനം ഏറ്റിട്ടുണ്ടെന്ന് വനിതാകമീഷന്‍ നിഗമനത്തിലെത്തി. അമ്മയും മകളും ഇതിനകം വെളിപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് കമീഷന്‍ രണ്ടുദിവസമായി നടത്തിയ തെളിവെടുപ്പില്‍ ബോധ്യപ്പെട്ടതായി കമീഷന്‍ അംഗങ്ങളായ റോസമ്മ പുന്നൂസ്, എം കമലം, അഡ്വ. നൂര്‍ബിന റഷീദ് എന്നിവര്‍ പറഞ്ഞു. ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമീഷന്‍ അംഗങ്ങള്‍ കരുതുന്നു. പരാതിയില്‍ ലോക്കല്‍ പൊലീസ് പെട്ടെന്ന് പ്രതികരിച്ചില്ല. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്തില്ല... നാദാപുരം മാനഭംഗക്കേസ് സംബന്ധിച്ച് കമീഷന്‍ നല്‍കുന്ന ശുപാര്‍ശയില്‍ സ്ത്രീക്ക് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെടും... ഭര്‍ത്താവിന്റെ അസുഖം കാരണം ചെയര്‍പേഴ്സണ്‍ സുഗതകുമാരി വന്നിരുന്നില്ല. മറ്റൊരംഗം ടി ദേവി വരാമെന്ന് സമ്മതിച്ചിരുന്നെങ്കിലും അവസാനം എത്തിയില്ല. രാവിലെ വനിതാ കമീഷന്‍ ആദിവാസി സ്ത്രീകള്‍ക്കായി നടത്തിയ സെമിനാറില്‍ ദേവി സംബന്ധിച്ചിരുന്നു. ടി ദേവി സിപിഐ എം പ്രതിനിധിയാണ്. അവര്‍ ബോധപൂര്‍വം മാറിനിന്നു എന്ന് ധ്വനി. ഇതായിരുന്നു അന്ന് പ്രചരിപ്പിച്ച വാര്‍ത്തകളുടെയാകെ രീതി. ലൈംഗിക പീഡനം നടന്നു; അത് ക്രൂരമായിരുന്നു എന്നുറപ്പിച്ചുകൊണ്ടുള്ള നുണകളുടെ അനുസ്യൂതപ്രവാഹം.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയത്തിലേക്കു നയിച്ച പ്രധാന സംഭവങ്ങളിലൊന്ന് ഈ ബലാത്സംഗമായിരുന്നു. കേസില്‍ ഒന്നാം പ്രതിയാക്കിയത് ഈന്തുള്ളതില്‍ ബിനുവിനെ. ആ ബിനുവിനെയാണ് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍, പരസ്യമായി വധിച്ചുകളഞ്ഞത്. ബലാത്സംഗകഥയ്ക്ക് പക്ഷേ ഏറെ ആയുസുണ്ടായില്ല. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും മെഡിക്കല്‍ പരിശോധനയിലും ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നു വ്യക്തമായി. ലീഗ് നേതൃത്വത്തിന്റെ ചതിയില്‍പ്പെട്ടതായി ബലാത്സംഗക്കഥയിലെ സ്ത്രീയുടെ ഭര്‍ത്താവിന് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയേണ്ടിവന്നു. കുറ്റ്യാടി മഹല്ല് പള്ളി ഖാദിയും ഖത്വീബുമായിരുന്ന മൊയ്തു മൗലവിക്ക് യാഥാര്‍ഥ്യം അറിയാമായിരുന്നു. അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു: ""അവിടെ മാനഭംഗം നടന്നിട്ടില്ല, അത് കെട്ടിച്ചമച്ച കഥയാണ്."" ഇന്ന് തെരുവംപറമ്പിലെ മാനഭംഗത്തെക്കുറിച്ച് രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ ഓര്‍ക്കുകപോലുമില്ല. ബിനുവിന്റെ ചിതറിത്തെറിച്ച ചോരയും മാംസച്ചീളുകളും പക്ഷേ കല്ലാച്ചിയിലെ സാധാരണക്കാര്‍ക്ക് മറക്കാനാകുന്നില്ല. ബലാത്സംഗം നടന്നെന്നു പറഞ്ഞ സമയത്ത് താന്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലായിരുന്നു എന്ന് ആണയിട്ടു പറഞ്ഞിട്ടുപോലും ബിനുവിനോട് കാപാലികര്‍ ഒരിറ്റ് ദയ കാട്ടിയില്ല. ബോംബും വടിവാളും കൊണ്ടുവന്നവര്‍ മാത്രമല്ല ആ കൊലപാതകക്കേസിലെ പ്രതികള്‍. അതില്‍ അന്നത്തെ യുഡിഎഫ് ഉന്നതരും മാധ്യമങ്ങളുമുണ്ട്. ഒരു ഇല്ലാക്കഥ ക്രൂരമായി പ്രചരിപ്പിച്ചുറപ്പിച്ചതിന്റെ അവസാനമായിരുന്നു ബിനുവിന്റെ നുറുക്കപ്പെട്ട ശരീരം.

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ബിജെപിയും അനേകം സിപിഐ എം പ്രവര്‍ത്തകരുടെ ജീവനെടുത്തിട്ടുണ്ട്. മേപ്പയൂര്‍ പട്ടണമധ്യത്തില്‍ 1987 ഡിസംബര്‍ 28ന് സന്ധ്യക്ക് ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ഇബ്രാഹിമടക്കം അനേകംപേര്‍. സിപിഐ എം ഇരുപതാം കോണ്‍ഗ്രസിന് ഉയര്‍ത്താനുള്ള ദീപശിഖ ജില്ലയിലെ രക്തസാക്ഷികുടീരങ്ങളില്‍നിന്നാണ് കൊണ്ടുവന്നത്. ഒഞ്ചിയം രക്തസാക്ഷികളും സേലം ജയിലില്‍ വെടിയുണ്ടകള്‍ക്ക് വിരിമാറുകാട്ടിയവരും അടങ്ങുന്ന ആ രക്തസാക്ഷികളുടെ പാരമ്പര്യമാണ് കോഴിക്കോടിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്. മുള്ളന്‍കൊല്ലിയിലെ രവിയും ശശിയും കര്‍ഷകത്തൊഴിലാളികളുടെ കൂലി പ്രശ്നത്തില്‍ ഇടപെട്ടതിന്റെ പേരിലാണ് കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് ഐയുടെയും കൊലക്കത്തിക്കിരയായത്. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് ഐക്ക് നഷ്ടമായതിലുള്ള പകയാണ് വേങ്ങേരിയിലെ വിജയനെയും വിജുവിനെയും കൊല്ലാന്‍ കാരണം.

എതിരാളികളെ പിച്ചിച്ചീന്തുന്ന ക്രൂരനായ കൊലയാളിക്ക് സമാധാന പതാക പിടിക്കുന്ന മാലാഖയായി ഭംഗിയായി അഭിനയിക്കാന്‍ കഴിയും എന്നാണ് കോഴിക്കോട് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് തെളിയിക്കുന്നത്. രമേശ് ചെന്നിത്തല ഗാന്ധിത്തൊപ്പിയണിഞ്ഞാണ് വടകരയില്‍ വ്യാഴാഴ്ച ഉപവസിച്ചത്. ഉപവാസം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്, ""ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്"" എന്നാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. ഈ "ശരിയായ രീതി" കോണ്‍ഗ്രസിന്റെ താല്‍പ്പര്യത്തിനുസരിച്ച രീതിയാണ്. പൊലീസിന്റെ സ്വാതന്ത്ര്യം ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ശാഠ്യങ്ങള്‍ക്ക് അപ്പുറത്തേയ്ക്കില്ല. കൊലപാതകം നടന്ന് ആദ്യമണിക്കൂറില്‍ത്തന്നെ സിപിഐ എമ്മിനെതിരെ പ്രചാരണം തുടങ്ങി. കരുണാകരന്റെ കാലത്തുപോലും ഉണ്ടായിട്ടില്ലാത്തവിധം പരസ്യമായി പൊലീസില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ചില ഓഫീസര്‍മാരെ മുന്നില്‍നിര്‍ത്തി മറസൃഷ്ടിച്ച് ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുന്നു- മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു; സിപിഐ എമ്മിനെതിരായ പല്ലവി ആവര്‍ത്തിക്കുന്നു. തെരുവന്‍പറമ്പ് ബലാത്സംഗ കഥ ബിനുവിന്റെ അരുംകൊലയിലേക്ക് നയിച്ചതുപോലെ, സിപിഐ എമ്മിന് ക്ഷീണമുണ്ടാക്കുക എന്ന ഏക ലക്ഷ്യംമാത്രം. പലരെയും പിടിക്കുന്നു; അവര്‍ പറഞ്ഞതായി പല കള്ളങ്ങളും പുറത്തുവിടുന്നു. അതിനിടയില്‍, എന്തിനാണ് അവരെ പിടിച്ചത് എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍പോലും പൊലീസിനു കഴിയുന്നില്ല. 

കരള്‍ പിളര്‍ത്തിയ ഗ്രൂപ്പുവൈരം



സ്വന്തം പാര്‍ടിയില്‍ ഗ്രൂപ്പ് മാറിയ കുറ്റത്തിന് വെട്ടി കരള്‍പിളര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിസംഘത്തിന്റെ ചരിത്രം. പുതുപ്പള്ളി കവലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ പയ്യപ്പാടിയിലേക്ക്. കരള്‍പിളരുന്ന കാഴ്ച എന്നത് ഇന്നാട്ടുകാര്‍ക്ക് വെറുമൊരു ആലങ്കാരികമായ പ്രയോഗമല്ല. ഐഎന്‍ടിയുസി ഐ വിഭാഗം യൂണിറ്റ് പ്രസിഡന്റ് പുതുപ്പറമ്പില്‍ പി വി ഔസേപ്പിന്റെ കരള്‍ എ ഗ്രൂപ്പുകാര്‍ നെടുകെ വെട്ടിപ്പിളര്‍ക്കുന്നത് കണ്ടവരാണവര്‍. 

1997 ഏപ്രില്‍ 21നായിരുന്നു അത്. മൂന്നുമാസംമുമ്പുവരെ എ ഗ്രൂപ്പിലായിരുന്ന ഔസേപ്പ് അന്ന് പ്രബലപ്പെടുന്ന കരുണാകരവിഭാഗത്തിലേക്ക് ചേക്കേറി ആ വിഭാഗത്തിന്റെ യൂണിയന്‍ നേതാവായതാണ് പ്രകോപനം. കവലയില്‍ നിന്ന ഔസേപ്പിനെ തമ്പാന്‍ കുര്യന്‍, കൊച്ചുമോന്‍, ഈശോ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വളഞ്ഞു. എല്ലാവരും പ്രധാന കോണ്‍ഗ്രസുകാര്‍. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം അനുയായികള്‍. വടിവാള്‍ വീശലില്‍ കരള്‍ പാതിയായി പിളര്‍ന്നുപോയി. ആരെയും ആ ഭാഗത്തേക്ക് അടുപ്പിച്ചില്ല. ആയുധങ്ങളുമായി അക്രമികള്‍ കൊലവിളി തുടര്‍ന്നു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഔസേപ്പ് മരിച്ചു. ഡിസിസി ട്രഷററും ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. വി വി പ്രഭയാണ് പ്രതികള്‍ക്കുവേണ്ടി കേസ് നടത്തിയത്. പ്രതികളെയും വക്കീലിനെയും നയിച്ചത് ഉമ്മന്‍ചാണ്ടി. കൊലയാളികളെ എ ഗ്രൂപ്പ് സംരക്ഷിക്കുകയായിരുന്നുവെന്ന് പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ പുതുപ്പറമ്പില്‍ സാബു ഉറപ്പിച്ചുപറയുന്നു. ""ഗ്രൂപ്പുവൈരത്തിന്റെ രക്തസാക്ഷിയാണ് ഔസേപ്പ്. ഉമ്മന്‍ചാണ്ടിയാണ് കൊലപാതകികള്‍ക്ക് എല്ലാ സഹായവും ചെയ്തത്""- സാബു ഇന്നും രോഷത്തിലാണ്. മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നിട്ടും സാബുവിന് ഇതുപറയാന്‍ ഭയമില്ല. ഔസേപ്പിന്റെ കൊലപാതകം തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഔസേപ്പിന്റെ ഭാര്യക്ക് ബിവറേജസ് കോര്‍പറേഷനില്‍ കുപ്പിക്ക് സ്റ്റിക്കര്‍ ഒട്ടിക്കുന്ന ജോലി തരപ്പെടുത്തിക്കൊടുത്താണ് ഉമ്മന്‍ചാണ്ടി ഒടുവില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിച്ചത്. 

എല്ലാ അക്രമങ്ങളുടെയും ഒരുഭാഗത്ത് സിപിഐ എം എന്നാണ് സമാധാനപ്പറവകളുടെ വിലാപം. കണ്ണൂരില്‍മാത്രമാണ് അക്രമമെന്ന് മറ്റൊരു കൂട്ടര്‍. ഇവിടെ സിപിഐ എമ്മുമില്ല, കണ്ണൂരുമില്ല. 

കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കില്‍ മുണ്ടുരിയലും തെറിവിളികളും മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കായി വേറെയും കഥകളുണ്ട്. ഏലൂരിലെ ഐഎന്‍ടിയുസി ഭവനില്‍ ഇരുന്നുകൊണ്ട് ബി ശശിധരന്‍ ഒരു കഥ പറയും. ഗ്രൂപ്പുപോര് മൂത്ത് ഐ വിഭാഗം നിയോഗിച്ച ക്വട്ടേഷന്‍സംഘത്തിന്റെ ആക്രമണത്തിനിരയായ ശശിധരന്‍ ഇന്ന് ഐഎന്‍ടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ്. അന്ന് കെപിസിസി അംഗമായിരുന്നു. 1991 നവംബര്‍ 13ന് രാവിലെ കാറിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ 33 വെട്ടാണ് ഏറ്റത്. വലത് കൈപ്പത്തിയും ഇടത് കാല്‍പ്പാദവും അറ്റുതൂങ്ങി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറികൂടിയാണ് ഇന്ന് ശശിധരന്‍. അറ്റുപോയ കൈ തുന്നിച്ചേര്‍ത്തെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. ""ഫിസിയോതെറാപ്പി നടത്തിയെങ്കിലും കൈക്ക് സ്വാധീനം വീണ്ടുകിട്ടിയില്ല. കാല്‍പ്പാദം തുന്നിച്ചേര്‍ത്തതിനാല്‍ നടക്കാന്‍ വിഷമം. പരസഹായം വേണം. എങ്കിലും വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ എന്നു കരുതി ഓഫീസില്‍ വന്നിരിക്കുന്നു"" ശശിധരന്റെ സ്വരം നൈരാശ്യത്തിന്റേതാണ്. ""എല്ലാബലവും ഉപയോഗിച്ച് കാറില്‍നിന്ന് ഇറങ്ങാതിരുന്നതുകൊണ്ടുമാത്രമാണ് ജീവന്‍ അവശേഷിച്ചത്. മുഴുവന്‍ വെട്ടും വാഹനത്തില്‍ ഇരുന്നുതന്നെ ഏറ്റുവാങ്ങുകയായിരുന്നു. മദിരാശിയിലും മറ്റും ദീര്‍ഘകാലം ചികിത്സ നടത്തിയശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്""- ആ ദുരന്തദിനത്തിന്റെ ഓര്‍മ ശശിധരനെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. 

കേസില്‍ പത്തു പ്രതികളായിരുന്നു. അക്രമികളെ വാടകയ്ക്കെടുത്തവര്‍ പ്രതികളെയും വാടകയ്ക്കെടുത്തു. കരുണാകരന്റെ പൊലീസ് കേസില്‍ മായംചേര്‍ത്തു. പക്ഷേ, പ്രതികള്‍ക്ക് കോടതി നാലുവര്‍ഷം തടവ് വിധിച്ചു. ക്വട്ടേഷന്‍ നല്‍കിയവര്‍ ഇന്നും ശശിധരന്റെ പാര്‍ടിയില്‍തന്നെ. 

കോണ്‍ഗ്രസുകാരുടെ രക്തം കോണ്‍ഗ്രസുകാരന്റെ ആയുധത്തില്‍ പുരണ്ട കഥകള്‍ കണ്ണൂരിലുമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ സുധാകരസംഘം നടത്തിയ ബോംബേറില്‍ നാണു മരിച്ചതിനൊപ്പം ജയകൃഷ്ണന്‍ എന്ന കോണ്‍ഗ്രസുകാരന്റെ കൈപ്പത്തിയും നഷ്ടപ്പെട്ടു. ഊണ് കഴിക്കുകയായിരുന്ന ജയകൃഷ്ണന്റെ കൈ ആ ഇലയില്‍തന്നെ അറ്റുവീണു. ജോലിചെയ്യാന്‍ വയ്യാതായ ജയകൃഷ്ണന്‍ പിന്നീട് ലോട്ടറിക്കച്ചവടക്കാരനായി നരകിച്ചു. തീപ്പൊരിപ്രസംഗകനും കണ്ണൂര്‍ ഡിസിസി- ഐ അംഗവും ഐഎന്‍ടിയുസി നേതാവുമായിരുന്ന സി പി പുഷ്പരാജ് കിടക്കയിലായിട്ട് വര്‍ഷങ്ങളായി. കെ സുധാകരന്‍ മന്ത്രിയായിരിക്കെ പുഷ്പരാജ് മുഖ്യമന്ത്രി എ കെ ആന്റണിക്ക് ഒരു പരാതി അയച്ചു. തന്റെ സഹോദരിയെ സുധാകരന്‍ മദിരാശിയില്‍ അന്യായമായി പാര്‍പ്പിച്ചിരിക്കയാണ്; വെപ്പാട്ടിയാക്കിയിരിക്കയാണ്; അവളെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിയായിരിക്കെ മാസത്തില്‍ അഞ്ചും ആറും തവണ സുധാകരന്‍ മദിരാശിയില്‍ പോയിരുന്നു. ഒന്നും ഔദ്യോഗികകാര്യത്തിനല്ല. പുഷ്പരാജിന്റെ സഹോദരിയെ മദിരാശിയില്‍ ഒളിവില്‍ പാര്‍പ്പിച്ച് അനൗപചാരിക കുടുംബജീവിതം നയിക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പിന്നീട് സംശയരഹിതമായി തെളിഞ്ഞു. പരാതി ഉന്നയിച്ചതിന് പുഷ്പരാജ് പരസ്യമായി ശിക്ഷിക്കപ്പെട്ടു. ഇപ്പോള്‍ കൈകാലുകള്‍ തകര്‍ന്ന് കിടപ്പിലാണ്. കണ്ണൂര്‍ ഡിസിയുടെ ഗുണ്ടാസംഘം ഡിസിസി- ഐ അംഗമായ പുഷ്പരാജിനെ വീട്ടില്‍ കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. പുഷ്പരാജിന്റെ ഓട്ടോറിക്ഷ കത്തിച്ചു. വീടാക്രമിച്ചു. വധശ്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പുഷ്പരാജ്, മാസങ്ങളോളം മരണത്തോട് മല്ലിട്ട് മംഗലാപുരം ആശുപത്രിയില്‍ കഴിഞ്ഞു. പുഷ്പരാജിനുവേണ്ടി ഉപവാസം നടത്താന്‍ ആരും ചെന്നില്ല. മരുന്നിനും അരിവാങ്ങാനും സഹായം നല്‍കിയതുമില്ല.(അവസാനിക്കുന്നില്ല)

"കോണ്‍ഗ്രസുകാര്‍ ആദ്യം എന്റെ "ഘാതകരെ" കണ്ടെത്തട്ടെ"

തൃശൂര്‍: ""ഒഞ്ചിയത്തെ കൊലപാതകം മാര്‍ക്സിസ്റ്റുകാരുടെ തലയില്‍ വച്ചുകെട്ടാന്‍ വെമ്പല്‍കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കളേ, നിങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷിയായ എന്നെ മറന്നുപോയോ? എന്റെ നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ്ചെന്നിത്തലയ്ക്കുമെല്ലാം എന്നെ ഈ അവസ്ഥയിലാക്കിയ ഘാതകരെ കണ്ടെത്താന്‍ കഴിയുമോ""- "അജ്ഞാതരുടെ" ആകമണത്തില്‍ മൂന്നു വര്‍ഷത്തിലധികമായി ശരീരം തളര്‍ന്നു കിടപ്പിലായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ ചേര്‍പ്പ് സ്വദേശി ഷിബു ജോര്‍ജ് ചോദിക്കുന്നു. 

2009ല്‍ അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠനക്യാമ്പില്‍ പോയപ്പോള്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഷിബു പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ഇപ്പോഴും വീട്ടിലെ കിടക്കയിലാണ് നിയമബിരുദധാരിയായ ഷിബു ജോര്‍ജ് (35). സഹപ്രവര്‍ത്തകരുടെ കുടിലമോഹങ്ങളുടെ ഭാഗമായി ആരോ തലയ്ക്കടിച്ച് കെട്ടിടത്തില്‍നിന്ന് തള്ളിയിട്ടതാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരിന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഷിബു താമസിയാതെ പ്രസിഡന്റാകുമെന്ന് ഉറപ്പായിരന്നു. അതു തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഈ ഹീനകൃത്യമെന്ന് ഷിബു പറഞ്ഞിരുന്നു. 

തൃശൂര്‍ ചേര്‍പ്പ് തണ്ടാശേരി വിട്ടില്‍ റിട്ട. വില്ലേജ് ഓഫീസര്‍ ജോര്‍ജിന്റെയും ജെസിയുടെയും മകനായ ഷിബുവിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും നിയമ വിദ്യാര്‍ഥിയുമായിരിക്കെയാണ് "ദുരന്തം" വേട്ടയാടിയത്. അടൂരില്‍ പഠനക്യാമ്പ് കഴിഞ്ഞ് ഷിബുവും സഹപ്രവര്‍ത്തകരും രാത്രി അടൂര്‍ പ്രകാശിന്റെ ഉടമസ്ഥതയിലുള്ള യമുന ഹോട്ടലില്‍ തങ്ങി. ഭക്ഷണം കഴിക്കുന്നതിനിടെ ഫോണ്‍ വന്നു. പിന്നീട് ഷിബുവിന് ഒന്നും ഓര്‍മയില്ല. ഏഴാംദിവസം ബോധംതെളിഞ്ഞപ്പോള്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് ശരീരമാകെ തളര്‍ന്നനിലയിലായിരുന്നു. ഹോട്ടലിലെ കെട്ടിടത്തില്‍നിന്ന് വീണുവെന്നാണ് ഒപ്പമുള്ളവര്‍ പറഞ്ഞത്. ശരീരത്തില്‍ വീഴ്ചയുടെ ആഘാതത്തിലുണ്ടാകുന്ന പരിക്കുകളില്ലെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞു. ഇതില്‍നിന്നാണ് ആരോ പിന്നില്‍നിന്നും തലക്കടിച്ചതാണെന്ന് ബോധ്യമായത്. അന്ന് ഹോട്ടലില്‍ ഒപ്പമുണ്ടായിരുന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല- ഷിബു പറഞ്ഞു.

കക്കയം ക്യാമ്പിന്റെ പ്രേതം


പാടിക്കുന്നിന്റെ വിശാലതയില്‍ ഒരു ചുവന്ന പൊട്ടായി അകലെ നിന്നുതന്നെ ചെങ്കൊടി കാണാം. പൊലീസിനെ ഉപയോഗിച്ചു കോണ്‍ഗ്രസ് നടത്തിയ കൂട്ടക്കൊലയുടെ സ്മാരകമാണ് ആ ചുവപ്പ്. 1950 മെയ് മൂന്നിന് അര്‍ധരാത്രിയാണ് പാടിക്കുന്നില്‍ മൂന്ന് കമ്യൂണിസ്റ്റുകാരെ മലബാര്‍ സ്പെഷ്യല്‍ പൊലീസ് വെടിവച്ചുകൊന്നത്. പൊലീസുമായി ഏറ്റുമുട്ടി മൂന്ന് കമ്യൂണിസ്റ്റുകാര്‍ മരിച്ചെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ചിറക്കല്‍ താലൂക്കില്‍ ചുവപ്പുപടര്‍ന്ന കാലം.


1940ല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രഹസ്യകേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങിയ, "മുന്നോട്ട്" എന്ന രഹസ്യ മാസിക ഇറക്കിയ, കര്‍ഷക- കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ച ചിറക്കല്‍ പുത്തന്‍ ഭരണാധികാരികളുടെ മനസ്സില്‍ തീകോരിയിട്ടു. അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വേരറുക്കാന്‍ കോണ്‍ഗ്രസ്- പൊലീസ് ഗൂഢാലോചന രൂപപ്പെട്ടു. പ്രധാന പ്രവര്‍ത്തകരെ കൊല ചെയ്ത് ഭീഷണി പടര്‍ത്തണമെന്നായിരുന്നു തീരുമാനം.

 കള്ളക്കേസില്‍ കസ്റ്റഡിയിലെടുത്തവരില്‍ "അപകടകാരികളെ" കൊല്ലാന്‍ നിശ്ചയിച്ചു. കയരളത്തെ പൊലീസ് ക്യാമ്പില്‍ നിന്ന് ഗോപാലനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെയും പാടിക്കുന്നിലെത്തിച്ചു. നിരായുധരും നിസ്സഹായരുമായ സഖാക്കളെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റേ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായ രൈരു നമ്പ്യാരെയും കുട്ട്യപ്പയെയും പൊലീസും കോണ്‍ഗ്രസ് നേതൃത്വവും കള്ളജാമ്യത്തിലെടുത്താണ് പുറത്തിറക്കിയത്. രാഷ്ട്രീയാവശ്യത്തിനുവേണ്ടി പൊലീസിനെ വേട്ടമൃഗങ്ങളാക്കിയതിന്റെ ആദ്യാനുഭവങ്ങളിലൊന്ന്. 

1948ല്‍ കണ്ണൂര്‍ ചേലേരിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പി സി അനന്തന്‍ എന്ന ഇരുപതുകാരനെ കൊല്ലാക്കൊല ചെയ്ത് പായയില്‍ കെട്ടി വളപട്ടണം പുഴയില്‍ എറിഞ്ഞുകൊന്നതും കോണ്‍ഗ്രസ്- പൊലീസ് കൂട്ടുകെട്ടായിരുന്നു.

 പൂഴ്ത്തിവയ്പിനെതിരായ സമരം ചേലേരിയിലും നടന്നു. സമരനാളില്‍ സ്ഥലത്തില്ലാതിരുന്ന പി സി അനന്തന്‍ പിറ്റേന്നാണ് ഇരിക്കൂറില്‍ നിന്ന് നടന്ന് നാട്ടിലെത്തുന്നത്. ആനപ്പാപ്പാനായ അച്ഛനെ കാണാനാണ് ഇരിക്കൂറില്‍ പോയത്. പനിപിടിച്ച് നടന്ന് തളര്‍ന്നെത്തിയ അനന്തന്‍ കടയില്‍ നിന്ന് ചായപ്പൊടിയും പഞ്ചസാരയും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. പൊടുന്നനെ കോണ്‍ഗ്രസ് സംഘം അനന്തനെ വളഞ്ഞു. പിടിച്ചുകെട്ടി ചേലേരി മുതല്‍ കമ്പില്‍ വരെ തല്ലി വീഴ്ത്തിയും പിടിച്ചെഴുന്നേല്‍പ്പിച്ച് വീണ്ടും തല്ലിയും നടത്തിച്ചു. വഴിയില്‍ പൊലീസും ഒപ്പം കൂടി. കമ്പില്‍ പൊലീസ് ക്യാമ്പും കോണ്‍ഗ്രസ് ഓഫീസും ഒന്നിച്ചാണ്. അനന്തനെ അവിടെ കൊണ്ടിട്ട് മര്‍ദനം തുടര്‍ന്നു. മരിച്ചിട്ടുണ്ടാകുമെന്നു കരുതി പായയില്‍ കെട്ടി പുഴയില്‍ ഒഴുക്കി. 

കമ്പില്‍- കയരളം പൊലീസ് ക്യാമ്പുകള്‍ കോണ്‍ഗ്രസിന് ഇന്നും മാതൃക തന്നെ. വടകരയിലെ പൊലീസ് ക്യാമ്പിലും ഇന്ന് പുതിയ കഥകള്‍ പിറക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ഇത്തരം ക്യാമ്പുകള്‍ പുതിയതല്ല.

 1976 ഫെബ്രുവരി 28നു ചിലര്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു തോക്ക് കവര്‍ന്നു. ആ കേസ് തെളിയിക്കാനാണ്, കക്കയത്ത് പൊലീസ് ക്യാമ്പ് സ്ഥാപിച്ചത്. പലരെയും പിടിച്ചു; ചോദ്യംചെയ്തു. സൂചനയൊന്നും കിട്ടിയില്ല. മര്‍ദനത്തിന്റെ പുതിയ രീതികള്‍ ഓരോ ശരീരത്തിലും പരീക്ഷിക്കപ്പെട്ടു. റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിച്ചു. സ്റ്റേഷന്‍ ആക്രമണം നടന്ന 1976 ഫെബ്രുവരി 28നു രാത്രി പി രാജന്‍ ഫാറൂഖ് കോളേജില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ യൂത്ത്ഫെസ്റ്റിവലിലായിരുന്നു. പിറ്റേന്നു രാവിലെ ആര്‍ഇസി ഹോസ്റ്റല്‍ മുറ്റത്ത് കോളേജ് ബസില്‍ കൂട്ടുകാരോടൊപ്പം വന്നിറങ്ങിയ രാജനെ പൊലീസ് പിടിച്ച് കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയി. നിരപരാധിത്വം കരഞ്ഞുപറഞ്ഞിട്ടും വിട്ടില്ല. തല്ലിയും ഇടിച്ചും ഉരുട്ടിയും അവര്‍ ആ ചെറുപ്പക്കാരന്റെ ജീവനെടുത്തു. മൃതദേഹം എവിടെ നശിപ്പിച്ചെന്ന് ഇന്നും അറിയില്ല.

 കൊലപാതകികള്‍ കോണ്‍ഗ്രസിന്റെ ചിറകില്‍ സുരക്ഷിതരായി. അതിലൊരാള്‍ ഇന്ന് മറ്റൊരു കേസില്‍ ജീവപര്യന്തം തടവിലാണ്- വര്‍ഗീസ് വധത്തിന് ഉത്തരവിട്ട അന്നത്തെ ഡിവൈഎസ്പിയും പിന്നത്തെ ഐജിയുമായ ലക്ഷ്മണ. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കക്കയം ക്യാമ്പിന്റെയും വര്‍ഗീസ് വധത്തിന്റെയും സ്മരണകള്‍ ഉണരുകയാണ്. 

അടിയന്തരാവസ്ഥയ്ക്കു മുമ്പാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. സിപിഐ എം വിട്ട് തീവ്രവാദത്തിന്റെ വഴിയിലൂടെയാണ് വര്‍ഗീസ് നടന്നത്. പാര്‍ടിയുടെ ശത്രുപാളയത്തില്‍. അദ്ദേഹത്തെ പൊലീസ് പിടിച്ചുകെട്ടി വെടിവച്ചുകൊന്നു. ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടെന്ന് സര്‍ക്കാരും മാധ്യമങ്ങളും പറഞ്ഞു. സിപിഐ എം മാത്രമാണ്; ദേശാഭിമാനി മാത്രമാണ് വര്‍ഗീസിനെ ക്രൂരമായി കൊല്ലുകയായിരുന്നെന്ന് വിളിച്ചുപറഞ്ഞത്. ആ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് സത്യം വിളിച്ചുപറഞ്ഞ പാര്‍ടിയെ മലയാളമനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അപഹസിച്ചു. "ഏറ്റുമുട്ടലിന്റെ" സങ്കല്‍പ്പകഥകള്‍ അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം രാമചന്ദ്രന്‍നായര്‍ എന്ന പൊലീസുകാരന്റെ കുറ്റസമ്മതം വന്നപ്പോഴാണ്, സിപിഐ എം പറഞ്ഞതാണ് ശരി എന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നത്.

 വര്‍ഗീസ് വധക്കേസിലെന്ന പോലെ വ്യാജ പ്രചാരണവും രാജന്‍ കേസിലെന്ന പോലെ പൊലീസിന്റെ അഴിഞ്ഞാട്ടവുമാണ് വടകരയിലും. കസ്റ്റഡിയിലെടുക്കുന്ന ആളെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കുകയോ വിട്ടയക്കുകയോ വേണമെന്നാണ് നിയമം. സിപിഐ എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി ബാബുവിനെ കസ്റ്റഡിയിലെടുത്ത് നേരത്തോടുനേരമായിട്ടും വിടാന്‍ തയ്യാറായില്ല. കോടതിയില്‍ എത്തിച്ചതുമില്ല. അതു ചൂണ്ടിക്കാട്ടി പൊലീസ് ക്യാമ്പിനു മുന്നില്‍ കുത്തിയിരുന്ന അഭിഭാഷകര്‍ക്കെതിരെ കേസ്, ഭീഷണി, കേസില്‍ ഇടപെടുന്നുവെന്ന ആരോപണവും.

 അടിയന്തരാവസ്ഥയുടെ പ്രേതം വടകരയില്‍ ചുറ്റിത്തിരിയുകയാണ്. പൊലീസ് ചോദ്യംചെയ്യല്‍ രഹസ്യമാണ്. ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളെന്ന പേരില്‍ ഓരോ ദിവസവും മനോരമയും മാതൃഭൂമിയും കഥകള്‍ കൊണ്ടുവരുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍ മാധ്യമപ്രവര്‍ത്തകരില്ല. പിന്നെങ്ങനെ ചില മാധ്യമങ്ങള്‍ക്കുമാത്രം ചോദ്യംചെയ്യലിന്റെയും അന്വേഷണത്തിന്റെയും വിവരങ്ങള്‍ തുടര്‍ച്ചയായി കിട്ടുന്നു? ജയറാം പടിക്കലും മധുസൂദനും ലക്ഷ്മണയുമെല്ലാം പുനര്‍ജനിക്കുകയാണ് വടകരയില്‍. 

തന്തൂരി അടുപ്പിലെ മാംസഗന്ധം






""15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു. എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാന്‍ മൂന്നുമാസത്തെ പരോള്‍ വേണം"". കഴിഞ്ഞ ഫെബ്രുവരി 17ന് ഡല്‍ഹി ഹൈക്കോടതിയില്‍ സുശീല്‍ശര്‍മ അപേക്ഷിച്ചു. ഒരുകാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ മിന്നും താരമായിരുന്നു സുശീല്‍ ശര്‍മ. എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഉറ്റ കൂട്ടുകാരന്‍; യൂത്ത് കോണ്‍ഗ്രസിന്റെ ഡല്‍ഹി പ്രദേശ് പ്രസിഡന്റ്. ശര്‍മയുടെ ഭാര്യ നൈ സാഹ്നി ഡല്‍ഹി മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭര്‍ത്താവ് എംഎല്‍എ, ഭാര്യ ഡല്‍ഹിയിലാകെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. ആഘോഷജീവിതം. നൈയുടെ സഹപാഠിയായിരുന്ന മത്ലബ് കരീമും കോണ്‍ഗ്രസ് നേതാവാണ്. കരീമിന് നൈയുമായി അവിഹിതബന്ധമുണ്ടെന്ന് ശര്‍മ സംശയിച്ചു. 95 ജൂലൈ രണ്ടിന് രാത്രി ശര്‍മ വീട്ടിലെത്തിയപ്പോള്‍ നൈ ആരോടോ ഫോണില്‍ സംസാരിക്കുന്നു. ഭര്‍ത്താവിനെ കണ്ടയുടനെ സംഭാഷണം അവസാനിപ്പിച്ചു. അതോടെ അവിഹിതബന്ധം ഉറപ്പിച്ച ശര്‍മ തോക്കെടുത്തു. ഭാര്യയെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നു. അശോക് റോഡിലെ ഭാഗ്യ എന്ന റസ്റ്റോറന്റിലേക്ക് ശവശരീരവുമായി ശര്‍മ യാത്രയാകുന്നു. അവിടെ റസ്റ്റോറന്റ് മാനേജര്‍ കേശവ്കുമാറിന്റെ സഹായത്തോടെ ജഡം ചെറുകഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിച്ചു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ സംശയംതോന്നി അടുത്തുചെന്നപ്പോള്‍ ശര്‍മ സ്ഥലംവിട്ടു. കേശവ് പിടിയിലായി. സ്വന്തം ഭാര്യയെ വെട്ടിനുറുക്കി അടുപ്പിലിട്ടു ചുട്ട കോണ്‍ഗ്രസ് നേതാവിന് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അത് ശരിവച്ചു. അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ ശര്‍മയാണ്, തനിക്ക് മൂന്നുമാസം പരോള്‍ വേണമെന്ന് ഹൈക്കോടതിയോട് അപേക്ഷിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നതനായ ഒരു നേതാവിന്റെ ചരിത്രമാണിത്.

ഇതുപോലെ അനേകം സംഭവങ്ങള്‍. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊല കോണ്‍ഗ്രസ് ഔദ്യോഗികമായി നടപ്പാക്കിയതാണ്. സിഖ് വംശജരെ കൂട്ടത്തോടെ അരിഞ്ഞുതള്ളി. അതിന് നേതൃത്വം നല്‍കിയ ജഗദീശ് ടൈറ്റ്ലറിനെയും സജ്ജന്‍കുമാറിനെയുമെല്ലാം കോണ്‍ഗ്രസ് പാര്‍ലമെന്റംഗത്വവും മന്ത്രിപദവും നല്‍കി ആദരിച്ചു. കേസുകള്‍ ഇപ്പോഴും തുടരുകയാണ്. ഡല്‍ഹിയില്‍ സുശീല്‍ ശര്‍മയാണ് കോണ്‍ഗ്രസിന്റെ പ്രതീകമെങ്കില്‍, ഇങ്ങ് കേരള തലസ്ഥാനത്തും അനുയായികള്‍ പിന്നോട്ടല്ല. കെപിസിസി നേതാവായ മുന്‍ എംഎല്‍എ സ്വന്തമായി എന്തിനുംപോന്ന ക്വട്ടേഷന്‍ സംഘത്തെ പോറ്റി വളര്‍ത്തുന്നുണ്ട്. മറ്റ് പ്രധാന നേതാക്കളെ ചുറ്റിപ്പറ്റിയും ഡസനോളം സംഘങ്ങള്‍ സജീവം.
2004ലാണ് കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി വിളയിക്കുളം ലാലിയെ കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തെത്തുടര്‍ന്ന് വെട്ടിക്കൊന്നത്. പ്രതികളെല്ലാം കോണ്‍ഗ്രസുകാര്‍. പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍ അനുയായിയുടെ രക്തം മണ്ണില്‍ വീണു. എം എ വാഹിദ് എംഎല്‍എയും ഡിസിസി ഭാരവാഹി സി മോഹനചന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് വൈരം രണ്ട് ഗുണ്ടാപ്പടകള്‍ തമ്മിലുള്ള തെരുവുയുദ്ധമായി മാറിയപ്പോഴാണ് ലാലി ബലിയാടായത്. 2001ല്‍ മോഹനചന്ദ്രനെ "വെട്ടിയാണ്" എം എ വാഹിദ് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായത്. വാഹിദിനെ തോല്‍പ്പിക്കാന്‍ എതിര്‍ ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങി. ഇവരോടൊപ്പം ലാലിയും സജീവമായി ഉണ്ടായിരുന്നു എന്നാണ് ആരോപണം. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വാഹിദിന്റെ "കോടതി" ലാലിക്ക് വധശിക്ഷ വിധിച്ചു. പ്രതികളായത്, സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രമുഖര്‍.
2010 മെയ് അഞ്ചിന് തലസ്ഥാന നഗരത്തില്‍ത്തന്നെ, കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്വന്തം പാര്‍ടി പ്രവര്‍ത്തകനെ ചവിട്ടിക്കൊന്നു. സെക്രട്ടറിയറ്റ് പിക്കറ്റിങ്ങിന് ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഗ്രൂപ്പുതിരിഞ്ഞുണ്ടായ തര്‍ക്കമാണ് നന്തന്‍കോട് ഷെര്‍ലി ലാന്‍ഡില്‍ ആന്റണി ഫ്രാന്‍സിസിനെ മരണത്തിലേക്ക് തള്ളിയിട്ടത്. കോണ്‍ഗ്രസ് കുറവന്‍കോണം മണ്ഡലം പ്രസിഡന്റ് ജെ ആര്‍ വിജയന്റെ ചവിട്ടേറ്റായിരുന്നു മരണം. നന്തന്‍കോട് ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയായിരുന്നു ആന്റണി. അവിടെയെത്തിയ വിജയന്‍ "നിന്നെയൊക്കെ ആരാണ് സമരത്തിന് വിളിച്ചത്" എന്നുചോദിച്ച് ആന്റണിയെ വലിച്ചുപുറത്തിട്ടു മര്‍ദിച്ചു. പിടിവലിയില്‍ ഇരുവരും വീണപ്പോള്‍ വിജയന്‍ ചാടിയെണീറ്റ് ആന്റണിയുടെ നെഞ്ചത്ത് ചവിട്ടി. വിജയന്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പും ആന്റണി ഐ ഗ്രൂപ്പുമായിരുന്നു. ഹൃദയാഘാതം മൂലം മരിച്ചു എന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ ആന്റണിയുടെ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ചവിട്ടുകൊണ്ടുവീണ ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച ബര്‍ണബാസിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി ""സൂക്ഷിച്ചോ, അടുത്തത് നീയാണ്"" എന്ന് പറയാന്‍ വിജയന്‍ മടിച്ചില്ല. കേസ് തേച്ചുമാച്ചുകളയാന്‍ കോണ്‍ഗ്രസ് ഉന്നത തലത്തില്‍ത്തന്നെ ഇടപെടല്‍ തുടരുന്നു. അന്ന് വിജയനെ പുറത്താക്കി എന്ന് നേതൃത്വം പ്രചരിപ്പിച്ചു. ഇന്ന് വിജയന്‍ പഴയ പ്രസിഡന്റ് സ്ഥാനത്തുതന്നെയാണ്. അത് എതിര്‍ഗ്രൂപ്പുകാര്‍ അംഗീകരിക്കുന്നില്ലെങ്കിലും.

കോണ്‍ഗ്രസ് ഇന്ന് ഒരു രാഷ്ട്രീയ പാര്‍ടിയല്ല- ഗാന്ധിയുടെയും ഖാദിയുടെയും പാരമ്പര്യത്തിന്റെ പലിശകൊണ്ട് ധൂര്‍ത്തടിക്കുന്ന ഒരുപറ്റം തട്ടിപ്പുകാരുടെ കൂട്ടായ്മ മാത്രം. ആ മുഖംമൂടിക്കുള്ളില്‍ ഏറ്റവും നികൃഷ്ടമായ കൊലപാതകിയുടെ ദംഷ്ട്രകളുണ്ട്. ചതിയന്റെ കുടിലമനസ്സുണ്ട്. ആ കുടിലതയാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ അജന്‍ഡയായി അനുദിനം പുറത്തുവരുന്നത്.

കേരളത്തിന്റെ സമുന്നത രാഷ്ട്രീയനേതാവായിരുന്ന ബേബി ജോണിനെ ഒരു സരസന്റെ തിരോധാനത്തിന്റെ പേരില്‍ കൊലയാളിയാക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനും കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ ആവേശം ഓര്‍ത്തെടുത്താല്‍ സമാനതകളില്ലാത്ത നെറികേടിന്റെ ചിത്രം തെളിഞ്ഞുവരും. സരസന്‍ ചവറയിലെ ആര്‍എസ്പിയുടെ സാധാരണ പ്രവര്‍ത്തകനായിരുന്നു. ഇടയ്ക്ക് പാര്‍ടി വിട്ടു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷനായി. അതോടെ, കഴുകന്മാര്‍ രംഗത്തുവന്നു. പാര്‍ടിവിട്ട വൈരാഗ്യം തീര്‍ക്കാന്‍ സരസനെ ബേബി ജോണിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്പി ജില്ലാ സെക്രട്ടറി വാസുപിള്ളയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തി എന്ന് ആരോപണമുയര്‍ത്തി. ബേബി ജോണിനെ കൊലയാളിയാക്കി നിരന്തര പ്രചാരണം. മുന്നില്‍ കോണ്‍ഗ്രസ്. മലയാള മനോരമയും മാതൃഭൂമിയും അതേറ്റെടുത്തു. പൊലീസന്വേഷണം; ആര്‍എസ്പിക്കാര്‍ക്ക് മര്‍ദനം. അന്ന് ഇ കെ നായനാര്‍ ബേബി ജോണുമായി സംസാരിച്ചു-തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് ബേബി ജോണ്‍ വ്യക്തമാക്കി. അത് മുഖവിലയ്ക്കെടുത്ത് സിപിഐ എം ബേബി ജോണിനൊപ്പം ഉറച്ചുനിന്നു. പക്ഷേ, പ്രചാരണം അതിരൂക്ഷമായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പതിനായിരം വോട്ട് കൂടുതല്‍ നേടേണ്ടിയിരുന്ന ബേബിജോണ്‍ അത്തവണ നിയമസഭയിലെത്തിയത് 870 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുകൊല്ലത്തിനുശേഷം സരസന്‍ ചവറയില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ കുടകില്‍ ഒരു തോട്ടത്തില്‍ ജോലിചെയ്യുകയായിരുന്നു; സംഭവങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് നാട്ടുകാരോട് പറഞ്ഞു. പക്ഷേ, പറഞ്ഞ കള്ളം പിന്‍വലിക്കാനോ ബേബി ജോണിനോട് മാപ്പുപറയാനോ കോണ്‍ഗ്രസ് തയ്യാറായില്ല- അദ്ദേഹത്തിന്റെ ബോധം മറയുന്നതുവരെ. അന്ന് ഇന്നത്തെപ്പോലെ ചാനല്‍ മത്സരമുണ്ടായിരുന്നെങ്കില്‍ ബേബി ജോണിനെ പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയേനെ.

കമ്യൂണിസ്റ്റുകാരോടാകുമ്പോള്‍ എല്ലാ മര്യാദകളും മാറ്റിവയ്ക്കാം എന്ന ബോധം അടിച്ചുറപ്പിക്കുകയാണ് വലതുപക്ഷം. ഒരു ഭാഗത്ത് ഏകപക്ഷീയമായ നുണക്കഥകള്‍. സ്വന്തം വീട് ആര്‍ക്കും അഭയസ്ഥാനമാണ്. ഒഞ്ചിയം മേഖലയിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആ അഭയകേന്ദ്രം നിഷേധിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് വിരോധം കാപട്യപൂര്‍ണമാണെന്നതുപോലെ നിര്‍ദയവുമാണ്. ഒരു പാര്‍ടിയില്‍ വിശ്വസിക്കുന്ന കുറ്റത്തിന് നൂറുകണക്കിനാളുകളെ ആട്ടിയോടിക്കുന്ന ക്രൗര്യത്തിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നു. പൊലീസ്, മാധ്യമ, വലതുപക്ഷ ആക്രമണം ഏകോപിച്ച് ഊര്‍ജമാവാഹിക്കാന്‍ ചന്ദ്രശേഖരന്റെ കൊലപാതകം കാരണമായി. അത് അരങ്ങുതകര്‍ത്താടുകയാണ്. പശ്ചിമ ബംഗാളിലെന്നപോലെ മഹാസഖ്യമുണ്ടാകുന്നു. കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അന്വേഷണത്തില്‍ മറയില്ലാതെ ഇടപെടുന്നു. ഒരു കൊലപാതകത്തിന്റെ പാപഭാരം കയറ്റിവച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന വ്യാമോഹം പൂത്തുലയുകയാണ്. ആജ്ഞാനുവര്‍ത്തികളായ കുറെ പൊലീസുകാരും മാധ്യമസ്വാധീനവുമുണ്ടെന്ന ഹുങ്കാണ് ബംഗാള്‍ മോഡല്‍ സ്വപ്നത്തിനാധാരം. സിപിഐ എം കടന്നുവന്ന വഴികളും നേരിട്ട വെല്ലുവിളികളും സഹിച്ച ത്യാഗങ്ങളും ചിന്തിയ രക്തവും അറിയാത്തവരുടെ ആ ദിവാസ്വപ്നമാണ് കേരളത്തെ സമീപനാളുകളില്‍ ശബ്ദമുഖരിതമാക്കുന്നത്. എന്നാല്‍ അതിന് അല്‍പ്പായുസ് മാത്രം.

കേസില്ലാത്ത പൊന്‍കുഞ്ഞുങ്ങള്‍








ഒരു പൊതുയോഗത്തിലെ പ്രസംഗത്തിന്റെപേരില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുചേര്‍ത്ത് കേസെടുത്തിരിക്കുന്നു. അദ്ദേഹം പത്രസമ്മേളനം നടത്തിയോ എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെയോ എന്തെങ്കിലും പറഞ്ഞതല്ല. നാട്ടിന്‍പുറത്തെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. മണിയുടെ ദീര്‍ഘമായ പ്രസംഗം പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അതില്‍ ഒരുഭാഗത്ത്, പാര്‍ടി എതിരാളികളില്‍നിന്ന് നേരിട്ട ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞു. വടകരയിലെ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ ആരോപിക്കുന്നതിന്റെ അസാംഗത്യത്തെക്കുറിച്ച് പറഞ്ഞു. അതിനിടയില്‍, ആനുഷംഗികമായി നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ടിയുടെ നിലപാടിന് നിരക്കാത്തതായിരുന്നു. തെറ്റിദ്ധാരണ ഉളവാക്കുന്ന ആ ഭാഗം പാര്‍ടി നയത്തില്‍നിന്നുള്ള വ്യതിയാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പരസ്യമായി പറഞ്ഞു.

സിപിഐ എമ്മിന്റെ ജില്ലാസെക്രട്ടറി സ്വന്തം ജില്ലയിലെ ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗം രാജ്യാന്തരവാര്‍ത്തയായി വളരുന്നതാണ് പിന്നീട് കണ്ടത്. ഒരുതരം ആര്‍ത്തിയോടെയാണ് മാധ്യമങ്ങള്‍ ആ വാര്‍ത്തയെ സമീപിച്ചത്. കോടതി തീര്‍പ്പുകല്‍പ്പിച്ച കേസുകള്‍ അവര്‍ക്ക് മാന്തിയെടുക്കണം. സിപിഐ എം കൊലപാതകികളുടെ പാര്‍ടിയാണെന്ന് സ്ഥാപിക്കണം. ഗുജറാത്തില്‍ നൂറുകണക്കിന് മുസ്ലിം സഹോദരങ്ങളെ കൊന്നുതള്ളുന്നതിന് നേതൃത്വംകൊടുത്ത നരേന്ദ്ര മോഡിയെക്കൊണ്ടുപോലും പ്രതികരിപ്പിച്ചത് മാധ്യമങ്ങളാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ സിഖുകാരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. വെട്ടിയും ചുട്ടും കുത്തിയും വെടിവച്ചും സിഖ് കുഞ്ഞുങ്ങളെപ്പോലും കൊന്നു. അന്ന്, ആ ചോരയുടെ നവ് മാറുന്നതിനുമുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ്ഗാന്ധി പറഞ്ഞത്, വന്‍മരം വീഴുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകുമെന്നാണ്. ഒരു ജനതയെ സ്വന്തം അനുയായികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍, തന്റെ മാതാവിന്റെ കൊലപാതകത്തിലുള്ള സ്വാഭാവിക പ്രതികരണമായി അതിനെ വിശേഷിപ്പിച്ച രാജീവ്ഗാന്ധിയാണ് പിന്നീട് കോണ്‍ഗ്രസിനെ നയിച്ചത്- കൊല്ലപ്പെടുവോളം. ആ രാജീവിനെ നേതാവായിക്കാണുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ എം എം മണിയുടെ പ്രസംഗത്തെ പ്രതിക്കൂട്ടില്‍ കയറ്റണംപോലും.

കൈയിലുള്ള ഭരണം അതിന്റെ ഏറ്റവും നീചമായ അര്‍ഥത്തില്‍ ഉപയോഗിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഒരുപക്ഷേ, ഇത്രയും ഹീനമായ മനസ്സും പ്രവൃത്തിയും കേരളം ഇതിനുമുമ്പ് ഒരു ഭരണാധികാരിയിലും കണ്ടിട്ടുണ്ടാകില്ല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനംചെയ്യാനും തകര്‍ത്തുകളയാനും പൊലീസിനെയും ഭരണസംവിധാനത്തെയാകെയും മാധ്യമങ്ങളെയും ഒരുപോലെ ഉപയോഗിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തഭൃത്യരായി പ്രമുഖ മാധ്യമങ്ങള്‍ പരിപൂര്‍ണമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ സവിശേഷത. എം എം മണി പറഞ്ഞതിന്റെ അര്‍ഥവും അര്‍ഥക്കേടും അറിയാഞ്ഞിട്ടല്ല ഒരുതരം ആക്രാന്തത്തോടെ മാധ്യമങ്ങള്‍ അതിനെ സമീപിക്കുന്നത് എന്നര്‍ഥം. കാരണം, ഇത്തരം നിരവധി പ്രസ്താവനകളും പ്രസംഗങ്ങളും നമുക്ക് മുന്നിലുണ്ട്. അവയോടൊന്നും ഈ സമീപനം കണ്ടിട്ടില്ല. മുമ്പും അങ്ങനെയുണ്ടായിരുന്നില്ല.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്‍ കഴിഞ്ഞ ഒക്ടോബര്‍ ആറിന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ്, കൂത്തുപറമ്പ് വെടിവയ്പ്പും എ കെ ജി ആശുപത്രി പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കെ സുധാകരന്‍ എംപിയാണെന്ന് വെളിപ്പെടുത്തിയത്. ""കൂത്തുപറമ്പില്‍ പോകരുതെന്ന് ഞങ്ങളെല്ലാം പറഞ്ഞു. മന്ത്രി രാമകൃഷ്ണന്‍ പോകാന്‍ തയ്യാറാകാതിരുന്ന കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് അയച്ചത് സുധാകരനാണ്. എ കെ ജി ആശുപത്രി പിടിച്ചെടുക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എ കെ ജിയുടെ പേരിലുള്ള സ്ഥാപനവുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. സുധാകരനായിരുന്നു ആശുപത്രി പിടിച്ചെടുക്കലിനുപിന്നില്‍. കൂത്തുപറമ്പ്, എ കെ ജി ആശുപത്രി സംഭവങ്ങളെ തുടര്‍ന്നാണ് ബൂത്തിലിരിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ചരിത്രം അട്ടിമറിക്കപ്പെടുകയും പാര്‍ടി നാമാവശേഷമാകുകയും ചെയ്തു"". ""സുധാകരന്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും പ്രവര്‍ത്തകരെക്കൊണ്ട് ആയുധമെടുപ്പിച്ചതും പാര്‍ടിയെ രക്ഷിക്കാനായിരുന്നില്ല. സുധാകരന്റെ നാളുകള്‍ തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വീണ്ടും കാടുകയറും. അക്കാലത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗുണ്ടകളെ ഉപയോഗിക്കാറില്ല.""- എന്നും രാമകൃഷ്ണന്‍ പറഞ്ഞു. കൊലപാതകം, അതിനുള്ളപ്രേരണ, ഗുണ്ടാബന്ധം, അന്യായമായ സംഘംചേരല്‍, ആയുധശേഖരണം- ഇങ്ങനെ ഒട്ടേറെ കുറ്റങ്ങള്‍ സുധാകരനെതിരെ ചാര്‍ജ് ചെയ്യാനുള്ള വകയുണ്ട്. മുഖ്യസാക്ഷി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുതന്നെ. കേസെടുത്തോ ഉമ്മന്‍ചാണ്ടി? മൈക്കും കൊണ്ട് പ്രതികരണത്തിനായി പരക്കംപാഞ്ഞോ ചാനല്‍ജീവികള്‍? മുഖപ്രസംഗം എഴുതിയോ മനോരമ? കാര്‍ട്ടൂണ്‍ വരച്ചോ മാതൃഭൂമി? അതുചെയ്തിട്ടാണ് ഇന്നത്തെ ഉറഞ്ഞുതുള്ളലെങ്കില്‍ അതിനെ അന്തസ്സായ പണി എന്ന് വിളിക്കാമായിരുന്നു. ഇതിപ്പോള്‍ തറനിലവാരത്തിലുള്ള ഒന്നായിപ്പോയി.

കടയിലിരുന്ന് ചായകുടിക്കുകയായിരുന്ന നാല്‍പാടി വാസു എന്ന ചെറുപ്പക്കാരന്‍ തന്റെ ജാഥയ്ക്കുനേരെ നോക്കി പരിഹസിക്കുകയാണെന്ന് തോന്നിയപ്പോള്‍ സുധാകരന്റെ ഗണ്‍മാനെക്കൊണ്ട് വെടിവച്ച് കൊല്ലിച്ചു. എന്നിട്ട് അടുത്ത കേന്ദ്രത്തില്‍ പോയി, ഒരുത്തനെ വെടിവച്ച് കൊന്നിട്ടാണ് വരുന്നതെന്ന് വീമ്പിളക്കി. ആ നേതാവിനെ കേസില്‍നിന്ന് ഒഴിവാക്കാനായിരുന്നു മലയാള മനോരമയുടെയും മാതൃഭൂമിയുടെയും ആവേശം.

ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല. സീതിഹാജിയുടെ മകന്‍ ബഷീര്‍ ഇന്ന് മുസ്ലിംലീഗിന്റെ എംഎല്‍എയാണ്. ബഷീര്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ: ""ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷി പറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന്‍ ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട"". ഏതാണ് കേസ് എന്ന് സംശയിക്കേണ്ട- മുസ്ലിംലീഗുകാര്‍ പാഠപുസ്തകത്തിനെതിരെ സമരം ചെയ്തപ്പോള്‍ അധ്യാപകനെ ചവിട്ടിക്കൊന്ന കേസാണ്. അതില്‍ "കമ്യൂണിസ്റ്റുകാര്‍ സാക്ഷി പറയാന്‍ പോകരുതെന്ന് അന്ന് പറഞ്ഞതാണ്. ശങ്കരപണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു"- എന്നാണ് ബഷീര്‍ മൈക്കുകെട്ടി പൊതുയോഗത്തില്‍ പറഞ്ഞത്. പ്രത്യേക സാക്ഷികളുടെയൊന്നും ആവശ്യമില്ല. ഇന്റര്‍നെറ്റില്‍ വെറുതെ തിരക്കിയാല്‍ മതി. പ്രസംഗത്തിന്റെ പൂര്‍ണരൂപം കിട്ടും. ഈ പ്രസംഗം ഏതെങ്കിലും പത്രമോ ചാനലോ റിപ്പോര്‍ട്ടുചെയ്യുന്നത് മലയാളികള്‍ കണ്ടോ? എവിടെയെങ്കിലും ചര്‍ച്ചചെയ്യപ്പെട്ടോ? എം എം മണിയുടെ മേല്‍ കുതിരകയറുമ്പോള്‍ ആ ഓര്‍മ ഉണ്ടായിരിക്കേണ്ടതല്ലേ? എം എം ഹസ്സന്‍ പറഞ്ഞത്, കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട് എന്നാണ്. ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിന്റെ പരിപാടിയിലാണ് ആ പരാമര്‍ശം ഉണ്ടായത്.

എം എം മണിയുടെ പ്രസംഗം പ്രാദേശിക വീഡിയോപടമെടുപ്പുകാരനെ തേടിപ്പിടിച്ച് കൈവശപ്പെടുത്തി ഉത്സവമാക്കിമാറ്റിയ ചാനലിന് സ്വന്തം മുറ്റത്തുവന്ന് ഹസ്സന്‍ നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തയുടെ പൊടിപോലുമായില്ല. എന്തൊരു കാപട്യമാണിത്? എന്തുതരം ദാസ്യമാണിത്? എം എം മണിയുടെ പ്രസംഗം കൊണ്ട് കുരുക്കുതീര്‍ത്ത് സിപിഐ എമ്മിനെ തൂക്കിക്കൊന്നുകളയാം എന്ന് മോഹിച്ചുള്ള പരക്കംപാച്ചിലല്ല ഇത് എന്ന് സാമാന്യബോധമുള്ള മലയാളിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഉമ്മന്‍ചാണ്ടിക്ക് ഗ്ലൂക്കോസ് കൊടുക്കാനുള്ള അഭ്യാസമാണിത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയവരുടെ മൊഴി എന്നപേരില്‍ കഥകളും ഉപകഥകളും സൃഷ്ടിച്ച് വിട്ടവരുടെ ഇടവേളയിലെ വിനോദം മാത്രം. ഇതിനൊക്കെ ഉമ്മന്‍ചാണ്ടിയും യുഡിഎഫും എങ്ങനെയെല്ലാം പ്രത്യുപകാരം ചെയ്യേണ്ടിവരും എന്നാണ് ഇനി അന്വേഷിക്കേണ്ടത്. എന്തായാലും സുധാകരനെതിരെ കേസെടുക്കാനോ അറസ്റ്റുചെയ്യാനോ നട്ടെല്ലുകാണിച്ചു വേണമല്ലോ എം എം മണിയെത്തേടി ചെല്ലാന്‍. അതുപറയാന്‍ യുഡിഎഫ് വിലാസം മാധ്യമങ്ങളുടെ വഴുവഴുപ്പന്‍ നാവിന് കഴിയില്ല എങ്കിലും എല്ലാം കാണുന്ന നാട്ടുകാര്‍ക്ക് അങ്ങനെ ചിന്തിക്കാതിരിക്കാനാകില്ല. എം എം മണി പറഞ്ഞതുപോലെ, ""വെടിക്കെട്ടുകാരന്റെ കുട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നത്"" കൗതുകമുള്ള കാഴ്ചതന്നെ.