2015 സെപ്റ്റംബർ 16, ബുധനാഴ്‌ച

വലതുദാസ്യത്തിന്റെ ലാവലിന്‍ ന്യായങ്ങള്‍


മാരീചന്‍  എഴുതുന്നു  :
(ചന്ദ്രപ്പന്റെ പിണറായിപ്പക - ഭാഗം രണ്ട്)

സിപിഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റയുടനെ കോണ്‍ഗ്രസിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ ചന്ദ്രപ്പന്‍ ഇങ്ങനെ പങ്കുവെച്ചു:
ഇന്ത്യയില്‍ വിപ്ലവം നടത്താന്‍ ദേശീയ ബൂര്‍ഷ്വാസിയ്ക്കും പങ്കുണ്ട്. ഇന്ത്യയിലെ ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ചേര്‍ന്നു നിന്നാല്‍ വിപ്ലവം നടത്താമെന്ന് ആരും വിശ്വസിക്കുന്നില്ല. ഇടതുപാര്‍ട്ടികളെല്ലാം ചേര്‍ന്നു നിന്നാലും അതു നടക്കില്ല. ഇന്ത്യ വളരെ വലുതും വൈവിദ്ധ്യപൂര്‍ണവുമാണ്. രാജ്യത്തിന് വിസ്തൃതമായൊരു ചരിത്രപശ്ചാത്തലമുണ്ട്. ഇതെല്ലാം നെഗേറ്റ് ചെയ്ത് ചെറിയൊരു ഓപ്പറേഷനിലൂടെ വിപ്ലവം പറ്റില്ല. അതിന് എല്ലാ പാര്‍ട്ടികളെയും അണി ചേര്‍ക്കേണ്ടതുണ്ട്. അതില്‍ കോണ്‍ഗ്രസിനും വലിയൊരു പങ്കുണ്ട്. (കലാകൌമുദി, 2010 നവംബര്‍ - ലക്കം 1836, പേജ് 34).
‘ദേശീയ ബൂര്‍ഷ്വാസി’യെന്ന പ്രയോഗം കുത്തിക്കയറ്റി പ്രത്യയശാസ്ത്രജാട വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചന്ദ്രപ്പന്റേത് വെറും ചപ്പടാച്ചിയാണ്. കോണ്‍ഗ്രസിന്റെ വര്‍ഗരാഷ്ട്രീയം തന്നെയാണ് താനും ഉള്ളിന്റെയുള്ളില്‍ പങ്കുവെയ്ക്കുന്നത് എന്ന് തുറന്നുപറയാനുള്ള സത്യസന്ധതയില്ലായ്മയില്‍ നിന്ന് പുറപ്പെടുവിക്കുന്ന വെറും ജല്‍പനം. പൊതുബോധത്തിന്റെ ഉപരിപ്ലവതയില്‍ നീന്തിത്തുടിക്കുന്നവര്‍പോലും ഈ ഡയലോഗുകളില്‍ വീണുപോകാനിടയില്ല. അത്രമേല്‍ പരിഹാസ്യമാണ്, ആര്‍ക്കെതിരെയാണോ വിപ്ലവം നടത്തേണ്ടത്, അവരുമായി ചേര്‍ന്ന് വിപ്ലവം നയിക്കാമെന്ന ചന്ദ്രപ്പന്‍ തിയറി. ഭരണവര്‍ഗത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യമുള്ള കോണ്‍ഗ്രസുമായി ചേര്‍ന്ന് തൊഴിലാളിവര്‍ഗ വിപ്ലവം നടത്താമെന്ന പ്രത്യാശ ഉളുപ്പില്ലാതെ പ്രകടിപ്പിക്കുന്ന ചന്ദ്രപ്പനെ ‘കമ്മ്യൂണിസ്റ്റ് നേതാവ്’ എന്നു വിശേഷിപ്പിച്ചാല്‍ സാക്ഷാല്‍ കാറല്‍ മാര്‍ക്സ് കുഴിയില്‍ നിന്നെഴുന്നേറ്റു വന്ന് മാനിഫെസ്റ്റോ ചുട്ടുകളയാനിടയുണ്ട്!

‘സര്‍വരാജ്യത്തൊഴിലാളികളേ, സംഘടിക്കുവിന്‍’ എന്ന മുദ്രാവാക്യത്തിന്, ‘സംഘടിച്ചു മുതലാളിയ്ക്കു പിന്നില്‍ അണിനിരക്കുവിന്‍’ എന്ന അനുപല്ലവിയുടെ സാധ്യത മാര്‍ക്സിന്റെയും ലെനിന്റെയും പേക്കിനാവുകളില്‍ പോലും കടന്നുവന്നിരിക്കില്ല. നഷ്ടപ്പെടാന്‍ നിങ്ങള്‍ക്ക് കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ല എന്നാണ് മാര്‍ക്സും ഏംഗല്‍സും തൊഴിലാളികളോട് പറഞ്ഞത്. ചന്ദ്രപ്പന്‍ തൊഴിലാളിയോട് പറയുന്നതാകട്ടെ, നിങ്ങളായിട്ട് സംഘടിച്ച് മുതലാളിയുടേതൊന്നും നഷ്ടപ്പെടുത്തരുതെന്നും.

മുതലാളിയോടൊട്ടി നിന്നും വിപ്ലവപ്പാര്‍ട്ടിയ്ക്ക് മുഖ്യമന്ത്രിയെ സൃഷ്ടിക്കാം എന്നു ലോകത്തിനു കാട്ടിക്കൊടുത്തു, ചന്ദ്രപ്പനും സംഘവും. മുല്ലപ്പൂമ്പൊടിയേറ്റാല്‍ കല്ലിനും സുഗന്ധമുണ്ടാകുമെന്ന പഴഞ്ചൊല്ലും വിശ്വസിച്ച് രാഷ്ട്രീയം കളിച്ചുനോക്കിയെങ്കിലുംകോണ്‍ഗ്രസ് എന്ന കരിങ്കല്ലിനടിയില്‍പ്പെട്ട് പാവം കമ്മ്യൂണിസ്റ്റ് ‘മുല്ലപ്പൂ’ ചതഞ്ഞരഞ്ഞ ദയനീയകാഴ്ചയാണ് രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അവശേഷിച്ചത്.

ഇന്ത്യയിലെ ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ചേര്‍ന്നു നിന്നാല്‍ വിപ്ലവം നടത്താമെന്ന് ആരും വിശ്വസിക്കുന്നില്ല എന്നുറപ്പിച്ചു പറയുന്നുണ്ടെങ്കിലും, കോണ്‍ഗ്രസുമായി ചേര്‍ന്ന് വിപ്ലവം സാധ്യമാക്കാമെന്ന തിയറിയില്‍ എത്രപേര്‍ക്കു വിശ്വാസമുണ്ടെന്ന് ചന്ദ്രപ്പന്‍ തെളിവു നല്‍കുന്നില്ല. ബീഡിക്കുറ്റിപോലെ എരിഞ്ഞു തീരുന്ന സിപിഐയുമായുള്ള ചങ്ങാത്തം കൊണ്ട് ‘സഖാവ് ദേശീയ ബൂര്‍ഷ്വാസി’ നല്ലപിള്ളയാകുമെന്ന വ്യാമോഹത്തിനാണ് താരതമ്യേന വിശ്വാസ്യത കുറവെന്നു തിരിച്ചറിയാനുള്ള വകതിരിവും ചന്ദ്രപ്പനില്ല.

സാമൂഹ്യാധീശത്വവും സാമ്പത്തിക മേല്‍ക്കോയ്മയും കയ്യടക്കിയ പ്രബലവര്‍ഗത്തിന്റെ രാഷ്ട്രീയമുഖമായ കോണ്‍ഗ്രസിനോടു തുടരുന്ന വിപ്രലംഭശൃംഗാരത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തു തന്നെയാണ് സിപിഐയുടെ ലാവലിന്‍ നിലപാടുകളുടെ ആണിക്കല്ലു തറഞ്ഞിരിക്കുന്നത്. യുക്തിഹീനവും ഉപരിപ്ലവവുമായ സിപിഐയുടെ ലാവലിന്‍ കാരണമറിയാന്‍ വേറൊരു പ്രതികരണത്തില്‍ നിന്നും തുടങ്ങണം.

സിപിഎം വളരുന്നതില്‍ സിപിഐ മോങ്ങുന്നതെന്തിന്?

ജനപിന്തുണ വര്‍ദ്ധിപ്പിക്കാനും ജനസംഖ്യയില്‍ അമ്പതുശതമാനത്തിന്റെ പിന്തുണ നേടാനുംസിപിഎം ശ്രമിക്കുമെന്ന് പറഞ്ഞതുകേട്ട് ഏറ്റവും അരിശം കൊണ്ടത് സിപിഐയാണ്. തങ്ങളുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഏതു രാഷ്ട്രീയപ്രസ്ഥാനവും ശ്രമിക്കുക സ്വാഭാവികമാണ്. അതിന് ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ തീര്‍ച്ചയായും വിമര്‍ശിക്കപ്പെടുകയും ചെയ്യും. പക്ഷേ, ഇവിടെ കണ്ടത് അതല്ല. തങ്ങളുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞയുടനെ മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂലക്കുരു പൊട്ടി. അസ്വാഭാവികമായ ആ പ്രതികരണത്തിന്റെ ഉള്ളുകള്ളികള്‍ തേടാനാണ് ചന്ദ്രപ്പന്റെ ലാവലിന്‍ പ്രതികരണങ്ങള്‍ കീറിമുറിച്ചു പരിശോധിക്കേണ്ടത്.

ഇന്ത്യയില്‍ ഏറ്റവും പ്രബലവും സുസംഘടിതവുമായ ഇടതുപക്ഷ പ്രസ്ഥാനമാണ് സിപിഎം. ഇടതുപക്ഷാശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യമാര്‍ഗങ്ങളിലൂടെ ബഹുജനമുന്നേറ്റം സംഘടിപ്പിക്കാന്‍ ശേഷിയുള്ള സിപിഎമ്മിന്റെ ബഹുജനപിന്തുണ ഇടിച്ചു കളയേണ്ടത് വലതുപക്ഷശക്തികളുടെ ആവശ്യമാണ്. രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നഹങ്കരിക്കുന്ന സിപിഐയ്ക്കാകട്ടെ. ഇടതുപക്ഷാശയങ്ങള്‍ മുന്‍നിര്‍ത്തി ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സ്വന്തം ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയില്ല. വലതുപാളയത്തില്‍ നില്‍ക്കുന്നവരെ ഇടതുപക്ഷത്തേയ്ക്ക് ആകര്‍ഷിക്കും വിധം സ്വന്തം ആശയങ്ങള്‍ ആഴത്തില്‍ പ്രചരിപ്പിച്ച് ശക്തമായ ഇടതുപക്ഷപ്പാര്‍ട്ടിയായി സ്വയം വളരുക എന്ന ലക്ഷ്യമല്ല അവര്‍ക്കുള്ളത്. മറിച്ച്, സിപിഎമ്മിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ആ പാര്‍ട്ടിയുടെ ജനപിന്തുണ ഇടിച്ചുതകര്‍ക്കുംവിധം വലതുപക്ഷത്തിനു വിടുപണി ചെയ്യുകയാണ് അവരില്‍ നിക്ഷിപ്തമായ കടമ.

തങ്ങളുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളില്‍ സിപിഐയുടെ ഉറക്കം പോകുന്നത് അതുകൊണ്ടാണ്. സിപിഎം ശക്തിപ്പെടുന്നത് തടയുക എന്ന വലതുപക്ഷ അജണ്ട സസന്തോഷം സിപിഐയും ഏറ്റെടുക്കുന്നു. ജനസ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ചെറുക്കാന്‍ കിട്ടാവുന്ന ആയുധങ്ങളെല്ലാം ഉപയോഗിക്കുകയാണ് ചന്ദ്രപ്പന്‍. വ്യാപകമായ കള്ളക്കഥകള്‍ മെനഞ്ഞ് പ്രചരിപ്പിച്ച് കേരളത്തില്‍ വ്യാജപൊതുബോധം സൃഷ്ടിച്ച ലാവലിന്‍ സ്വാഭാവികമായും അദ്ദേഹം കൈയിലെടുക്കുന്നു.

പിണറായിയുടെ സ്വഭാവഹത്യയ്ക്ക് ചന്ദ്രപ്പന്റെ ആര്‍പ്പുവിളി

സിപിഎമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് അനുകൂല മാദ്ധ്യമങ്ങളും തട്ടിക്കൂട്ടിയ കേസാണ് ലാവലിന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ഒരു കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പൊതുസമൂഹത്തിനു മുന്നില്‍ സിപിഎമ്മിന്റെ ഊര്‍ജം കുത്തിച്ചോര്‍ത്തുക എന്നതായിരുന്നു കേസിന്റെ ലക്ഷ്യം. എസ്എന്‍സി ലാവലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ യഥാര്‍ത്ഥശില്‍പിയായ ജി. കാര്‍ത്തികേയന്‍ മുതല്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ധനസഹായം അട്ടിമറിച്ച കടവൂര്‍ ശിവദാസന്‍ വരെയുള്ള അഞ്ചു മന്ത്രിമാര്‍ ഉള്‍പ്പെട്ട കരാറാണത്. അവരില്‍ നിന്ന് പിണറായി വിജയനെ മാത്രം തിരഞ്ഞുപിടിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയതില്‍ നിന്നും അന്വേഷണത്തിലെ രാഷ്ട്രീയസ്വാധീനം ബോധ്യമാകും. കേരളത്തിലെയും കേന്ദ്രത്തിലെയും ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതില്‍ പങ്കുണ്ട്. വ്യക്തമായി പറഞ്ഞാല്‍ ചന്ദ്രപ്പന്റെ സ്വന്തം ‘സഖാവ് ദേശീയ ബൂര്‍ഷ്വാസി’യാണ് ഈ കേസിന്റെ സൃഷ്ടാവ്.

ദേശീയബൂര്‍ഷ്വാസിയ്ക്കു വേണ്ട ആശയപരിസരം നിര്‍മ്മിക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളാണ് ലാവലിന്‍ വിവാദം കത്തിച്ചുയര്‍ത്തിയത്. ഹീനമായ കള്ളക്കഥകള്‍ സ്വന്തമായി മെനഞ്ഞു പ്രചരിപ്പിച്ചാണ് അവര്‍ ആ ദൌത്യം ഏറ്റെടുത്തത്. പിണറായി വിജയനെ സ്ഥാനഭ്രഷ്ടനാക്കാന്‍ വ്രതമെടുത്ത് കാവടി തുള്ളിയ 'യഥാര്‍ത്ഥ' കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയും അവര്‍ക്കു കിട്ടി.

ഇവര്‍ക്കൊക്കെ ഒറ്റലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി സംസ്ഥാന സെക്രട്ടറിയെ നീക്കം ചെയ്യുക. അതിനുവേണ്ടി മാന്യതയുടെയും മര്യാദയുടെയും എല്ലാ സീമകളും നിര്‍ലജ്ജം ലംഘിക്കപ്പെട്ടു. ഇന്ന് സിപിഎമ്മിനെ മര്യാദപഠിപ്പിക്കാനിറങ്ങിയവരാരും ഒരിറ്റു മര്യാദ സിപിഎമ്മിനോടു കാണിക്കൂ എന്ന് അന്ന് ആരോടും പറഞ്ഞില്ല. പിണറായി വിജയനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനും സിപിഎമ്മിനെ കളങ്കിതമാക്കുന്നതിനും വേണ്ടി ലാവലിന്‍ വിവാദം ഉണ്ടാക്കി, പ്രചരിപ്പിച്ചവര്‍ ആഗ്രഹിച്ച പ്രശ്നപരിഹാരം ചന്ദ്രപ്പനും നിര്‍ദ്ദേശിക്കുമ്പോള്‍, അദ്ദേഹം ആരുടെ വിടുപണിയാണ് ചെയ്യുന്നത് എന്നു വ്യക്തമാകുന്നു.

ചന്ദ്രപ്പന്റെ ചാരുകസേര ന്യായങ്ങള്‍ ആര്‍ക്കുവേണ്ടി?

അങ്ങേയറ്റം യുക്തിഹീനവും അപഹാസ്യവുമായ ന്യായങ്ങളാണ് ലാവലിന്‍ സംബന്ധിച്ച് ചന്ദ്രപ്പന്‍ അവതരിപ്പിക്കുന്നത്. അങ്ങേയറ്റം കഠിനാധ്വാനം ചെയ്താണ് സിപിഎം തങ്ങളുടെ ഭാഗം പൊതുസമൂഹത്തിനു മുന്നില്‍ വിശദീകരിച്ചത്. ഓരോ ആരോപണത്തെയും ഇഴതിരിച്ചു വസ്തുത വിശദീകരിക്കുക മാത്രമല്ല സിപിഎം ചെയ്തത്, വിവാദവുമായി ബന്ധപ്പെട്ട് കൃത്രിമമായി തയ്യാറാക്കി പ്രചരിപ്പിച്ച കള്ളക്കഥകള്‍ കയ്യോടെ പിടിച്ച് പൊളിച്ചടുക്കുകയും ചെയ്തു. ആ വിശദീകരണങ്ങളെ അപ്രസക്തമാക്കുന്ന യുക്തിയോ വസ്തുതയോ ആഴമേറിയ നിരീക്ഷണങ്ങളോ വിലയിരുത്തലോ ചന്ദ്രപ്പന്‍ കൊണ്ടുവരുന്നുവെങ്കില്‍ അതിനു ചെവി കൊടുക്കുക തന്നെ വേണം. പക്ഷേ, അതല്ല അദ്ദേഹം ചെയ്തത്. ഏത് വഴിപോക്കനും തുപ്പിത്തെറിപ്പിക്കാവുന്ന തൊടുന്യായങ്ങള്‍ നിരത്തി അദ്ദേഹം പിണറായിവേട്ടയ്ക്ക് രംഗത്തിറങ്ങി.

“ലാവലിന്‍ കേസ് ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം സിപിഎം ആലോചിക്കണം”, “ലാവലിന്‍ വിഷയം രാഷ്ട്രീയമായും സംഘടനാപരമായും നേരിടുമെന്ന നിലപാട് ജനങ്ങള്‍ അംഗീകരിക്കുമോയെന്ന് ആലോചിക്കണം” എന്നിങ്ങനെ പോകുന്നു, ചന്ദ്രപ്പന്‍ നിര്‍ദ്ദേശിക്കുന്ന കുറിപ്പടി. സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാതൃഭൂമി ലേഖകന്‍ വി. ബി. ഉണ്ണിത്താനോട് ചന്ദ്രപ്പന്‍ ഇങ്ങനെ പറഞ്ഞു...
ചോദ്യം - ലാവലിന്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടു ശരിയായിരുന്നോ?
ഉത്തരം - സിപിഎമ്മിന്റെ നിലപാട് ഒട്ടും ശരിയായിരുന്നില്ല. ലാവലിന്‍ വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്നു പറഞ്ഞത് വളരെ മോശമായിപ്പോയി. പണ്ട് ചില ആരോപണങ്ങളുണ്ടായപ്പോള്‍ എം എന്‍ ഗോവിന്ദന്‍ നായരും ടി വി തോമസും പോയ വഴിയായിരുന്നു പിണറായി വിജയനും നല്ലത്.
വരദാചാരിയുടെ തല ഏറ്റെടുത്ത് ആഘോഷിച്ച, ദീപക് കുമാര്‍ എന്ന കള്ളസാക്ഷിയെ മുന്‍നിര്‍ത്തി കള്ളക്കളി കളിച്ച മാതൃഭൂമിയാണ് ചന്ദ്രപ്പനോട് ലാവലിന്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടു ശരിയായിരുന്നോ എന്ന പരിഹാസ്യമായ ചോദ്യം ചോദിച്ചത്. സിപിഎമ്മിന്റേതല്ല, മാതൃഭൂമിയുടെ നിലപാടായിരുന്നു തെറ്റ് എന്നു പറയാനുള്ള അറിവോ ആര്‍ജവമോ ചന്ദ്രപ്പനില്ല. അതുകൊണ്ട് എംഎന്‍ - ടിവി താരതമ്യത്തിലൂടെ അദ്ദേഹം സിപിഎമ്മിന്റെ മേല്‍ മെക്കിട്ടു കയറുന്നു.
വസ്തുതാപരമായി ഒരു നിലനില്‍പ്പുമില്ലാത്ത ഒരസംബന്ധ താരതമ്യമാണ് എംഎന്‍ - ടിവി ഉദാഹരണം. 1967ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അഴിമതിയാരോപണമുണ്ടായപ്പോള്‍ എംഎന്നും ടിവി തോമസും മന്ത്രിപദമേ രാജിവെച്ചുള്ളൂ. സിപിഐയുടെ ഒരു സംഘടനാചുമതലയും അവര്‍ ഒഴിഞ്ഞിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട പദവികളേതെങ്കിലും പിണറായി വഹിച്ചിരുന്നുവെങ്കില്‍, അതു രാജിവെയ്ക്കുമായിരുന്നു എന്നു സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. മന്ത്രിയായിരുന്നുവെങ്കില്‍ പിണറായി എംഎന്‍ - ടിവി കീഴ്‌വഴക്കം തന്നെ സ്വീകരിക്കുമായിരുന്നു എന്നു നിശ്ചയം. അക്കാര്യം സുവ്യക്തമായിരിക്കെ, അഴിമതിയാരോപണത്തിന്റെ പേരില്‍ സിപിഎമ്മിന്റെ സംഘടനാചുമതല ഒഴിയണമെന്ന് എംഎന്‍ - ടിവി പേരുകള്‍ ചൂണ്ടി എന്തിനാണ് ചന്ദ്രപ്പന്‍ വാശിപിടിക്കുന്നത്?

പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ഒഴിയണം എന്ന രഹസ്യമോഹം വെച്ചുപുലര്‍ത്തുന്നവരില്‍ ചന്ദ്രപ്പനുമുണ്ട്. ആ ലക്ഷ്യമുള്ള പലരും പലവിധ ന്യായങ്ങള്‍ നിരത്തി സമ്മര്‍ദ്ദസൃഷ്ടിയ്ക്ക് തങ്ങളുടെ സംഭാവന ആവോളം നല്‍കി. അക്കൂട്ടത്തില്‍ ചന്ദ്രപ്പന്റെ സംഭാവനയാണ് എംഎന്‍-ടിവി അസംബന്ധ താരതമ്യം. സിപിഐയുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കം ചെയ്യാനുള്ള ഉപജാപങ്ങളില്‍ സസന്തോഷം അണിചേരാനാണ് ചന്ദ്രപ്പന്‍ സിപിഐയുടെ സംസ്ഥാനസെക്രട്ടറി പദമേറ്റത്.
രാഷ്ട്രീയമായി ലാവലിന്‍ കേസിനെ സിപിഎം നേരിട്ടത് ശരിയായില്ല എന്നത്രേ ചന്ദ്രപ്പമതം! ഇപ്പറഞ്ഞതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കിയത് എന്ന് ചാനലുകാര്‍ കുത്തിക്കുത്തിച്ചോദിച്ചിട്ടും ചന്ദ്രപ്പന്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ലാവലിന്‍ കേസിനെ സിപിഎം രാഷ്ട്രീയമായി നേരിട്ടപ്പോള്‍ പരിക്കുപറ്റിയതും മുഖം നഷ്ടപ്പെട്ടതും ആരെന്നും അവരുമായി ചന്ദ്രപ്പന്റെ ചാര്‍ച്ചയെന്ത് എന്നും പരിശോധിച്ചാല്‍ ചന്ദ്രപ്പന്യായത്തിന്റെ ഗുട്ടന്‍സു പിടികിട്ടും.

ലാവലിന്‍ കേസില്‍ ചന്ദ്രപ്പന്റെ സ്വന്തം ദേശീയ ബൂര്‍ഷ്വാസി നടത്തിയ ഗൂഢാലോചനയുടെ ഉള്ളുകള്ളികളാണ് ആദ്യം പൊളിഞ്ഞുവീണത്. ‘ഫൌണ്ടര്‍ ഓഫ് ദി കോണ്‍സ്പിറസി’ എന്ന വിളിപ്പേര് ചാര്‍ത്തിയശേഷം വന്‍വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തിയാണ് കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ ഒഴിവാക്കിയത്. കാന്‍സര്‍ സെന്ററിന്റെ സഹായം അട്ടിമറിച്ച കടവൂരിനെ സാക്ഷിപ്പട്ടികയില്‍ നിന്നുപോലും മാറ്റിനിര്‍ത്തി. കേസ് ആദ്യാവസാനം പിന്തുടരുന്നവര്‍ക്ക് ഇതൊക്കെ ഇന്ന് മനപ്പാഠമാണ്.

മനോരമയും മാതൃഭൂമിയുമാണ് സിപിഎമ്മിന്റെ പ്രത്യാക്രമണത്തില്‍ മുഖം നഷ്ടപ്പെട്ട മഹാഭീമന്മാര്‍. കള്ളക്കഥകള്‍ നിര്‍ലോഭമായി ചമച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ജനശത്രുക്കളാക്കാന്‍ 1957 മുതല്‍ അധ്വാനിച്ച ഈ പത്രങ്ങള്‍ക്ക് ലാവലിന്‍ വിവാദത്തിലും ചുമതല അതുതന്നെയായിരുന്നു. ക്രൈം എന്ന അശ്ളീലവാരികയില്‍ നട്ടുവളര്‍ത്തി, മനോരമയും മാതൃഭൂമിയും ഏറ്റുപാടിയ നുണകള്‍ തൊണ്ടിയോടെ പിടിച്ച് പൊതുസമൂഹത്തിനു മുന്നില്‍ ഹാജരാക്കി. 374 കോടിയുടെ അഴിമതി, സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണല്‍, വരദാചാരിയുടെ തല പരിശോധന, ഫയല്‍ മുക്കല്‍, രാജഗോപാലന്റെ കൊലപാതകം, ദീപക് കുമാര്‍ നേരിട്ടു കണ്ട കൊലപാതകവും കൈക്കൂലി കൊടുക്കലും... പൊളിഞ്ഞു വീണത് അങ്ങനെ എത്ര കഥകള്‍.

ഈ കള്ളക്കഥകളെ സിപിഎം പൊളിച്ചടുക്കിയതു വഴി വിശ്വാസ്യത നഷ്ടപ്പെട്ട മാദ്ധ്യമങ്ങളുടെ ജാള്യത മറയ്ക്കാന്‍ കൂടിയാണ് ചന്ദ്രപ്പന്റെ എഴുന്നള്ളത്ത്. ദീപക് കുമാര്‍ എന്ന ‘ദൃക്സാക്ഷി’യെ അവതരിപ്പിച്ച് പരിഹാസ്യരായ മാതൃഭൂമി വഴിയാണ് ചന്ദ്രപ്പന്റെ ലാവലിന്‍ അഭിപ്രായം പൊതുമണ്ഡലത്തിലെത്തിയത് എന്നോര്‍ക്കുക. ലാവലിന്‍ കേസിനെ സംബന്ധിച്ച് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ചന്ദ്രപ്പനടക്കം രംഗത്തിറങ്ങേണ്ടിവരുന്നു. വരദാചാരിയുടെ തലയെയും ദീപക് കുമാറിനെയുമൊക്കെക്കുറിച്ച് പൊതുമണ്ഡലത്തില്‍ നടക്കേണ്ട ചര്‍ച്ചയെ ഗളഹസ്തം ചെയ്യാനാണ് ആ വരവ്. അതു തിരിച്ചറിയുന്നവരില്‍ നിന്ന് സ്വാഭാവികമായും രൂക്ഷമായ വിമര്‍ശനം ചന്ദ്രപ്പനും സംഘവും നേരിടേണ്ടിവരുന്നു.
ലേഖനങ്ങളും ലഘുലേഖകളും സെമിനാറുകളും പൊതുയോഗങ്ങളുമടക്കമുള്ള ബഹുജനവിദ്യാഭ്യാസ പരിപാടിയിലൂടെയാണ് സിപിഎം തങ്ങളുടെ രാഷ്ട്രീയ പ്രത്യാക്രമണം സംഘടിപ്പിച്ചത്. സിഎജിയുടെ കരട് റിപ്പോര്‍ട്ടിനെ ഏകപക്ഷീയമായി വ്യാഖ്യാനിച്ചും സ്വന്തമായി കള്ളക്കഥകള്‍ നിര്‍മ്മിച്ചും സിബിഐ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ നിഷ്പക്ഷവിശകലനം ചെയ്യാതെ ബഹുവര്‍ണത്തില്‍ അലങ്കരിച്ചു പ്രദര്‍ശിപ്പിച്ചും മാദ്ധ്യമങ്ങള്‍ നിര്‍മ്മിച്ച വ്യാജമായ പൊതുബോധ്യത്തെ ഇങ്ങനെയല്ലാതെ, പിന്നെങ്ങനെയാണ് ഒരു ജനാധിപത്യപ്രസ്ഥാനം അതിജീവിക്കാന്‍ ശ്രമിക്കേണ്ടത്? ഇതെങ്ങനെയാണ് കുറ്റകരമാകുന്നത്?

മഹാമാദ്ധ്യമങ്ങള്‍ക്കു തലച്ചോറു തീറെഴുതിയവരില്‍ സിപിഎമ്മിന്റെ അണികളും നേതാക്കളും പോലുമുണ്ട്. സമര്‍പ്പിതവും നിരന്തരവുമായ ബഹുജനവിദ്യാഭ്യാസത്തിലൂടെ മാത്രമേ അവരെ തിരുത്തി ഒപ്പം നിര്‍ത്താനാവൂ. ശ്രമകരമായ ആ ദൌത്യം ക്ലേശകരമായി നിര്‍വഹിക്കുന്ന വേളയിലാണ് ചന്ദ്രപ്പന്റെ ഒളിയമ്പുകള്‍ സിപിഎമ്മിനുമേല്‍ പതിച്ചത്. കള്ളക്കേസുണ്ടാക്കിയ കോണ്‍ഗ്രസിനും കള്ളക്കഥകള്‍ പാടിപ്പരത്തിയ മാദ്ധ്യമങ്ങള്‍ക്കും വേണ്ടി ഇടതുപാളയത്തിലിരുന്ന് ചെയ്ത ഈ വിടുപണിയിലൂടെ ചന്ദ്രപ്പന്റെ യഥാര്‍ത്ഥ രാഷ്ട്രീയം മറനീക്കി പുറത്തുവരുന്നു.

ലാവലിന്‍ കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കുക വഴി ഒട്ടേറെ വിഷയങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ സിപിഎം ഉയര്‍ത്തി. നിഷ്പക്ഷ മുഖംമൂടിയണിഞ്ഞ മാദ്ധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വേട്ടയാടാന്‍ സ്വീകരിക്കുന്ന വഴികള്‍ ഞെട്ടലോടെയാണ് കേരളത്തിലെ പുതുതലമുറ കണ്ടത്. ഭരണഘടനാസ്ഥാപനങ്ങളെയും കോടതികളെയും സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഉപയോഗിക്കുന്ന അമാന്യമായ വഴികളും സമൂഹത്തിനു മുന്നില്‍ തെളിഞ്ഞുവന്നു. ഇതിനെതിരെയുള്ള സമരത്തിലോ സംവാദത്തിലോ സിപിഐയോ ചന്ദ്രപ്പനോ ഉണ്ടായിരുന്നില്ല. കള്ളക്കഥകള്‍ ചമയ്ക്കുന്ന മാദ്ധ്യമങ്ങള്‍ക്കെതിരെ ഒരു വാക്കും ഓര്‍മ്മത്തെറ്റായിപ്പോലും ചന്ദ്രപ്പന്റെ നാവില്‍ നിന്ന് വീഴില്ല.

“മാദ്ധ്യമസിന്‍ഡിക്കേറ്റുണ്ടോ” എന്ന പത്രലേഖകരുടെ ചോദ്യത്തിന്, “ഞങ്ങളും നിങ്ങളും ഒരു സിന്‍ഡിക്കേറ്റല്ലേ” എന്ന ആലോചനാമൃതമായ മറുപടി എത്ര അനായാസവും സ്വാഭാവികവുമായാണ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്!
വലതുപക്ഷ സമൂഹത്തില്‍ നിന്ന് സിപിഎമ്മിനെതിരെ അതിശക്തവും ഏകോപിതവുമായ ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാനും പ്രത്യാക്രമണത്തിനും സിപിഐ ഉണ്ടാകില്ല എന്നുമാത്രമല്ല, സ്വന്തം പാളയത്തില്‍ നിന്നുകൊണ്ട് ഒറ്റാനും ഒളിയമ്പെയ്യാനും ചന്ദ്രപ്പനും സംഘവും മടിക്കുകയുമില്ല. അതാണ് ഈ വിവാദം ബാക്കിവെയ്ക്കുന്ന പാഠം. സുശക്തവും സുദൃഢവുമായ സിപിഎമ്മിന്റെ ബഹുജനസ്വാധീനം തകര്‍ക്കാനുള്ള ‘ദേശീയ ബൂര്‍ഷ്വാസി’യുടെ ക്വട്ടേഷനുമായാണ് ചന്ദ്രപ്പന്‍ എംഎന്‍ സ്മാരകത്തിലെ ചെങ്കോലും കിരീടവും തലയിലേറ്റിയത്. അതു കൈയോടെ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ചുണ്ണാമ്പു തേച്ച് കഴുതപ്പുറത്തിരുത്തി ദേശീയ ബൂര്‍ഷ്വാസിയുടെ പാളയത്തിലേയ്ക്ക് അദ്ദേഹത്തിന് ആചാരപരമായ യാത്രയയപ്പു നല്‍കാനുള്ള കടമ സധൈര്യം ഏറ്റെടുക്കുകയാണ് ഇടതുപക്ഷസമൂഹം ചെയ്യേണ്ടത്.

ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും





മാരീചന്‍ എഴുതുന്നു :


മുണ്ടയില്‍ കോരനും ചീരപ്പന്‍ചിറ കുമാരപ്പണിക്കരും തമ്മിലുണ്ടായിരുന്നത് കീഴാളനും ജന്മിയും തമ്മിലുള്ള അകലമായിരുന്നു. കോരന്‍ ചെത്തുകാരനായിരുന്നു. കുമാരപ്പണിക്കരോ, കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടന്ന തെങ്ങിന്‍തോട്ടത്തിനും അതിന്റെ ഒത്തനടുവില്‍ തലയുയര്‍ത്തി നിന്ന നാലുകെട്ടിനുമുടമയും. ചീരപ്പന്‍ചിറ വീതംവെച്ചപ്പോള്‍ കോട്ടയത്തു ഭാഗം കിട്ടിയ നെല്‍വയല്‍ വേറെ. ഏതാനും തെങ്ങു ചെത്തി അന്നത്തിനു വഴിതേടിയിരുന്ന കോരനും ഏക്കറുകണക്കിന് തെങ്ങിന്‍തോട്ടം സ്വന്തമായുണ്ടായിരുന്ന പണിക്കരും തമ്മിലുണ്ടായിരുന്ന അകലം അന്നുമിന്നും അളന്നു തിട്ടപ്പെടുത്തുക അസാധ്യം.

എങ്കിലും കോരന്റെ മകന്‍ വിജയന്‍ സിപിഎമ്മിന്റെയും കുമാരപ്പണിക്കരുടെ മകന്‍ ചന്ദ്രപ്പന്‍ സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരായി. ഇരുവരും ഇന്നു വഹിക്കുന്ന പദവിയുടെ പേരില്‍ തുല്യതയുണ്ട്. പക്ഷേ അതിന്റെ തൂക്കത്തിലുള്ളത് മേല്‍പറഞ്ഞ അന്തരത്തിന്റെ വിപരീതാനുപാതമാണ്. ജന്മിമാരെയും മാടമ്പികളെയും അവരുടെ മര്‍ദ്ദക സംവിധാനത്തെയും നേര്‍ക്കുനേരെ എതിരിട്ടുകൊണ്ടാണ് പിണറായി വിജയന്റെ രാഷ്ട്രീയവളര്‍ച്ച. ഏത് രാഷ്ട്രീയത്തെ അതിരൂക്ഷമായും എതിര്‍ത്തുകൊണ്ടാണോ പിണറായി വിജയന്റെ രാഷ്ട്രീയനിലപാടുകള്‍ക്ക് പതവും തഴമ്പും വന്നത്, ആ രാഷ്ട്രീയത്തെ അത്രയും ആഴത്തില്‍ പുണര്‍ന്നും അതിന്റെ സൌജന്യങ്ങള്‍ ആവോളം നൊട്ടിനുണഞ്ഞുമാണ് ചന്ദ്രപ്പന്റെ രാഷ്ട്രീയം പച്ചപിടിച്ചത്.

ഇതിനുമുമ്പൊരു സിപിഐ സംസ്ഥാന സെക്രട്ടറിയും കൈകാര്യം ചെയ്യാത്ത ഭാഷയിലും ശൈലിയിലും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയ്ക്കു നേരെ ചന്ദ്രപ്പന്‍ ഉറഞ്ഞു തുള്ളുമ്പോള്‍ വെറും അസൂയയുടെയും കുശുമ്പിന്റെയും കള്ളിയില്‍ അതിനെ അളന്നൊതുക്കാനാവില്ല. ചന്ദ്രപ്പന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത സിപിഎംവേട്ടയില്‍ അണപൊട്ടിയൊഴുകിയ പിണറായിപ്പകയുടെ യഥാര്‍ത്ഥകാരണം സിപിഐ- സിപിഐ(എം) വേര്‍പിരിയലിലും ഈ പകയുമായി നടക്കുന്ന സിപിഐ നേതാക്കള്‍ ജീവിച്ചു വളര്‍ന്ന ഭൌതികസാഹചര്യങ്ങളിലും തിരഞ്ഞേ മതിയാകൂ.

ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്ന രാഷ്ട്രീയയുക്തിയുടെ പിന്‍ബലത്തിലല്ല, അടിമുടി ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ച്ച ചന്ദ്രപ്പന്റെ സിപിഎം വിമര്‍ശനങ്ങള്‍. ഒരു വിഷയത്തെ ആഴത്തിലും പരപ്പിലും സമഗ്രമായി പഠിച്ചാണ് സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വിമര്‍ശനങ്ങള്‍ തയ്യാറാക്കുന്നത്. വസ്തുതാവിരുദ്ധതയ്ക്കുമേല്‍ അവരൊരിക്കലും തങ്ങളുടെ വിമര്‍ശനസൌധം പണിയാറില്ല. സമൂഹത്തിലെ അധികാരബന്ധങ്ങള്‍, അവ രൂപപ്പെട്ട ചരിത്രപശ്ചാത്തലം, സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ എന്നിവയൊന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒഴിവാക്കാനോ അവഗണിക്കാനോ കഴിയില്ല. ചന്ദ്രപ്പന്റെ വിമര്‍ശനങ്ങളില്‍ മുങ്ങാംകുഴിയിട്ടു പരതിയാലും ഇതിലൊന്നിന്റെയും ലാഞ്ചന പോലും കാണാനാവില്ല.

മിച്ചഭൂമി സമരം, ലാവലിന്‍, അന്ത്യത്താഴ വിവാദങ്ങളില്‍ ചന്ദ്രപ്പന്‍ തട്ടിമൂളിക്കുന്ന അഭിപ്രായപ്രകടനങ്ങളെല്ലാം, രണ്ടാം മുണ്ടും തോളിലിട്ട് ഒരു തറവാട്ടു കാരണവര്‍ തട്ടിവിടുന്ന “വിധിപ്രസ്താവന”യുടെയും “സാമാന്യവത്കരണ”ത്തിന്റെയും നിലവാരത്തിലായിപ്പോയതിനു കാരണം അദ്ദേഹത്തിന്റെ മനോഘടനയിലെ ഫ്യൂഡല്‍ സ്വാധീനമാണ്. സിപിഎമ്മിനോടും പിണറായി വിജയനോടും ചന്ദ്രപ്പന്‍ പ്രകടിപ്പിക്കുന്ന താന്‍പ്രമാണിത്തത്തിന്റെയും അഹങ്കാരോന്മാദത്തിന്റെയും വേരുകള്‍ വയലാറിലെ പഴയ തെങ്ങിന്‍തോപ്പിലും കോട്ടയത്തെ ചീരപ്പന്‍ചിറ വയലേലയിലും നിന്നാണ് വെള്ളവും വളവും വലിച്ചെടുക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പാരമ്പര്യം കൈമാറിയ മേല്‍ക്കോയ്മയുടെ വിഷരേണുക്കള്‍ സമൂലം തുടച്ചുനീക്കി തലച്ചോറിനെ ആശയപരമായി നവീകരിക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം നേരാംവണ്ണം ലഭിക്കാത്തതിന്റെ കുറവ് ചന്ദ്രപ്പന്റെ ഓരോ വാക്കിലും വാചകത്തിലുമുണ്ട്.

ഏതാണ്ട് ഒരേ ആശയത്തിനു കീഴില്‍ ഒരേ ലക്ഷ്യത്തിനു വേണ്ടി പോരാടുന്നവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ചില്ലറ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന സ്വാഭാവികവും മിതവുമായ എതിര്‍പ്പല്ല ചന്ദ്രപ്പന്‍ പിണറായി വിജയനു നേരെ തൊടുക്കുന്നത്. ചന്ദ്രപ്പന്റെ വിമര്‍ശനങ്ങളുടെ സാധുത പരിശോധിക്കുന്നതിനു മുമ്പ് ആദ്യം ചന്ദ്രപ്പനെത്തന്നെ വിശദമായി പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ എന്തുകൊണ്ട് ചന്ദ്രപ്പന്‍ ഇങ്ങനെയൊക്കെ പറയുന്നു എന്ന് കൃത്യമായി മനസിലാക്കാനാവൂ.

വലിയ ഉരുളികളിലും ചെമ്പുപാത്രങ്ങളിലും കുടുങ്ങിയ ഗൃഹാതുരത
സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ കലാകൌമുദി വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ തന്റെ കുടുംബസ്വത്തിന്റെ കണക്ക് അയവിറക്കുന്നുണ്ട്. വയലാര്‍ വെടിവെയ്പിന്റെ തൊട്ടുപിറ്റേന്ന് പട്ടാളം കുമാരപ്പണിക്കരുടെ വീടു വളഞ്ഞു. പട്ടാളക്കാരും ഗുണ്ടകളും കൂടി കവര്‍ന്നുകൊണ്ടുപോയ സാധനസാമഗ്രികളുടെ പട്ടിക സഖാവ് ചന്ദ്രപ്പന്‍ ഇങ്ങനെ നിരത്തിയിരിക്കുന്നു...
വലിയ ഉരുളികള്‍. ഓട്ടുവിളക്ക്, ചെമ്പു പാത്രങ്ങള്‍, മേശ, കസേര, കട്ടില്‍, പത്തായം, കൊപ്ര, നിലവറയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍... തലമുറകളുടെ സമ്പാദ്യമെല്ലാം പട്ടാപ്പകല്‍ കൊള്ളയടിച്ചു. സമ്പാദ്യങ്ങളില്‍ വിലപിടിച്ചതെല്ലാം പട്ടാളം തന്നെയാണ് കവര്‍ന്നത്. കവര്‍ച്ചയ്ക്കു ശേഷം വീടു കണ്ടുകെട്ടിയതായി വാതിലില്‍ മുദ്ര വെച്ചു. (കലാകൌമുദി, 2010 നവംബര്‍ - ലക്കം 1836, പേജ് 23).
“വലിയ ഉരുളികളും ഓട്ടുവിളക്കും ചെമ്പുപാത്രങ്ങളും തലമുറകള്‍ ശേഖരിച്ചു സൂക്ഷിച്ച ആഭരണങ്ങളുള്ള നിലവറ”യുമൊക്കെ ചേര്‍ന്നു പണിതിട്ട ഒരു തടവറയില്‍ കൂനിയിരുന്നുകൊണ്ടാണ്, ഭൂപ്രഭുക്കന്മാരില്‍ നിന്നും ഭൂമി പിടിച്ചെടുക്കാന്‍ ഏകെജിയുടെ നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ മിച്ചഭൂമി സമരത്തെ “മതിലുചാട്ടവും വേലികെട്ടലും” എന്നു ചന്ദ്രപ്പന്‍ പുച്ഛിക്കുന്നത്. ആ തടവറയില്‍ നിന്നു സമാഹരിച്ച രാഷ്ട്രീയബോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇത്രയും കാലം അദ്ദേഹം കൈകാര്യം ചെയ്ത കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. പട്ടാളം വീടു കൊള്ളയടിച്ചതില്‍ തീര്‍ന്നില്ല, ചന്ദ്രപ്പന്റെ നിലവറയിലെ തലമുറകളുടെ സമ്പാദ്യത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ക്ളൈമാക്സ് വേറെയായിരുന്നു. അശ്വമുഖത്തു നിന്നുതന്നെ കേള്‍ക്കാം:
“വയലാറില്‍ വീണ്ടും താമസം തുടങ്ങിയതിനെപ്പറ്റി മറക്കാത്ത ഒരോര്‍മ്മ മനസിലുണ്ട്. തറവാട്ടില്‍ നിന്നും കൊള്ളയടിച്ച ഉരുപ്പടികളുമായി നാട്ടുകാര്‍ ഘോഷയാത്ര പോലെ വന്നതാണ്. കസേര, ഉരുളി, ഉരല്‍, മേശ, ചെമ്പ്... എത്രയോ ദിവസങ്ങള്‍ അതു തുടര്‍ന്നു. മിക്കവാറും എല്ലാ വീട്ടുസാമഗ്രികളും അങ്ങനെ അമ്മയുടെ മുന്നിലെത്തി”. (കലാകൌമുദി, 2010 നവംബര്‍ - ലക്കം 1836, പേജ് 23).
സിപിയുടെ പട്ടാളത്തെ ആലപ്പുഴക്കാര്‍ പരാജയപ്പെടുത്തി കുമാരപ്പണിക്കരുടെ വീട്ടിലെ കസേരയും ഉരുളിയും ഉരലും ചെമ്പും വീണ്ടെടുത്ത കഥ നിര്‍ഭാഗ്യവശാല്‍ പുന്നപ്ര വയലാര്‍ സമരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെങ്ങുമില്ല. കൊള്ള മുതല്‍ തിരിച്ചു പിടിക്കാന്‍ പോന്ന ഒരു വിജയവും പട്ടാളത്തിനുമേല്‍ പുന്നപ്ര വയലാര്‍ സമരസേനാനികള്‍ നേടിയിട്ടുമില്ല. നുണ പറയേണ്ട കാര്യം ചന്ദ്രപ്പനുമില്ല. അപ്പോള്‍ സംഭവിച്ചതെന്തായിരിക്കും?

തങ്ങളുടെ നേതാവായ കുമാരപ്പണിക്കര്‍ക്കു വേണ്ടി ആലപ്പുഴയിലെ പണിയാളര്‍ പിരിവെടുത്തും പട്ടിണികിടന്ന് പണം മിച്ചം വെച്ചും വീട്ടു സാധനങ്ങള്‍ വാങ്ങി തലച്ചുമടായി എത്തിച്ചു കൊടുത്തുകാണും. അങ്ങനെ ശേഖരിച്ച കസേരയും ഉരുളിയും ഉരലും മേശയും ചെമ്പുമൊക്കെ കൈനീട്ടി വാങ്ങാന്‍ കുമാരപ്പണിക്കരും കുടുംബവും കയ്യറപ്പു കാണിച്ചതുമില്ല. കാണിക്കയും കാഴ്ചപ്പണ്ടവും തമ്പുരാന്റെ അവകാശമല്ലേ. തൊഴിലാളികള്‍ സന്തോഷത്തോടെ തരുന്നതല്ലേ. അവരതു സ്വീകരിച്ചു. ആ വീട്ടില്‍ പിറന്നുവളര്‍ന്ന ചന്ദ്രപ്പന്‍, തന്റെ എഴുപത്തിയഞ്ചാം വയസിലും, ദിവസങ്ങളോളം നീണ്ട അത്താഴപ്പട്ടിണിക്കാരുടെ കാണിക്കാസമര്‍പ്പണം ഗൃഹാതുരതയോടെ ഓര്‍ത്തു വെച്ചിരിക്കുന്നു. ഈ ഭൂതകാലത്തില്‍ പരിഹാസ്യമാംവിധം അഭിരമിക്കുന്ന അതേ മാനസികാവസ്ഥയില്‍ നിന്നാണ് മിച്ചഭൂമി സമരം പോലൊരു കീഴാളപ്രക്ഷോഭത്തിനു നേരെയുള്ള അദ്ദേഹത്തിന്റെ പരിഹാസം പെയ്തിറങ്ങുന്നത്.

മിച്ചഭൂമി സമരത്തെ ചന്ദ്രപ്പന്‍ പുച്ഛിക്കുന്നതെന്തിന്?

മിച്ചഭൂമി സമരത്തിനെതിരെയുള്ള ചന്ദ്രപ്പന്റെ പുച്ഛപരിഹാസങ്ങളുടെ വര്‍ഗസ്വഭാവം തിരിച്ചറിയാന്‍ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ പതനത്തിനു വഴി തെളിച്ച വിമോചനസമരം മുതല്‍ പഠനമാരംഭിക്കണം. ഫ്യൂഡല്‍ ഭൂവുടമാ - ഉല്‍പാദന ബന്ധങ്ങളില്‍ വന്‍മാറ്റം ലക്ഷ്യമിട്ടുകൊണ്ട് ഒട്ടേറെ നിയമങ്ങള്‍ ആ സര്‍ക്കാര്‍ കൊണ്ടുവന്നു. ഭൂവുടമകളും മാടമ്പിമാരും ഈ നിയമങ്ങള്‍ക്കെതിരെ അതിശക്തമായ എതിര്‍പ്പുയര്‍ത്തി. കേരളത്തിലെ ഭൂവുടമാ ബന്ധത്തെ പിടിച്ചുകുലുക്കിയ കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്, ദേഹണ്ഡപ്രതിഫല നിയമം, ജന്മിക്കരം നിര്‍ത്തലാക്കുന്ന ബില്‍, കര്‍ഷകബന്ധ ബില്‍, കടാശ്വാസ നിയമം തുടങ്ങിയവയൊക്കെ കീഴാളപക്ഷത്തിന് ഗുണകരവും മേലാളര്‍ക്ക് അസഹ്യവുമായിരുന്നു. കോണ്‍ഗ്രസ്, പിഎസ്‌പി, മുസ്ളിംലീഗ് തുടങ്ങിയ രാഷ്ട്രീയകക്ഷികളും നായര്‍ സര്‍വീസ് സൊസൈറ്റി, അസംഖ്യം സവര്‍ണ ക്രിസ്തീയ സംഘടനകള്‍ എന്നിവരും ഈ നിയമങ്ങള്‍ക്കെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങി. കീഴാളന്റെ അന്തസും അവകാശവും സ്ഥാപിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന ഭരണനടപടികള്‍ക്കെതിരെ മേലാളപക്ഷത്ത് ഉരുണ്ടുകൂടിയ അസംതൃപ്തിയുടെയും അസഹിഷ്ണുതയുടെയും കാര്‍മേഘങ്ങളാണ് വിമോചനസമരമെന്ന പേമാരിയായത്.
തുടര്‍ന്നുവന്ന സര്‍ക്കാരുകളും, എന്തിന് കോടതി തന്നെയും അംഗവിഹീനമാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കാന്‍ പിന്നീട് മുന്നിട്ടിറങ്ങിയത് 1967ലെ ഇഎംഎസ് സര്‍ക്കാരായിരുന്നു. പക്ഷേ, ആ സര്‍ക്കാരിനും ലക്ഷ്യം കാണാനായില്ല. 1957ലെ സര്‍ക്കാരിന്റെ കീഴാളപക്ഷ നടപടികളെ വിമോചനസമരത്തിലൂടെ അട്ടിമറിച്ചവര്‍ക്കൊപ്പം ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടി അണിചേര്‍ന്നപ്പോള്‍ ആ സര്‍ക്കാരും അട്ടിമറിക്കപ്പെട്ടു.

സവര്‍ണ-ഭൂവുടമാ വര്‍ഗതാല്‍പര്യങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്ന ഭരണനടപടികള്‍ ലക്ഷ്യത്തിലെത്താതിരിക്കാനാണ് 1957ലെയും 1967ലെയും സര്‍ക്കാരുകളെ അട്ടിമറിച്ചത്. ഒന്നാമത്തെ സര്‍ക്കാരിനെ സമ്പന്ന-ഭൂപ്രഭു വര്‍ഗം നേരിട്ട് അട്ടിമറിച്ചുവെങ്കില്‍, രണ്ടാം സര്‍ക്കാരിനെ ഉപജാപങ്ങളിലൂടെ അട്ടിമറിക്കാന്‍ ഏതാനും കമ്മ്യൂണിസ്റ്റ് വേഷമിട്ട അഞ്ചാംപത്തികളെ അവര്‍ക്കു കിട്ടി. ‌

നേതാക്കള്‍ തമ്മിലുടലെടുത്ത വ്യക്തിവൈരാഗ്യമോ, ചൈനയിലെയോ റഷയിലെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് സ്വീകരിക്കേണ്ട സമീപനങ്ങളെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയോ ഒന്നുമല്ല 1967ലെ ഇഎംഎസ് സര്‍ക്കാരിനെ കുറുമുന്നണി രൂപീകരിച്ച് അട്ടിമറിക്കാന്‍ സിപിഐയെ പ്രേരിപ്പിച്ചത്. ചില സിപിഐ നേതാക്കളുടെ സവര്‍ണ - ഭൂവുടമാ സമ്പന്നവര്‍ഗ താല്‍പര്യങ്ങള്‍ തന്നെയായിരുന്നു യഥാര്‍ത്ഥ കാരണം എന്ന് മിച്ചഭൂമി സമരത്തോടുള്ള ചന്ദ്രപ്പന്റെ പ്രതികരണം തെളിയിക്കുന്നു. ഭൂവുടമാബന്ധങ്ങളെ പൊളിച്ചെഴുതിയ നിയമം അട്ടിമറിച്ചതിന്റെ അട്ടിമറിക്കൂലിയായിട്ടാണ് വെറും 16 എംഎല്‍എമാര്‍ മാത്രമുള്ള സിപിഐയ്ക്ക് അതിന്റെ ഇരട്ടി അംഗബലമുള്ള - 32- കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ദാനം ചെയ്തത്. ആഭ്യന്തരമന്ത്രിപദവും യഥാര്‍ത്ഥ അധികാരവും നോക്കുകൂലിയായി കോണ്‍ഗ്രസ് കൈയില്‍വെച്ചു.
അധികാര കൈകര്‍ത്താവിന്റെയും ആനുകൂല്യദാതാവിന്റെയും റോളില്‍ സവര്‍ണ സമ്പന്ന ഭൂപ്രഭു വര്‍ഗവും ആനുകൂല്യ സ്വീകര്‍ത്താവിന്റെ റോളില്‍ കീഴാളനും എന്നെന്നേയ്ക്കും തുടരുന്ന “കമ്മ്യൂണിസ്റ്റ് ലോകം” സ്വപ്നം കണ്ട സിപിഐയ്ക്ക് 1957ലെ വിമോചന സമരത്തിന് നേതൃത്വം നല്‍കിയ സവര്‍ണ ഭൂവുടമാ സംഘത്തിന്റെ രാഷ്ട്രീയവുമായി കൈകോര്‍ക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.

1957ലെ വിമോചനസമരത്തിന്റെ രാഷ്ട്രീയകാരണങ്ങള്‍ ചരിത്രപരമായി അപഗ്രഥിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും, ആ സമരത്തിന് നിദാനമായ വര്‍ഗതാല്‍പര്യങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള രാഷ്ട്രീയസഖ്യത്തില്‍ ഒരു ദിവസം പോലും കഴിച്ചുകൂട്ടാനാവില്ല. പക്ഷേ, വിമോചനസമരം കഴിഞ്ഞ് കേവലം ഒരു പതിറ്റാണ്ടു പോലും തികയുന്നതിനു മുമ്പ് ആ രാഷ്ട്രീയരാസമാറ്റത്തിന് ഒരുപറ്റം സിപിഐ നേതാക്കള്‍ വിധേയരായി. ചേരേണ്ടത് ചേരേണ്ടതിനോടു തന്നെ ചെന്നു ചേര്‍ന്നു. ഈ ലേഖനത്തിന്റെ മറ്റൊരു ഭാഗത്ത് കോണ്‍ഗ്രസിനെ ചന്ദ്രപ്പന്‍ എങ്ങനെ വിലയിരുത്തുന്നു എന്നു പരിശോധിക്കുന്നുണ്ട്. അതുകൂടി മനസിലാക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. നമുക്ക് മിച്ചഭൂമി പ്രശ്നത്തിലേയ്ക്കു മടങ്ങാം.

രണ്ടു തവണ അധികാരം കിട്ടിയിട്ടും, ആ സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും കര്‍ഷകത്തൊഴിലാളിക്ക് ഭൂമി ലഭിക്കാതെ വന്നതാണ് 1970ലെ മിച്ചഭൂമി സമരത്തിന്റെ പശ്ചാത്തലം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാന്‍ തക്കസമയത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സിപിഐയെ വിശ്വസിക്കാന്‍ കര്‍ഷകത്തൊഴിലാളിയ്ക്ക് കഴിയുമായിരുന്നില്ല. രണ്ടാം ഇഎംഎസ് സര്‍ക്കാരും അട്ടിമറിക്കപ്പെട്ടതോടെയാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടങ്ങുന്ന ജനലക്ഷങ്ങള്‍ ആലപ്പുഴയിലെ അറവുകാട് മൈതാനിയില്‍ 1969 ഡിസംബര്‍ 14ന് കുടികിടപ്പു ഭൂമിയ്ക്കു വേണ്ടിയുള്ള പ്രക്ഷോഭം പ്രഖ്യാപിച്ചത്. എകെജിയാണ് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് സംസ്ഥാനമാകെ ഭൂമി വളച്ചുകെട്ടല്‍ സമരം നടന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കു നേരെ അതിരൂക്ഷമായ പ്രതികരണമായിരുന്നു അച്യുതമേനോന്‍ സര്‍ക്കാരിന്റേത്. പൊലീസ് വെടിവെപ്പില്‍ കള്ളിക്കാട്ടെ ഭാര്‍ഗവി എന്ന വനിതയടക്കം അനേകം തൊഴിലാളികള്‍ രക്തസാക്ഷികളായി. സമരത്തിനൊടുവില്‍ പാവപ്പെട്ടവര്‍ക്ക് കുടികിടപ്പവകാശം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി.

പക്ഷേ, അപ്പോഴും സമ്പന്ന - ഭൂവുടമാ താല്‍പര്യത്തിനു തന്നെയായിരുന്നു സര്‍ക്കാരില്‍ മേല്‍ക്കൈ. ജന്മിമാരില്‍ നിന്ന് നിയമപ്രകാരം ഏറ്റെടുക്കേണ്ടിയിരുന്ന മിച്ചഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിച്ചു. തുടര്‍ന്ന് വീണ്ടും സമരം തുടങ്ങി. ആ സമരത്തെ തുടര്‍ന്നാണ് ആലപ്പുഴയിലെ മുരിക്കന്റേതടക്കമുള്ള മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇങ്ങനെ ഏറ്റെടുത്ത മിച്ചഭൂമി യഥാവിധി വിതരണം ചെയ്യാന്‍ വീണ്ടും സമരം വേണ്ടി വന്നു.

ഇത്തരത്തില്‍ ഭരണകൂടത്തിന്റെ വര്‍ഗതാല്‍പര്യങ്ങളോട് ചോര ചൊരിഞ്ഞു മല്ലിട്ടുകൊണ്ടാണ് കേരളത്തിലെ കര്‍ഷകത്തൊഴിലാളി നാമമാത്രമെങ്കിലുമുള്ള ഭൂമി സ്വന്തമാക്കിയത്. അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി പിടിച്ച പതിനാറു സിപിഐക്കാര്‍ പിന്തുണച്ചതു കൊണ്ടോ, അച്യുതമേനോന്‍ എന്ന “മൃദുലകോമളസല്‍ഭരണസുന്ദരന്‍” മുഖ്യമന്ത്രിയായതു കൊണ്ടോ കോണ്‍ഗ്രസിന്റെയോ അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന്റെയോ രാഷ്ട്രീയ നിലപാടില്‍ തെല്ലും മാറ്റമുണ്ടാകില്ല എന്ന് അനുഭവം കൊണ്ട് കേരളം പഠിച്ചത് മിച്ചഭൂമി സമരത്തിലൂടെയാണ്.

1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ ധനകാര്യ - ആഭ്യന്തര വകുപ്പുകള്‍ കൈകാര്യം ചെയ്ത അച്യുതമേനോനെ പാടേ വിസ്മരിച്ച്, കരുണാകരന്റെ ദയാദാക്ഷിണ്യത്തില്‍ മുഖ്യമന്ത്രി പദം കയ്യാളിയ അച്യുതമേനോനെ വാഴ്ത്തിപ്പാടുന്നവരുടെ ഉള്ളിലിരിപ്പ് സിപിഐക്കാര്‍ക്ക് മനസിലാകാത്തിന് കാരണം, അവരുടെ രാഷ്ട്രീയനിരക്ഷരതയാണ്.

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഹീനമായ അപവാദക്കഥകളും കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയും കമ്മ്യൂണിസത്തെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കണമെന്ന് മുഖപ്രസംഗമെഴുതുകയും ചെയ്ത മലയാള മനോരമയാണല്ലോ അച്യുതമേനോനെ തെരഞ്ഞുപിടിച്ച് പ്രശംസിക്കാന്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത്! യഥാര്‍ത്ഥത്തില്‍ രാജന്റെ ചോരയ്ക്കല്ല, കള്ളിക്കാട് ഭാര്‍ഗവിയടക്കമുള്ള മിച്ചഭൂമിസമരത്തിന്റെ രക്തസാക്ഷികളുടെ ചോരയ്ക്കാണ് അച്യുതമേനോനും സിപിഐക്കാരും തൊഴിലാളി വര്‍ഗത്തോട് കണക്കുപറയേണ്ടത്.

കേരളത്തിലെ സിപിഎമ്മിന്റെ ജനപിന്തുണയില്‍ വന്‍കുതിപ്പുണ്ടാക്കിയ ചരിത്രസന്ദര്‍ഭമാണ് മിച്ചഭൂമി സമരം. ഒരര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ ജനപിന്തുണയ്ക്ക് കാരിരുമ്പിന്റെ കരുത്തുനല്‍കിയതും സിപിഐയുടെ ഈര്‍ക്കില്‍പ്രകൃതിയ്ക്ക് ഉല്‍പ്രേരകമായതും ആ സമരമാണെന്ന് സൂക്ഷ്മവിശകലനത്തില്‍ തെളിയും. അങ്ങനെയൊരു സമരത്തെ അംഗീകരിക്കാനോ ആദരിക്കാനോ സിപിഐയ്ക്ക് ഒരിക്കലും കഴിയില്ല.

കിട്ടുന്ന അവസരങ്ങളിലൊക്കെ മിച്ചഭൂമി സമരത്തെ ചന്ദ്രപ്പന്‍ ഭര്‍ത്സിക്കുന്നതിന്റെ കാരണം അറിയാന്‍ അദ്ദേഹം അരുമയോടെ താലോലിക്കുന്ന മറ്റൊരു സംഭവം കൂടി നാമറിയണം. ചന്ദ്രപ്പനെ കൂടുതല്‍ മനസിലാക്കാന്‍ ഉപകരിക്കുന്ന താരതമ്യമാണത്. കലാകൌമുദി അഭിമുഖത്തില്‍ നിന്ന് -
ഞങ്ങള്‍ തൃപ്പൂണിത്തുറയിലായിരുന്ന കാലത്ത് ഞങ്ങളുടെ തെങ്ങിന്‍തോപ്പിലെ തേങ്ങയിട്ട് പണം എത്തിച്ചിരുന്നത് വയലാര്‍ രവിയുടെ വീട്ടുകാരായിരുന്നു. സ്നേഹബന്ധത്തിന്റെ പേരിലായാല്‍പ്പോലും അന്നത് വലിയ അപകടകരമായിരുന്നു എന്നോര്‍ക്കണം. (കലാകൌമുദി, 2010 നവംബര്‍ - ലക്കം 1836, പേജ് 25).
വയലാര്‍ സമരകാലത്ത് തൊഴിലാളിവിരുദ്ധ നിലപാടു സ്വീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകനില്‍നിന്നും കൈപ്പറ്റിയ സ്നേഹത്തിന്റെ കടപ്പാട് പൂത്തുലഞ്ഞു നില്‍ക്കുന്ന ചന്ദ്രപ്പനാണ് മിച്ചഭൂമി സമരത്തിനെതിരെ കാലണയ്ക്കു വിലയില്ലാത്ത കൊലവെറിയില്‍ തുള്ളിയുറയുന്നത്. തേങ്ങയിട്ട പണത്തിന്റെയും ഭൂമിയുടെയും “പോക്കുവരവ്” ശ്രദ്ധിച്ചാല്‍ കാരണം വ്യക്തമാകും. തേങ്ങയിട്ട പണം “ഇങ്ങോട്ടാണ്” വന്നതെങ്കില്‍, മിച്ചഭൂമി സമരത്തില്‍ ഭൂമി പോകുന്നത് “അങ്ങോട്ടാണ്”. ആദ്യത്തേത്, ഒരു തമ്പ്രാന്റെ പറമ്പില്‍ നിന്ന് വേറൊരു തമ്പ്രാന്റെ കുടുംബം തേങ്ങയിട്ട് അതിന്റെ വില ആദ്യത്തെ തമ്പ്രാന്റെ കുടുംബഖജനാവില്‍ ഒടുക്കുന്ന പ്രക്രിയ. രണ്ടാമത്തേത്, തമ്പ്രാന്മാരുടെ ഭൂമിയ്ക്കു വേണ്ടി ദരിദ്രവാസികള്‍ നടത്തിയ സമരം. ഇതു രണ്ടും ഒരേ കോലുകൊണ്ടളക്കണമെങ്കില്‍ ചന്ദ്രപ്പന്‍ കുമാരപ്പണിക്കരുടെ മകനല്ലാതാവണം. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടുന്ന ശീലം ചീരപ്പന്‍ചിറ തറവാട്ടുകാര്‍ക്കില്ല, സഖാക്കളേ!

ഈ മാനസികാവസ്ഥയും വിശകലനശാസ്ത്രവും വെച്ചുകൊണ്ടാണ് അധികാരം, അഭിപ്രായ സ്വാതന്ത്ര്യം, രാഷ്ട്രീയ പ്രവര്‍ത്തനം, ജനാധിപത്യം തുടങ്ങിയവയെക്കുറിച്ചൊക്കെ ചന്ദ്രപ്പന്‍ വന്‍ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്നത്. സാമാന്യയുക്തിയില്‍ പോലും നിലനില്‍ക്കാനുള്ള ശേഷി അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്കില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെക്കുറിച്ച് ചന്ദ്രപ്പന്‍ പ്രചരിപ്പിക്കുന്ന സിദ്ധാന്തം പരിശോധിച്ചാല്‍ അതു ബോധ്യമാകും.

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

നന്ദിഗ്രാം വെടിവയ്പിന്റെ കാണാപ്പുറങ്ങള്‍


K M Roy : on mangalam news paper -2007-nov -13

ഏതൊരു പോലീസ് വെടിവയ്പും ദുഖകരവും അപലപനീയവുമാണ്. കാരണം മരിച്ചുവീഴുന്നത് പച്ചമനുഷ്യരാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വെടിയേറ്റു മരിച്ചുവീണത് പതിനാലുപേരാണ്. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളുടെ മുന്നണി സര്‍ക്കാരാണ് ആ സംസ്ഥാനം ഭരിക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ കണ്ണടവച്ചു മാത്രം നോക്കിയാല്‍ സി.പി.എം. നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനേയും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയേയും പ്രഹരിക്കാനുള്ള നല്ല വടിയാണ് നന്ദിഗ്രാം വെടിവയ്പ്. എന്നാല്‍ സത്യസന്ധമായി വിശകലനം ചെയ്താല്‍ വെടിവയ്പിനേക്കാള്‍ അപലപനീയമാണ് അതിനു സാഹചര്യം സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രത്യേകിച്ച് എല്ലായ്പ്പോഴും ആവേശത്താല്‍ മാത്രം നയിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടേയോ അധികാര രാഷ്ട്രീയം. അവരുടെ നീചരാഷ്ട്രീയമാണ് നന്ദിഗ്രാമില്‍ വെടിവയ്പ് അനിവാര്യമാക്കിയത്.

കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരംഭത്തിനു മുന്നോട്ടുവന്നത് ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പാണ്. എട്ടു സംസ്ഥാനങ്ങള്‍ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും കേന്ദ്ര രാസവളം വകുപ്പ് പശ്ചിമബംഗാളിനാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, വലതുപക്ഷ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഉലമ ഹിന്ദ് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പു നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമായേ അക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കു എന്നു മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ജമാഅത്തെ ഉലമയും ചേര്‍ന്ന് നന്ദിഗ്രാം പ്രദേശം പിടിച്ചെടുത്തു. അവിടെയുള്ള ജനങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലികളായിരുന്നു. നന്ദിഗ്രാം പദ്ധതിയെ അനുകൂലിച്ച സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മേഖലയില്‍നിന്ന് ആട്ടിപ്പായിച്ചു. പാലങ്ങളും കലുങ്കുകളും റോഡുകളും തകര്‍ത്ത് മേഖലയിലേക്കു പോലീസിനു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഒരു സംസ്ഥാനത്തിനുള്ളില്‍ കലാപകാരികളുടെ നിയന്ത്രണത്തില്‍ ഒരു പ്രദേശം, അവിടെ പോലീസിനുപോലും പ്രവേശിക്കാനാവാത്ത അവസ്ഥ. അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെ അവിടെക്കൊണ്ടുവന്നു താമസിപ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയില്ലേ? അല്ലെങ്കില്‍ പിന്നെ എന്തുഭരണം. പ്രത്യേകിച്ച് ആട്ടിപ്പായിക്കപ്പെട്ടവര്‍ മുഖ്യഭരണകക്ഷിയായ സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബക്കാര്‍ കൂടിയാകുമ്പോള്‍. ഭരണകക്ഷിയില്‍പ്പെട്ട പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സര്‍ക്കാരിന്റെ നിലനില്‍പിന് എന്തര്‍ഥം? ഒടുവില്‍ പോലീസ് നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിനെ നേരിട്ടത് നാടന്‍ തോക്കുകളും നാടന്‍ ബോംബുകളുമേന്തിയ ജനക്കൂട്ടമാണ്. അക്ഷരാര്‍ഥത്തില്‍ നിയമം കൈയിലെടുത്ത അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ പോലീസ് വെടിവയ്പു നടത്തി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിനാലുപേര്‍ കൊല്ലപ്പെട്ടു. ദേശീയ പത്രങ്ങള്‍ പലതും റിപ്പോര്‍ട്ട്് ചെയ്തത് കലാപത്തിനു പിന്നില്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്ന ഇടത്തരം ജന്മിമാരാണെന്നാണ്.രേഖകളില്ലാതെ ഏക്കര്‍കണക്കിനു ഭൂമി കൈവശംവച്ച് കര്‍ഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ധാരാളം ഇടത്തട്ടുകാര്‍ നന്ദിഗ്രാമിലുണ്ട്. സലീം ഗ്രൂപ്പിന്റെ വ്യവസായ ശൃംഖല സ്ഥാപിക്കാന്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഈ ഇടത്തട്ടുകാര്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമി വെറുതേ വിട്ടുകൊടുക്കേണ്ടിവരും. അവരാണ് നന്ദിഗ്രാം കലാപത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍. അതുതന്നെയാണ് മറ്റൊരു രൂപത്തില്‍ സിംഗുര്‍ മേഖലയില്‍ നടന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ചെറിയ കാര്‍ നിര്‍മിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ ബൃഹദ് പദ്ധതിയാണത്. ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതി. 997 ഏക്കര്‍ ഭൂമിയാണ് അതിനാവശ്യമായി വന്നത്. അതില്‍ 960 ഏക്കര്‍ ഭൂമിയും വിട്ടുകൊടുക്കാന്‍ ഭൂവുടമകള്‍ സ്വമേധയാ തയാറായി. ശേഷിക്കുന്ന നാലു ശതമാനം ഭൂവുടമകളുടെ പേരിലാണ് അവിടെ മമതാ ബാനര്‍ജിയും കൂട്ടരും പ്രക്ഷോഭമാരംഭിച്ചത്. സിംഗുരില്‍ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി.

ഉത്തര്‍ഖണ്ഡ് സംസ്ഥാനം ഇത്രയും ഭൂമി ടാറ്റായ്ക്കു നല്‍കിയേടത്തുനിന്നാണ് ബുദ്ധദേവ് ടാറ്റയെ സ്വാധീനിച്ച് പശ്ചിമബംഗാളിലേക്കു കൊണ്ടുവന്നതെന്നോര്‍ക്കണം. ടാറ്റാ പദ്ധതി വിരുദ്ധ സമരത്തിനായി മേധാ പട്കറെപ്പോലുള്ളവരും സിംഗുരിലെത്തി. അവിടേയും അക്രമത്തിനും പോലീസ് വെടിവയ്പിനും ഇടയാക്കുന്ന സമരമാണ് അവര്‍ നടത്തിയത്. ഒടുവില്‍ ഒരു വിവാദത്തിനും അവസരം നല്‍കാത്ത മാന്യമായ വ്യവസായഗ്രൂപ്പെന്നു പ്രശസ്തി നേടിയ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രത്തന്‍ടാറ്റാ പരസ്യമായി ആരോപണമുന്നയിച്ചു. സിംഗുരിലെ സമരത്തിനു പിന്നില്‍ ടാറ്റായുടെ കാര്‍ പദ്ധതിയെ എതിര്‍ക്കുന്ന മറ്റു കാര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നതെന്ന്. അതോടെ സിംഗൂരിലെ പ്രക്ഷോഭം കെട്ടടങ്ങി.

കൌതുകകരമായ മറ്റൊരു കാര്യമുണ്ട്. നന്ദിഗ്രാം വെടിവയ്പിന് ഒരാഴ്ചമുമ്പ് ബംഗാള്‍ നിയമസഭയില്‍ മമതാ ബാനര്‍ജിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബംഗാളില്‍ നൂറു പട്ടിണിമരണം നടന്നു എന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയായിരുന്നു ബഹളം. പ്രതിസന്ധി നേരിടുന്ന തേയിലത്തോട്ടങ്ങളിലെ പണിയില്ലാതായ നൂറു തൊഴിലാളികളാണ് പട്ടിണി മരണങ്ങള്‍ക്കിരയായത്. മുപ്പതുവര്‍ഷം ഒരേ പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരേ മുന്നണി ഭരിച്ചിട്ടും അവിടെ പട്ടിണിമരണമാണു നടക്കുന്നതെങ്കില്‍ ആ മുന്നണിയുടെ ഭരണത്തിന് എന്തുവിലയാണുള്ളത്?ബംഗാളിലെ മാത്രമല്ല ഇന്ത്യയിലെതന്നെ ജനങ്ങള്‍ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

ബംഗാളിലെ തൊഴിലില്ലായ്മയ്ക്കും ദുരിതങ്ങള്‍ക്കും ഏക പരിഹാരമാര്‍ഗം സംസ്ഥാനത്തിന്റെ വ്യവസായവല്‍കരണം മാത്രമാണ്. പട്ടിണിമരണം ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു പണിയുണ്ടായാലേ കഴിയൂ. അവിടെയാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി ബുദ്ധദേവുമായുള്ള അഭിമുഖസംഭാഷണത്തിലെ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പ്രസക്തി. ബുദ്ധദേവ് പറഞ്ഞു. "നാം ഇപ്പോഴൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. കൃഷിയില്‍നിന്ന് നാം എന്തൊക്കെ നേടിയോ അതു തുടര്‍ന്നും നമുക്കു നേടാനാവില്ല. ആ രംഗത്തുണ്ടായിരിക്കുന്ന ചില പ്രതികൂലമായ സംഭവവികാസങ്ങളാണ് കാരണം. വിത്ത്, രാസവളം തുടങ്ങിയവയുടെയെല്ലാം വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അത് എത്രകാലം കഴിയും? അതുകൊണ്ട് അതിവേഗം കൃഷിയില്‍നിന്നു നമുക്കു വ്യവസായത്തിലേക്കു തിരിഞ്ഞേ മതിയാകൂ. അതേസമയം ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഉറപ്പുവേണം. അത് ഇന്ത്യാരാജ്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.

സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടണമെങ്കില്‍ വ്യവസായ രംഗത്തുനിന്നും സര്‍വീസ് മേഖലയില്‍നിന്നുമുള്ള സംഭാവനകള്‍കൊണ്ടേ കഴിയൂ."അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവ്യവസായ വികസനത്തിനുള്ള പരിപാടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവിഷ്ക്കരിച്ചത്. എന്നാല്‍ അതിനെ മമതാ ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും എതിര്‍ക്കുന്നു. പട്ടിണിമരണവും തൊഴിലില്ലായ്മയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍തന്നെ വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു.നന്ദിഗ്രാം വെടിവയ്പിനെത്തുടര്‍ന്ന് സ്വതന്ത്ര സാമ്പത്തികമേഖല എന്ന വ്യവസായ സമീപനം ബുദ്ധദേവ് ഭട്ടാചാര്യ തല്‍കാലം നിര്‍ത്തിവച്ചു. വെടിവയ്പിനെ മാത്രമല്ല ഈ വ്യവസായ നയത്തേയും എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസുവുമുണ്ട്. 22 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും ബംഗാളിനു പട്ടിണിമരണം സംഭാവന ചെയ്ത് അധികാരമൊഴിഞ്ഞ നേതാവാണ് ബസു. വ്യവസായങ്ങളുടെ ശവപ്പറമ്പായി ആ സംസ്ഥാനം മാറിയെന്നതുകൂടിയാണ് അക്കാലത്തു സംഭവിച്ചത്. അതൊക്കെ ചരിത്രയാഥാര്‍ഥ്യങ്ങള്‍. നന്ദിഗ്രാം പോലീസ് വെടിവയ്പിനെതിരേ ജനവികാരം വളര്‍ന്നതുകൊണ്ട് മുന്നണിയിലെ മറ്റു ഘടകകക്ഷികളും ബുദ്ധദേവിന്റെ വ്യവസായനയത്തെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. ഒഴുക്കിനൊപ്പം നീന്താനാണ് എല്ലാവര്‍ക്കും താല്‍പര്യം.
ഇക്കാലമത്രയും എല്ലാ ആധുനികവല്‍കരണത്തെയും വികസനത്തെയും എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു പതിറ്റാണ്ടുകളായി സമരം ചെയ്യിച്ച സി.പി.എമ്മിന് അതില്‍നിന്നു ജനങ്ങളെ മാറ്റിയെടുക്കുമ്പോള്‍ ഇമ്മാതിരി ദുരിതങ്ങളെല്ലാം നേരിടേണ്ടിവരിക സ്വാഭാവികമാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നതുപോലെയുള്ള അനുഭവം. നന്ദിഗ്രാമിലെ വെടിവയ്പ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ രോഷപ്രകടനവും പ്രതിഷേധവും എത്ര ഭീകരമായിരുന്നേനെ എന്നു ചിന്തിക്കാവുന്നതേയുള്ളു.

മനുഷ്യരെ കയറ്റിയിരുത്തി മനുഷ്യര്‍ വലിക്കുന്ന റിക്ഷാവണ്ടി യുഗത്തില്‍നിന്ന് സൈക്കിള്‍ റിക്ഷാ യുഗത്തിലേക്കും അതുപേക്ഷിച്ച് ഓട്ടോറിക്ഷാ യുഗത്തിലേക്കും കേരളം പോലുള്ള ഒരു സംസ്ഥാനം പോലും പ്രവേശിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും മൃഗങ്ങളെപ്പോലെ, റിക്ഷാവണ്ടി വലിച്ചു ജീവിക്കുന്നവര്‍ ഒരു വര്‍ഷം മുമ്പുവരെയുണ്ടായിരുന്ന സംസ്ഥാനമാണു പശ്ചിമബംഗാള്‍ എന്നതു നഗ്നയാഥാര്‍ഥ്യമാണ്.

2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ക്വട്ടേഷന്‍ സംഘങ്ങളുടെ രസതന്ത്രം

വടകരയിലെ ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കാളിത്തം അന്വേഷിച്ചുനടക്കുന്നവര്‍ നൈരാശ്യത്തിലാണെത്തുക എന്നതില്‍ പാര്‍ടിക്കകത്തുള്ളവര്‍ക്ക് സംശയമില്ല. കുറെയാളുകള്‍ സംഘടിതരായി സിപിഐ എമ്മിന് ചുറ്റും നിരന്നുനിന്ന്, ആക്ഷേപംചൊരിഞ്ഞതുകൊണ്ട് തളര്‍ന്നുപോകുന്നതല്ല പാര്‍ടിയുടെ ആത്മധൈര്യം. ഇത്തരം ആക്രമണങ്ങള്‍ ഇതാദ്യമല്ല. പാര്‍ടിയെയും നേതൃത്വത്തെയും സംശയത്തിന്റെ മുള്‍മുനയില്‍ കുത്തിനിര്‍ത്തി നടത്തിയ പലതരം ആക്രമണങ്ങള്‍ക്ക് ഈയടുത്ത വര്‍ഷങ്ങളില്‍ ഈ കേരളംതന്നെ വേദിയായിട്ടുണ്ട്. കിളിരൂര്‍, കവിയൂര്‍, മുത്തൂറ്റ് പോള്‍വധം, ലാവ്ലിന്‍ തുടങ്ങിയ കേസുകള്‍ ഉദാഹരണമായെടുക്കാവുന്നതാണ്. ഗുണ്ടാബന്ധംമുതല്‍ അഴിമതിയും സ്ത്രീപീഡനവുംവരെ വിഷയങ്ങളാക്കി പാര്‍ടിയെ ആക്രമിച്ചു. "എസ്" കത്തിയെച്ചൊല്ലി ഉയര്‍ന്ന വിവാദം മറക്കാവുന്നതല്ല. ഇപ്പറഞ്ഞ ഒരുകേസിലും ഇന്ന് സിപിഐ എമ്മിനെതിരെ ആര്‍ക്കും ഒരക്ഷരവും പറയാനുള്ള സാഹചര്യമില്ല. എല്ലാ കല്‍പ്പിതകഥകളും തകര്‍ന്ന് മണ്ണടിഞ്ഞു. നാദാപുരത്തെ ബലാത്സംഗകഥ 2001ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിനുള്ള കാരണങ്ങളിലൊന്നായി. പിന്നീട്, യുഡിഎഫ് പ്രചരിപ്പിച്ചത് കള്ളക്കഥയാണെന്ന് ആ യുവതിയും ബന്ധുക്കളും പരസ്യമായി പറഞ്ഞപ്പോഴേക്കും കോരപ്പുഴയില്‍ ഒരുപാട് വെള്ളം ഒഴുകി അറബിക്കടലിലെത്തിയിരുന്നു; വ്യാജ ബലാത്സംഗത്തിന്റെ പേരില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ തീവ്രവാദിസംഘങ്ങള്‍ കൊത്തിയെടുത്തിരുന്നു. ഇന്നാ ബലാത്സംഗത്തിന്റെ കാര്യം ചോദിച്ചാല്‍ മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരും മിണ്ടില്ല; മിണ്ടിയതുകൊണ്ട് അവര്‍ക്കൊരു നേട്ടവും ഉണ്ടാകാനുമില്ല.

ഇവിടെ ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും ഒരാള്‍ക്കും കിട്ടിയിട്ടില്ല. ചന്ദ്രശേഖരന്‍ സിപിഐ എമ്മില്‍നിന്ന് പുറത്തുപോയ ആളാണ്; സ്വന്തമായി പ്രാദേശിക പാര്‍ടിയുണ്ടാക്കി പ്രവര്‍ത്തിക്കുന്നയാളാണ് എന്നതുമാത്രമാണ് "തെളിവ്". അതില്‍ സിപിഐ എമ്മിന് അസഹിഷ്ണുതയുണ്ടെന്നും അതുകൊണ്ട് ചെയ്തത് സിപിഐ എം ആകുമെന്നുമുള്ള അനുമാനത്തില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. നിയമത്തെ അതിന്റെ വഴിക്കുവിടാനല്ല; തങ്ങള്‍ തെളിക്കുന്ന വഴിയേ ഉന്തിക്കൊണ്ടുപോകാനാണ് ഭരണം നിയന്ത്രിക്കുന്ന മന്ത്രിപുംഗവന്മാര്‍ ഒരുമ്പെടുന്നത്. സിപിഐ എമ്മിന്റെ "അസഹിഷ്ണുത"യെക്കുറിച്ച് പ്രബന്ധം രചിക്കുന്നവര്‍ക്കുള്ള വലിയ ചോദ്യചിഹ്നമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍. അസാധാരണമായ ക്ഷമയും സഹാനുഭൂതിയും സിപിഐ എം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ കത്തുന്ന താടിയില്‍നിന്ന് പണ്ടേ പലരും ബീഡി കത്തിക്കുമായിരുന്നു. പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്തിന്റെയും പകയുടെയും സ്ഥിരനിക്ഷേപവുമുള്ള, സമനിലതെറ്റിയ വൃദ്ധന്റെ സഹതാപാര്‍ഹമായ ജല്‍പ്പനങ്ങളോട് ക്ഷമയുടെ നെല്ലിപ്പടികൊണ്ട് സന്ധിചെയ്യുകയാണ് സിപിഐ എം. പാര്‍ടിയില്‍നിന്ന് വിട്ടുപോയ പലരുമുണ്ട്. ചിലര്‍ തിരിച്ചെത്തുന്നുണ്ട്. അല്ലാത്തവര്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗൗരിയമ്മയും എം വി രാഘവനും ജീവിക്കുന്ന നാടാണിത്. ടി ജെ ആഞ്ചലോസിനെയും അബ്ദുള്ളക്കുട്ടിയെയും കെ എസ് മനോജിനെയും സിന്ധുജോയിയെയും ശിവരാമനെയും തല്ലാനും കൊല്ലാനും ആരും പോയിട്ടില്ല. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ രമ സിപിഐ എമ്മിനെ സംശയിച്ചതില്‍ തെറ്റുകാണാന്‍ കഴിയില്ല. നാട്ടിലെ മാധ്യമ ക്വട്ടേഷന്‍ സംഘം കോറസായി ഭീമ-കീചക സിദ്ധാന്തഗാനം ആലപിക്കുമ്പോള്‍ ഭര്‍തൃവിയോഗത്തിന്റെ നീറ്റലില്‍ പിടയുന്ന മനസ്സ് അങ്ങനെ പ്രതികരിച്ചതില്‍ അത്ഭുതപ്പെടാനുമില്ല. ആ പ്രതികരണത്തിലല്ല, അതിനെ വിറ്റു കാശാക്കാന്‍ ശ്രമിക്കുന്നവരിലാണ് കൊലപാതകികളുടേതിനേക്കാള്‍ കഠിനമായ ഹീനമനസ്സ് കാണേണ്ടത്.

ദാരുണമായ കൊലപാതകം നടന്ന വീട്ടിലേക്ക് ചെന്ന് കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരം ആ അരുംകൊലയിലൂടെ ഉണ്ടാക്കാനാകുമെന്ന് കരുതുന്ന രാഷ്ട്രീയനേട്ടത്തിന്റെ ചക്കരക്കുടത്തില്‍ കൈയിടുന്നവരാണോ മാന്യന്മാര്‍? സിപിഐ എം ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്- കൊലപാതകവുമായി ഒരു ബന്ധവുമില്ല എന്ന്. പാര്‍ടി ജില്ലാ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിവരെയുള്ളവര്‍ കൊലപാതകത്തെ അപലപിക്കുക മാത്രമല്ല, കുറ്റവാളികളെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരൂ എന്നാവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളികള്‍ പുറത്തുവരുമ്പോള്‍, ഇന്ന് സിപിഐ എമ്മിനെതിരെ ആക്രമണം നടത്തുന്നവര്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് പറയാനുള്ള ആര്‍ജവം സംസ്ഥാന സെക്രട്ടറി കാട്ടുമ്പോള്‍ എന്തേ അത് മുഖവിലയ്ക്കെടുക്കാന്‍ വ്യാജപ്രചാരകര്‍ തയ്യാറാകുന്നില്ല? ഓരോദിവസവും പുതിയ പുതിയ നാടകങ്ങളാടി എന്തിന് സിപിഐ എം വിരുദ്ധ വാര്‍ത്തകളുടെ തുടര്‍പരമ്പര സൃഷ്ടിക്കാന്‍ ഹീനമനസ്സുകള്‍ ഒരുമ്പെട്ടിറങ്ങുന്നു? 

മുങ്ങിക്കപ്പലില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ടാക്കാന്‍ പോയതിന്റെ കാര്‍മികനെന്നാണ് കുഞ്ഞനന്തന്‍നായരുടെ ആത്മപ്രശംസ. അങ്ങനെയുള്ള നായര്‍ക്ക് വിവരവും വിവേകവും പേരിനെങ്കിലും ഉണ്ടാകുമെന്ന് സാധാരണക്കാര്‍ കരുതിപ്പോകും. ഇവിടെ അതുരണ്ടുമല്ല, ഓസ്കര്‍ അവാര്‍ഡിന് സാധ്യതയുള്ള അഭിനയപാടവമാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്. ചന്ദ്രശേഖരന്റെ മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ കൊണ്ടുവരുന്നതിനുമുമ്പ് നായര്‍ അവിടെ എത്തി. അവിടെ യുഡിഎഫ് നേതാക്കളുടെ മഹാസംഗമമാണ്. മുഖ്യമന്ത്രിമുതല്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വാര്‍ഡ് പ്രസിഡന്റുമാര്‍ വരെ. അവരില്‍ മുന്തിയവരോട് കുശലംപറയാനും കൈപിടിക്കാനും പുഞ്ചിരി കൈമാറാനും സമയം സമൃദ്ധമായിരുന്നു. അതുകഴിഞ്ഞ്, മൃതദേഹം എത്തിയപ്പോള്‍, എല്ലാ ക്യാമറകളും തയ്യാറാണെന്നുറപ്പാക്കിയപ്പോള്‍ ആത്മരോഷത്തിന്റെ നിക്ഷേപം പുറത്തുചാടുന്നു. വയസ്സുകാലത്ത് അഭിനയത്തികവില്‍ മാത്രം വെല്ലുവിളികളില്ല. മനക്കോട്ടകള്‍ തകരുമ്പോള്‍ മനസ്സും തകരും. മലപ്പുറം സമ്മേളനത്തിനുശേഷം സിപിഐ എമ്മിന്റെ തലയില്‍കയറി ഇരിക്കാനാകുമെന്ന് വ്യാമോഹിച്ചയാള്‍ പാര്‍ടിയുടെ പടിക്കുപുറത്തേക്ക് പോകേണ്ടിവരുമ്പോള്‍ നിലതെറ്റുന്നതില്‍ അസ്വാഭാവികതയില്ല. അത്തരം ഘട്ടങ്ങളിലെ പിറുപിറുക്കലുകളും ജല്‍പ്പനങ്ങളും സിപിഐ എമ്മിനെതിരായ മൂര്‍ച്ചയുള്ള ആയുധങ്ങളാണെന്ന് കരുതി തലങ്ങും വിലങ്ങും വീശുന്നവരെയോര്‍ത്ത് സഹതപിക്കുകമാത്രമേ വഴിയുള്ളൂ. 

മനോരമക്കാരന്റേത് കറകളഞ്ഞ വിഷംകുടിയന്‍ രാഷ്ട്രീയമാണ്. മാതൃഭൂമിക്കാരന് വേതനക്കരാര്‍ പാലിക്കാത്ത മുതലാളിയുടെ ഇംഗിതത്തിനുസരിച്ച് തുള്ളിയില്ലെങ്കില്‍ ഉള്ളപണിയും പോകുമെന്ന വേവലാതിയാണ്. ഇരുകൂട്ടരുടെയും അവസ്ഥ ക്വട്ടേഷന്‍ സംഘങ്ങളെക്കാള്‍ പരിതാപകരം. എഴുതുന്ന വാര്‍ത്തയുടെ വിശ്വാസ്യതയും അതിജീവനവും സത്യസന്ധതയുമല്ല, ഉടമസ്ഥന്റെ സംതൃപ്തിയാണ് പ്രധാനം. മുതലാളി മനസ്സില്‍കാണുന്നതിനുമുമ്പേ മാനത്തുകാണുക; പറയുന്നതിനുമുമ്പേ എഴുതിപ്പിടിപ്പിക്കുക. അതിന് തെളിവും വേണ്ട യുക്തിയും വേണ്ട. ഇന്നലെ അവസാനത്തെ ഫോണ്‍വിളി, ഇന്ന് ക്വട്ടേഷന്‍, നാളെ നാടുവിടല്‍- അന്നന്നത്തെ അന്നം പ്രധാനമാണ്. ഇനിയുള്ള ദിവസങ്ങള്‍ ഒഞ്ചിയംകൊണ്ട് സമ്പന്നമാക്കണമെന്ന നിര്‍ദേശംകിട്ടിയാല്‍ അനുസരിക്കുകയല്ലാതെ എന്തുമാര്‍ഗം. ഒരര്‍ഥത്തില്‍ ഈ ക്വട്ടേഷന്‍ അടിമത്തത്തിന്റേതുകൂടിയാണ്. ചാടാനും തിരിയാനും മറിയാനും പറഞ്ഞാല്‍ കുഞ്ഞിരാമന് അനുസരണയുടെ വഴിയേ ഉള്ളൂ. യുഡിഎഫ് നേതൃത്വം നെയ്യാറ്റിന്‍കരയിലേക്ക് ചന്ദ്രശേഖരന്റെ പോസ്റ്ററും ഫ്ളക്സും തയ്യാറാക്കുന്ന തിരക്കിലാണ്. അവര്‍ അതിനാണ് പുര കത്തിക്കുന്നത്. അതിനിടയില്‍ കഴുക്കോലൂരിയെടുക്കാന്‍ ചെല്ലുകയാണ് കുഞ്ഞനന്തന്മാരെപ്പോലുള്ള ദുര്‍ബുദ്ധികള്‍. കിട്ടുന്ന ഏതവസരത്തിലും യുഡിഎഫ് നേതൃത്വത്തിന്റെ സന്നിധാനത്തുചെന്ന് നട്ടെല്ല് വില്ലുപോലെ വളയ്ക്കാനും റബറുപോലെ വലിച്ചുനീട്ടാനും തയ്യാറാകുന്ന ഇത്തരക്കാര്‍ക്ക് പുറത്തേക്ക് പറയാനുള്ളതുമാത്രമാണ് ആദര്‍ശവും പാരമ്പര്യവും. അവര്‍ എടുത്തിരിക്കുന്ന ക്വട്ടേഷന്‍ സിപിഐ എം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയെ; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുത്തിനോവിക്കാനുള്ളതാണ്.

പാല് ചുരത്തുന്നിടത്തും കുത്തി ചോരയെടുത്ത് ദാഹംതീര്‍ക്കുന്നവരാണവര്‍. ഒഞ്ചിയത്ത് സിപിഐ എമ്മിനെ പ്രതിപ്പട്ടികയില്‍ ഉറപ്പിച്ചാല്‍, അത് വിശ്വസിക്കുന്ന കുറെയാളുകള്‍ എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിക്കുമെന്നും അത്തരക്കാരെ മൊത്തക്കച്ചവടംചെയ്ത് നയിച്ച് സ്വന്തം മടയിലേക്ക് കൊണ്ടുപോകാമെന്നുമുള്ള സ്വപ്നം മലര്‍പ്പൊടിക്കാര്‍ മാത്രമല്ല കാണുന്നത്. സ്വന്തമായി ആര്‍ജിക്കാനാകാത്തത് കട്ടും പിടിച്ചുപറിച്ചും ഉണ്ടാക്കാനുള്ള കൗശലം പ്രകടമായി തിരിച്ചറിയപ്പെടുന്നു എന്നാണ് സമീപനാളുകളിലെ വിശേഷം. ചന്ദ്രശേഖരന്റെ ജീവന്‍ പൊലിഞ്ഞതിലുള്ള വിഷമമല്ല; അത് എങ്ങനെ സ്വാര്‍ഥനേട്ടമാക്കി മാറ്റാം എന്ന ചിന്തയാണവരുടെ പ്രശ്നം. അത്തരം പോഴന്മാരുടെ അസംബന്ധനാടകങ്ങള്‍ ലജ്ജയില്ലാതെ ആഘോഷിക്കുന്നു എന്നതാണ് നമ്മുടെ മാധ്യമദുരന്തം.

മരണം എല്ലാവരെയും സങ്കടപ്പെടുത്തും. എന്നാല്‍, മരണംകൊണ്ട് വസ്തുതകള്‍ മാറ്റിമറിക്കപ്പെടുന്നില്ല. സ്വന്തം കുലത്തെ, പാര്‍ടിയെ എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരെ കുലംകുത്തികള്‍ എന്ന് വിളിച്ചത് ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തില്‍ മാറ്റിവയ്ക്കാവുന്നതല്ല. എന്നാല്‍, ആ വിളിയെക്കുറിച്ച് ചര്‍ച്ചയും പരിശോധനയും നടത്തേണ്ടത് മരണത്തിന്റെയും വിരഹത്തിന്റെയും ഘട്ടത്തിലല്ല. അതോര്‍ക്കാതെയോ മറന്നുകൊണ്ടോ ആണ് ഏതാനും മാധ്യമങ്ങള്‍ കുലംകുത്തി പ്രയോഗത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചത്. ചോദ്യം വന്നപ്പോള്‍ തൃശൂര്‍ പ്രസ്ക്ലബ്ബില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: "കുലംകുത്തി എന്നും കുലംകുത്തി തന്നെ. കുടുംബത്തിന് എതിരെ നിലപാട് സ്വീകരിക്കുന്നവരെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരാളെക്കുറിച്ച്, മുമ്പ് ഒരവസരത്തില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചോദിക്കുന്നത് സങ്കുചിതമനഃസ്ഥിതിയാണ്". ദൗര്‍ഭാഗ്യവശാല്‍ ആ സങ്കുചിത മനസ്ഥിതിയാണ് ഏതാനും മാധ്യമങ്ങളിലെങ്കിലും തെളിഞ്ഞുകാണുന്നത്. ചങ്കുപറിച്ചുകാണിച്ചാലും അവര്‍ ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നു. അങ്ങനെ പറയുന്നതിലൂടെ സിപിഐ എമ്മിനെ വകവരുത്തിക്കളയാമെന്ന് മോഹിക്കുന്നു. അത്തരം ദുര്‍മോഹങ്ങളാണ് കേരളരാഷ്ട്രീയത്തില്‍ കത്തിയായും കരിയായും ആടിത്തിമിര്‍ക്കുന്നത്.

ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്








കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. അഞ്ചിടത്തായി അഞ്ചു ശരീരങ്ങള്‍. ചീമേനിയില്‍ ഓടിയെത്തിയ ഇ കെ നായനാര്‍ ഓരോ ജഡത്തിനും മുന്നില്‍ സ്തബ്ധനായി. ആ കണ്ണുകള്‍ നിറഞ്ഞു. വാക്കുകളില്‍ രോഷവും വേദനയും തിളച്ചു. കയ്യൂരിന് തൊട്ടടുത്ത ചീമേനിഗ്രാമം മറ്റൊരു ജാലിയന്‍ വാലാബാഗായ നാള്‍. 1987 മാര്‍ച്ച് 23. അന്ന് വോട്ടെടുപ്പായിരുന്നു. ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ അവസാനം. കേരളത്തിന്റെ ജനായകന്‍ ഇ കെ നായനാരാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി. എല്ലാ വോട്ടുംചെയ്തു എന്നുറപ്പുവരുത്താന്‍ ചീമേനിയിലെ സിപിഐ എം പ്രവര്‍ത്തകര്‍ വൈകിട്ട് പാര്‍ടി ഓഫീസില്‍ ഒത്തുചേര്‍ന്നു. പ്രധാനപ്പെട്ട എല്ലാവരുമുണ്ട്-സ്ത്രീകളുള്‍പ്പെടെ. ഓടുമേഞ്ഞ ചെറിയ ഓഫീസ്. എല്ലാവരും ക്ഷീണിതര്‍-എന്നാല്‍ ആവേശഭരിതരും. പെട്ടെന്ന് പുറത്ത് അലര്‍ച്ച മുഴങ്ങുന്നു. ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി ഓടിയടുക്കുന്നു. ഓഫീസിനു വെളിയിലുണ്ടായിരുന്നവര്‍ ചിതറിയോടി. അവിടെ അകപ്പെട്ടുപോയ ബാലകൃഷ്ണന്‍ പറയുന്നു:

കുറച്ചാളുകള്‍ പെട്ടെന്ന് ഓഫീസിനുള്ളില്‍ കയറി വാതിലടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുമ്പ് അക്രമികള്‍ ഓഫീസ് വളഞ്ഞു. അവര്‍ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. വെട്ടിപ്പൊളിക്കാന്‍ നോക്കി. പലക തകരുമെന്നായപ്പോള്‍ ബെഞ്ചുകൊണ്ട് ബലംകൊടുത്തു. അതോടെ ജനല്‍ വെട്ടിപ്പൊളിച്ചു. ജനല്‍പ്പാളിയിലൂടെ ഒരാള്‍ക്ക് കഷ്ടിച്ചേ കടക്കാന്‍ പറ്റുമായിരുന്നുള്ളു. ഉള്ളിലേക്ക് വന്നില്ല. തൊട്ടപ്പുറത്ത് പുരമേയാന്‍ വച്ചിരുന്ന പുല്‍കെട്ടുകള്‍ കൊണ്ടുവന്ന് ഓഫീസിന് ചുറ്റും തീയിട്ടു. കത്തിച്ച പുല്ല് അകത്തേക്ക് തള്ളി. ഒരാള്‍ മേല്‍ക്കൂരയില്‍ കയറി മണ്ണെണ്ണയും പെട്രോളും ഒഴിച്ചു. നിമിഷാര്‍ധത്തില്‍ മേല്‍ക്കൂരയ്ക്കു തീപിടിച്ചു. അകത്തും പുറത്തും തീ; പുക. നിര്‍ത്താത്ത കല്ലേറ്. ഓട് പൊട്ടി പലരുടെയും തലയിലും ദേഹത്തും വീണു. അകത്തുള്ളവര്‍ക്ക് ശ്വാസം മുട്ടി. പിന്നെ ഒന്നും ഓര്‍ക്കാനില്ല. മടിച്ചുനിന്നാല്‍ വെന്തുമരിക്കും-പുറത്തുചാടിയാല്‍ വെട്ടിക്കൊല്ലും. ആലവളപ്പില്‍ അമ്പു ആദ്യം പുറത്തേക്കു ചാടി. പുറത്ത് വാളും കഠാരയുമായി നിരന്നവര്‍ വെട്ടിയും കുത്തിയും അവിടെത്തന്നെ കൊന്നുതള്ളി. പിന്നാലെ സി കോരന്‍, പി കുഞ്ഞപ്പന്‍, എം കോരന്‍. കത്തുന്ന തീയില്‍നിന്ന് പ്രാണനുംകൊണ്ട് പാതിവെന്ത് പുറത്തേക്കു ചാടുന്നവരുടെ മാംസത്തില്‍ ആയുധങ്ങള്‍ ആഞ്ഞാഞ്ഞു പതിച്ചു. ചെന്നായ്ക്കളെപ്പോലെ, പുറകെ ഓടി ആക്രമിച്ചു. ആലവളപ്പില്‍ അമ്പുവിനെ വെട്ടിക്കൊല്ലുമ്പോള്‍ മക്കളായ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് ആളിപ്പടരുന്ന തീയില്‍ കുടുങ്ങി ശ്വാസംമുട്ടുകയായിരുന്നു. ചാലില്‍ കോരന്റെ വലതുകൈ അറുത്തുമാറ്റിയ ശേഷമാണ് കൊന്നത്. പഞ്ചായത്തംഗവും ബാങ്ക് ഡയറക്ടറുമായിരുന്ന പി കുഞ്ഞപ്പനെ തല തല്ലിപ്പൊളിച്ച് പുല്ലില്‍ പൊതിഞ്ഞ് ചുട്ടുകളഞ്ഞു. ബാലകൃഷ്ണന്‍ ചാടിയപ്പോള്‍തന്നെ കമ്പികൊണ്ടുള്ള അടിവീണു. എന്നിട്ടും ഓടി. പിന്തുടര്‍ന്ന് വെട്ടി. ബോധംവന്നപ്പോള്‍ മെല്ലെ ഇഴഞ്ഞ് സ്കൂളിനടുത്ത് എത്തി. എന്റെ ഞരക്കം കേട്ട് അവര്‍ പിന്നെയും ഓടിവന്നു. ഇവന്‍ ചത്തിട്ടില്ലെന്ന് പറഞ്ഞ് തലങ്ങും വിലങ്ങും വെട്ടി. കാല്‍ വേര്‍പെട്ടതുപോലെയായി. ചത്തെന്ന് ഉറപ്പിച്ച് സ്കൂളിന്റെ മൂത്രപ്പുരയിലേക്ക് വലിച്ചിട്ടു.

പിന്നീട് മൂത്രപ്പുരയില്‍ മൃതപ്രായനായ നിലയില്‍ പൊലീസാണ് ബാലകൃഷ്ണനെ കണ്ടെത്തിയത്. നാലുപേരുടെ മരണംകൊണ്ടും കോണ്‍ഗ്രസുകാരുടെ ചോരക്കൊതി അടങ്ങിയില്ല. കയ്യൂരിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കവെയാണ് കെ വി കുഞ്ഞിക്കണ്ണനെ പിടിച്ചത്. അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു. കൊല്ലപ്പെട്ടവരെല്ലാം സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകര്‍. കൊലപാതകികള്‍ നാട്ടിലെ പ്രധാന കോണ്‍ഗ്രസുകാര്‍. ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ മുഖമായിരുന്നു അന്ന് കൊലയാളികള്‍ക്ക്. 1919ലെ വൈശാലി ഉത്സവനാളില്‍ ജാലിയന്‍ വാലാബാഗ് മൈതാനത്ത് ഒത്തുചേര്‍ന്ന സ്വാതന്ത്ര്യപ്പോരാളികളെ വളഞ്ഞിട്ട് വെടിക്കോപ്പുതീരുംവരെ കൊലചെയ്ത വെള്ളപ്പട്ടാളക്കാരന്റെ അതേ ക്രൗര്യം. ചീമേനിയിലെ കൂട്ടക്കൊലയെ ജാലിയന്‍ വാലാബാഗിനോടുപമിച്ചത് ഇ എം എസ്.

ചീമേനി പട്ടണത്തില്‍ അക്കാലത്ത് കോണ്‍ഗ്രസിന്റെ ക്രിമിനല്‍വാഴ്ചയായിരുന്നു. ചീട്ടുകളി, കവര്‍ച്ച, പരസ്യ മദ്യപാനം എന്നിവ പതിവായി. തോക്കും കഠാരയും കൈയിലേന്തി ജനങ്ങളെ ഭയപ്പെടുത്തി അവര്‍ അഴിഞ്ഞാടി. നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ഈ സംഘത്തിന്റെ ഭീഷണി വകവയ്ക്കാതെ ജനങ്ങള്‍ നായനാരുടെ പ്രചാരണത്തിനിറങ്ങി. അനേകം ചെറുപ്പക്കാര്‍ സിപിഐ എമ്മില്‍ സജീവമായി. അത് സഹിക്കവയ്യാതെയാണ് കോണ്‍ഗ്രസ് കൂട്ടക്കൊല ആസൂത്രണംചെയ്തത്. കൊലപാതകംകൊണ്ട് സിപിഐ എം ചീമേനിയില്‍ ഇല്ലാതായില്ല. നാമാവശേഷമായത് കൊലപാതകികള്‍.

ചീമേനിക്ക് കേരളചരിത്രത്തില്‍ സമാനതകളില്ല. മരണം മുന്നിലെത്തിയപ്പോഴും കാണിച്ച ആത്മധൈര്യംകൊണ്ടാണ് അന്ന് പലരും രക്ഷപ്പെട്ടത്. അറുപതോളം പേര്‍ ആക്രമിക്കപ്പെട്ടു. അതില്‍ പരിക്കേറ്റവര്‍ നിരവധി. കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചീമേനി രക്തസാക്ഷികളുടെ സ്മരണയല്ല; നിറഞ്ഞ സാന്നിധ്യംതന്നെയാണ് ആ ഗ്രാമത്തെ ഇന്നും ചുവപ്പിക്കുന്നത്. കൂട്ടക്കൊല നടന്ന ഓഫീസ്, കോണ്‍ഗ്രസിന്റെ നരമേധത്തിന്റെ സ്മരണകളുണര്‍ത്തി അവിടെ ഇന്നുമുണ്ട്- ഒരസ്ഥിപഞ്ജരമെന്നപോലെ. ഇത് സിപിഐ എമ്മിനുമാത്രം അനുഭവിക്കേണ്ടിവന്ന ക്രൂരതയാണ്. മറ്റൊരു പാര്‍ടിയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. ഭരണത്തിന്റെ സംരക്ഷണവും തുടര്‍ന്നും ഭരണം ലഭിക്കുമെന്ന പ്രതീക്ഷയുമാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും ക്രൂരമായി കൊന്നുതള്ളി ആയുധമുയര്‍ത്തി അട്ടഹസിക്കാന്‍ അന്ന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ആ പ്രതീക്ഷ സഫലമായില്ല. ചീമേനിയിലെ ധീരന്‍മാര്‍ ജീവന്‍ നല്‍കിയ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ഇ കെ നായനാര്‍, പിന്നീട് ആ ജനങ്ങള്‍ക്കുമുന്നിലേക്കെത്തിയത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്.

ചീമേനിയില്‍ ചോര ഒഴുകിപ്പരക്കുമ്പോഴും മാംസം കത്തിക്കരിയുമ്പോഴും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെ എന്നായിരുന്നു പ്രമുഖ പത്രങ്ങളുടെ ഭാവം. കണ്‍മുന്നില്‍ കൊലയാളികള്‍ നിന്നപ്പോള്‍ അങ്ങോട്ട് ഒന്ന് പാളിനോക്കാന്‍പോലും അവര്‍ തയ്യാറായില്ല. ഇന്ന്, സിപിഐ എമ്മിനെ കൊലയാളിപ്പട്ടികയില്‍ എത്തിക്കാന്‍ ക്വട്ടേഷനെടുത്തവര്‍ക്ക് ചീമേനിയെ ഓര്‍മയില്ല. ആ അഞ്ചുപേരെ ഓഫീസില്‍ പൂട്ടിയിട്ട് തീയിട്ട് പുറത്തുചാടിച്ച് വെട്ടിക്കൊന്ന അതേ ക്രൂരമനസ്സോടെ, സിപിഐ എമ്മിനെ വളഞ്ഞിട്ടാക്രമിക്കുകയാണവര്‍. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചാണ് സിപിഐ എം ഓരോ ചുവടും മുന്നേറിയത് എന്ന ചരിത്രം മറന്നുകൊണ്ട്.

അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

നീലപ്പടയുടെ തേരോട്ടമായിരുന്നു നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ കലാലയങ്ങളില്‍. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന എന്ന് അന്ന് കെഎസ്യു അഹങ്കരിച്ചു. ആ പ്രാമാണിത്തം തകരാന്‍ തുടങ്ങിയപ്പോള്‍ ആയുധം കൈയിലെടുത്തു. ആ സംഘടനയും അതിന്റെ രാഷ്ട്രീയ യജമാനന്‍മാരും കൊന്നുതള്ളിയ വിദ്യാര്‍ഥികളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ട്, നേതാക്കളുണ്ട്, കെഎസ്യുവിന്റെ തന്നെ പ്രവര്‍ത്തകനുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളേജില്‍ കെഎസ്യു നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന പുതിയ വീട്ടില്‍ ബഷീറിനെ 1990 മാര്‍ച്ച് മൂന്നിനാണ് സഹപ്രവര്‍ത്തകര്‍ പരസ്യമായി ആക്രമിച്ചത്. കോളേജില്‍ കെഎസ്യുവിന് ആധിപത്യമുണ്ടായിരുന്നു. മാഗസിന്‍ എഡിറ്ററായി മത്സരിച്ച ബഷീര്‍ ഏറ്റവുമധികം വോട്ടുനേടി ജയിച്ചു. നന്നായി പ്രവര്‍ത്തിച്ചു. മാഗസിന്‍ ഫണ്ട് ബഷീറിന്റെ കൈയിലെത്തിയതുമുതല്‍ പ്രശ്നമായി. ഓരോ നേതാവിനും വേണം വിഹിതം. ബഷീര്‍ വഴങ്ങിയില്ല. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ക്യാന്റീനിലേക്ക് കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു ബഷീര്‍. വഴിയില്‍ കെഎസ്യു നേതാക്കള്‍ ബഷീറിനെ വിളിച്ച് മാഗസിന്‍ ഫണ്ടിന്റെ കാര്യം പറഞ്ഞു. തര്‍ക്കമായി. ഒടുവില്‍ ക്യാന്റീനടുത്ത് കൂട്ടിയിട്ട വിറക് കെഎസ്യു നേതാക്കള്‍ കൈയിലെടുത്തു. ആദ്യത്തെ അടിയില്‍ത്തന്നെ ബഷീര്‍ വീണു. എഴുന്നേറ്റ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറി മമ്പറം ബിജു വിറകെടുത്ത് എറിഞ്ഞു. ബഷീര്‍ വീണു. ആദ്യം ബോധരഹിതനായി, പിന്നെ ആശുപത്രിയില്‍ മരണത്തിലേക്ക്. രക്തം കൊടുക്കാന്‍പോലും കെഎസ്യുക്കാര്‍ തയ്യാറായില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് രക്തം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ഒരാളുടെ ബന്ധുവായിരുന്ന മുഖ്യപ്രതിക്ക് അഞ്ചുകൊല്ലം തടവുശിക്ഷ കിട്ടി.

നീലക്കൊടിയുടെ സമഗ്രാധിപത്യം തകര്‍ത്തതിന്റെ പകയാണ് 1973ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഷ്റഫിനെ കൊന്ന് കെഎസ്യു തീര്‍ത്തത്. ആദ്യമായി എസ്എഫ്ഐ കോളേജ് യൂണിയന്‍ പിടിച്ചു. ചെയര്‍മാന്‍ എ കെ ബാലന്‍. മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരനായിരുന്ന അഷ്റഫ് ജനറല്‍ ക്യാപ്റ്റന്‍. യൂണിയന്‍ ഉദ്ഘാടനത്തിന് ഇ എം എസിനെ കൊണ്ടുവരാന്‍ തീരുമാനിച്ചു. കെഎസ്യുക്കാര്‍ അസ്വസ്ഥരായി. ആ അസഹിഷ്ണുത കൊലപാതകത്തിലേക്കാണ് നയിച്ചത്. എ കെ ബാലന്‍ പറയുന്നു: ""എനിക്കുനേരെ വരേണ്ട കത്തി അഷ്റഫ് ഓട്ടോയില്‍നിന്ന് ചാടി തടുത്തു"". സിപിഐ എം നേതാവ് ജി സുധാകരന്റെ സഹോദരനാണ് 1977 ഡിസംബറില്‍ പന്തളം എന്‍എസ്എസ് കോളേജില്‍ കൊലചെയ്യപ്പെട്ട ജി ഭുവനേശ്വരന്‍. കെഎസ്യു സംഘം ആയുധങ്ങളുമായി ഭുവനേശ്വരനെ പിന്തുടര്‍ന്ന് ആക്രമിച്ചു. സൈക്കിള്‍ചെയിന്‍കൊണ്ട് അടിയേറ്റ് കണ്ണുതകര്‍ന്ന് മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് മുറിയില്‍ ഓടിക്കയറിയപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അധ്യാപകരെ തള്ളിമാറ്റി ആക്രമിച്ചു. ബോധരഹിതനായ ഭുവനേശ്വരന്റെ മുഖത്ത് വെള്ളം തളിച്ച് കണ്ണുതുറപ്പിച്ച് വീണ്ടും ആക്രമിച്ചു. അഞ്ചുദിവസം ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നശേഷമാണ് ഭുവനേശ്വരന്‍ അന്ത്യശ്വാസം വലിച്ചത്. അന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്നു ജി സുധാകരന്‍.

""തലകീഴാക്കി പലവട്ടം നിലത്തിടിച്ചതിനാല്‍ തലച്ചോറ് തകര്‍ന്നുപോയിരുന്നു. 17 വയസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഭുവനേശ്വരന്‍ സിപിഐ എം കാന്‍ഡിഡേറ്റ് അംഗവുമായിരുന്നു"". പട്ടാമ്പി സംസ്കൃതകോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ സെയ്താലിയെ തല്ലിയും കുത്തിയും കൊല്ലാന്‍ കെഎസ്യുവിന് കൂട്ടായി എബിവിപിയും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന പി കെ രാജനെ 1979 ഫെബ്രുവരി 24നാണ് കെഎസ്യുക്കാര്‍ കൊന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സി വി ജോസ്. കോളേജിലെ രണ്ട് പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് എം എസ് പ്രസാദിനോടൊപ്പം ജോസ് ആക്രമിക്കപ്പെട്ടത്. ഇടത് നെഞ്ചില്‍ കത്തി തറച്ചുകയറി. ആശുപത്രിയില്‍ എത്തുംമുമ്പേ മരിച്ചു. ജോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായിരുന്ന എം എസ് പ്രസാദിനെ വിചാരണ തുടങ്ങുംമുമ്പ് കൊന്നുകളഞ്ഞു. 1985ലെ തിരുവോണനാളിലാണ് പ്രസാദിനെ വധിച്ചത്. കുത്തേറ്റ് പ്രാണന്‍ രക്ഷിക്കാന്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറി കട്ടിലില്‍ കമിഴ്ന്നുവീണ പ്രസാദിനെ പതിനേഴുതവണ കുത്തി മരണമുറപ്പാക്കി. എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു പ്രസാദ്.

കോട്ടയം മണര്‍ക്കാട് സെന്റ് മേരീസ് കോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെയാണ് സാബുവിനെ കോണ്‍ഗ്രസുകാര്‍ കൊന്നത്. കെഎസ്യു നടത്തിയ കൊലപാതകങ്ങളെല്ലാം ഏറെക്കുറെ പരസ്യമായിരുന്നു; പട്ടാപ്പകലായിരുന്നു. കലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ യുവജനോത്സവ വേദിയിലാണ് എസ്എഫ്ഐ ഒല്ലൂര്‍ ഏരിയ പ്രസിഡന്റായിരുന്ന കൊച്ചനിയനെ പൊലീസിന് മുന്നിലിട്ട് 1992 ഫെബ്രുവരി 29ന് കൊന്നത്. താമരശേരിയില്‍ എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ജോബി ആന്‍ഡ്രൂസും പരസ്യമായാണ് കൊലചെയ്യപ്പെട്ടത്. 1992 ജൂലൈ 15ന് കെഎസ്യു-എംഎസ്എഫ് സംഘം ജോബിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ 2012 മാര്‍ച്ച് 18ന് കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത് ഈ ശ്രേണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്. മുല്ലപ്പെരിയാറിന്റെ പേരില്‍ തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷിനെ കുത്തിക്കൊന്നത്.

പൊലീസ് മര്‍ദനത്തിലും വര്‍ഗീയവാദികളുടെ കൈകളാലും ഒട്ടേറെ പ്രവര്‍ത്തകരെയും നേതാക്കളെയും എസ്എഫ്ഐക്ക് നഷ്ടപ്പെട്ടു. കെ വി സുധീഷ് മറക്കാനാകാത്ത പേര്. എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന സുധീഷ് സ്വന്തം വീട്ടില്‍ കിടന്നുറങ്ങവെ ആര്‍എസ്എസ് സംഘം വിളിച്ചുണര്‍ത്തി കൊല്ലുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് സുധീഷിനെ 38 തവണ വെട്ടി. രക്തവും മാംസച്ചീളുകളും മാതാപിതാക്കളുടെ മുഖത്തും ശരീരത്തും തെറിച്ചുവീണു. എസ്എഫ്ഐക്കുനേരെ അക്രമത്തിന്റെ ചാപ്പകുത്ത് മാത്രമല്ല നടന്നത്. കെഎസ്യുക്കാര്‍ സ്വന്തം പ്രവര്‍ത്തകന്റെ ശരീരത്തില്‍ ചാപ്പകുത്തി അത് എസ്എഫ്ഐയുടെ തലയിലിട്ട് നടത്തിയ പ്രചാരണങ്ങളും അതു പച്ചക്കള്ളമെന്ന് തെളിഞ്ഞതും സമീപകാല ചരിത്രം. ഒരു കലാലയത്തിലും എസ്എഫ്ഐയുടെ കൈകൊണ്ട് ഒരാളും മരിച്ചിട്ടില്ല. എന്നിട്ടും എസ്എഫ്ഐയെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നു. മാധ്യമനുണകളുടെ കുത്തൊഴുക്കില്‍ തളരാതെ പതറാതെ എസ്എഫ്ഐ മുന്നേറുന്നു. ഖദറിട്ട രാഷ്ട്രീയ കാപട്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ സ്തുതിഗീതം രചിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായി എസ്എഫ്ഐ അജയ്യമായി യാത്ര തുടരുന്നു-ഗ്രാമങ്ങളെയും നഗരങ്ങളെയും മാത്രമല്ല, അക്ഷരക്ഷേത്രങ്ങളെയും കൊലക്കളമാക്കിയ ഖദര്‍ രാഷ്ട്രീയത്തോടുള്ള പുതു തലമുറയുടെ രോഷംകൂടിയാണ് ഈ വളര്‍ച്ച.

കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"

രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന എ കെ ജിയെക്കുറിച്ച്, ""കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"" എന്നു മുദ്രാവാക്യം മുഴക്കിയതില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മനസ്സ് കേരളം തെളിഞ്ഞുകണ്ടു. ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച, പാവങ്ങളുടെ പടത്തലവനായി രാജ്യത്തെ ജനങ്ങള്‍ ആദരിച്ച എ കെ ജി ശത്രുക്കളുടെയും ആദരം നേടിയിട്ടേയുള്ളൂ. കമ്യൂണിസ്റ്റുകാരോട് എന്നും കയര്‍ത്ത കത്തോലിക്ക സഭപോലും എ കെ ജിയെ മഹാനായ മനുഷ്യസ്നേഹിയായാണ് കണ്ടത്. ആ പ്രോജ്വല ജീവിതം ഇനിയും നീട്ടിക്കിട്ടണമെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളാകെ ഉള്ളുരുകി ആശിക്കുമ്പോഴാണ്, "രോഗം വന്ന് അവശനായിട്ടും എന്താണ് ഗോപാലന്‍ മരിക്കാത്തതെ"ന്ന ചോദ്യം ഗാന്ധിശിഷ്യന്‍മാരില്‍നിന്നുയര്‍ന്നത്.

"മാവിലായി മാടനാ"യിരുന്നു അവര്‍ക്കന്ന് എ കെ ജി. അദ്ദേഹത്തിന്റെ അവസാന നാളുകളിലെ പോരാട്ടം അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ് ഭീകരവാഴ്ചയ്ക്കെതിരായിരുന്നു. രാജനും കണ്ണനും വിജയനും കൊല്ലപ്പെട്ട അടിയന്തരാവസ്ഥ. പൊലീസും കോണ്‍ഗ്രസുകാരും താണ്ഡവമാടിയ നാളുകള്‍. ഖദറിട്ടവര്‍ ആജ്ഞാപിച്ചു-കാക്കിയിട്ടവര്‍ അനുസരിച്ചു. പൊലീസ് സേനയെ ഭരണകക്ഷിയുടെ പാദസേവകരാക്കി അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിച്ചു. കേസുകള്‍ അട്ടിമറിച്ചു. സിപിഐ എം നേതാക്കള്‍ കൂട്ടത്തോടെ ജയിലില്‍. കേരള രാഷ്ട്രീയത്തില്‍ ബോംബ് കടന്നുവന്നത് അടിയന്തരാവസ്ഥയിലാണ്. 1976 ജൂണ്‍ അഞ്ചിന് മമ്പറത്തുനിന്ന് രണ്ടുജീപ്പില്‍ ബോംബുകളുമായി കോണ്‍ഗ്രസിന്റെ പ്രമുഖ ഗുണ്ടാസംഘം പുറപ്പെട്ടു. പൊലീസ് അവരെ യാത്രയയച്ചു എന്നു പറയാം. ജീപ്പുകള്‍ നേരെ ചെന്നത് പിണറായിക്കടുത്ത പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയിലേക്കാണ്. തൊഴിലിടങ്ങളും പാര്‍പ്പിടങ്ങളും സുരക്ഷിതമാണെന്ന വിശ്വാസം അന്ന് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് ബീഡിക്കമ്പനിയിലേക്ക് ഇരച്ചുകയറിയ സംഘം ഇരുമ്പുപാരകളും കൊടുവാളുകളുമായി അഴിഞ്ഞാടി. ബീഡിയിലയും പുകയിലയും ചിതറിപ്പരന്ന നിലത്ത് കൊളങ്ങരത്ത് രാഘവന്‍ എന്ന തൊഴിലാളിയെ വെട്ടിവീഴ്ത്തി. പെരളശ്ശേരി സ്വദേശിയായ, സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനായ രാഘവനെ അക്ഷരാര്‍ഥത്തില്‍ വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കമ്പനിക്കകത്ത് പാലേരി അച്യുതന്റെ ഒന്നര വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ പിടിച്ചുവാങ്ങി ദൂരേക്കെറിഞ്ഞു. അക്രമികള്‍ക്കുപിന്നാലെ പൊലീസ് എത്തി. നിരവധിപേര്‍ സാരമായ പരിക്കോടെ കിടക്കുമ്പോള്‍ അവരെയും ആക്രമിക്കുകയായിരുന്നു അടിയന്തരാവസ്ഥയുടെ പൊലീസ്. രാഘവന്‍ വധക്കേസിലെ പ്രധാന പ്രതി മമ്പറം ദിവാകരന്‍ ഇന്ന് കെപിസിസി സെക്രട്ടറിയാണ്. കൊലക്കേസ് തെളിയിക്കപ്പെട്ട് ഏഴുകൊല്ലം ജയിലില്‍ കിടന്നശേഷവും ഖദര്‍കുപ്പായവും നേതൃപദവിയും മാന്യതയും ദിവാകരന് കല്‍പ്പിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. ദിവാകരന് സ്തുതി പാടാന്‍ മാതൃഭൂമിയും മനോരമയും ഇന്നും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഭവങ്ങള്‍ അടിയന്തരാവസ്ഥയ്ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് കണ്ണൂര്‍ കുറ്റൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ സി പി കരുണാകരന്‍ വധമാണ്. 1967 സപ്തംബര്‍ 11നാണ് കരുണാകരനെ കുത്തിക്കൊന്നത്. പ്രധാന പ്രതികളില്‍ കെ പി നൂറുദീന്‍ എന്ന പേരുണ്ടായിരുന്നു. ആ പ്രതിയെ പിന്നീട് കോണ്‍ഗ്രസ് എംഎല്‍എയാക്കിയും മന്ത്രിയാക്കിയും ആദരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ജില്ലയുടെ യഥാര്‍ഥ ഭരണാധികാരി എന്‍ രാമകൃഷ്ണനായിരുന്നു. അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാകമാന്‍ഡര്‍. ഭീകരഭരണത്തിനിടെ കോണ്‍ഗ്രസുകാരന്‍ കോണ്‍ഗ്രസുകാരനെ കൊല്ലുന്ന അവസ്ഥപോലുമുണ്ടായി. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വിലക്കായിരുന്നു. കാവുമ്പായി രക്തസാക്ഷി ദിനാചരണംപോലും വിലക്കി. അതു വകവയ്ക്കാതെ പതാക ഉയര്‍ത്താന്‍ പോയപ്പോഴാണ് കണാരന്‍വയലിലെ സി എം ജോസിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ പിന്തുടര്‍ന്ന് കൊന്നത്. ജോസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയിലാകെ എല്ലാ ഭീഷണിയെയും അവഗണിച്ച് പണിമുടക്കും പ്രതിഷേധപ്രകടനങ്ങളും നടന്നു. അക്രമത്തിന് പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു ക്യാമ്പ് തോലമ്പ്രയിലായിരുന്നു. രാപ്പകലില്ലാതെ അഴിഞ്ഞാടിയ ക്രിമിനലുകളെ സിപിഐ എം പ്രവര്‍ത്തകര്‍ ചെറുത്തു. ആ വിരോധമാണ് 1977 ജൂലൈ 11ന് കുന്നുമ്പ്രോന്‍ ഗോപാലനെ കൊല്ലുന്നതില്‍ കലാശിച്ചത്. ചിറ്റാരിപ്പറമ്പ്, ഇടുമ്പയിലെ സിപിഐ എം പ്രവര്‍ത്തകനായിരുന്നു കുന്നുമ്പ്രോന്‍. കാല്‍ വെട്ടിമാറ്റിയശേഷമാണ് അദ്ദേഹത്തെ കൊന്നത്.

കക്കയത്ത് പൊലീസ് ക്യാമ്പിലാണ് നരമേധം നടന്നതെങ്കില്‍, മറ്റു പലേടത്തും സമാനമായ കോണ്‍ഗ്രസ് ഗുണ്ടാ ക്യാമ്പുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ആയുധം രാകി. ആ സമയത്ത്, ഇന്ദിരയുടെ ഇരുപതിനത്തിന് സ്തുതിപാടുകയും അടിയന്തരാവസ്ഥയുടെ മഹത്വം വാഴ്ത്തുകയുമായിരുന്നു മാധ്യമങ്ങള്‍. സിപിഐ എം നേതാക്കള്‍ മിക്കവരും ജയിലിലോ ഒളിവിലോ ആയിരുന്നു അന്ന്. പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎല്‍എ. അദ്ദേഹത്തെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോയി കൂത്തുപറമ്പ് ലോക്കപ്പിലിട്ട് നേരം വെളുക്കുവോളം മര്‍ദിച്ചു. അഞ്ചുപേര്‍ മാറിമാറി ബോധരഹിതനാകുംവരെ തല്ലി. പിണറായിയെ അവസാനിപ്പിക്കാന്‍ മമ്പറത്ത് ഗുണ്ടാപ്പട സ്ഥിരമായി തമ്പടിച്ചു. അക്രമങ്ങളില്‍ രോഷാകുലനായ എ കെ ജിക്ക് പെരളശ്ശേരിയിലെ സ്ത്രീകളോട് തിരിച്ചടിക്കാന്‍ ആഹ്വാനംചെയ്യേണ്ടിവന്നു. പശ്ചിമ ബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ മറ്റൊരു പതിപ്പായിരുന്നു അന്ന് കേരളത്തിലാകെ.

പക്ഷേ, അന്നും സിപിഐ എമ്മിനെതിരെ കഥകള്‍ പ്രചരിച്ചു. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതാക്കള്‍പോലും സിപിഐ എമ്മിനെ ഒറ്റുകൊടുത്തു-പൊലീസിനും ഗുണ്ടകള്‍ക്കും. വെളുത്ത ചിരിക്കും നീലംമുക്കിയ ഖദറിനുമുള്ളില്‍ അറവുകാരന്റെ മനസ്സും ക്രൂരതയുമാണെന്നതിന് അടിയന്തരാവസ്ഥയുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. കൊലപാതകത്തിന്റെ, ആക്രമണത്തിന്റെ, പിടിച്ചുപറിയുടെ, കൊടും പീഡനത്തിന്റെ, സ്വാതന്ത്ര്യ നിഷേധത്തിന്റെ, പൊലീസ് താണ്ഡവത്തിന്റെ, ഒറ്റുകൊടുക്കലിന്റെ എണ്ണമറ്റ കഥകള്‍ അതിലുണ്ട്. എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നതുപോലെ, അന്ന് കേരളത്തിന്റെ ജനാധിപത്യത്തെയും ഉരുട്ടുകയായിരുന്നു. 

കോണ്‍ഗ്രസിന്റെ "ഫയറിങ് ശക്തി"



ഇരുപതു വര്‍ഷംമുമ്പാണ്. രാഷ്ട്രീയ അക്രമങ്ങളുടെ വേര് തേടി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ണൂരിലെത്തി. കണ്ണൂര്‍ ജില്ലയല്ലേ, സിപിഐ എം ഭീകരതയാണ് അവിടെ എന്നാണ് പറഞ്ഞുകേട്ടത്. അവിടെച്ചെന്ന് അന്വേഷിച്ചപ്പോള്‍ അതുവരെ കേട്ട ചിത്രമല്ല തെളിഞ്ഞത്. ഉപായത്തില്‍ ചില കോണ്‍ഗ്രസുകാരുമായി അടുത്തു. കോണ്‍ഗ്രസിന്റെ "ശക്തി"യെക്കുറിച്ച് അവര്‍ വാചാലരായി. പലതരം ബോംബുകളുണ്ട്; വേണമെങ്കില്‍ കാണിച്ചുതരാം; പക്ഷേ സുധാകരേട്ടന്റെ സമ്മതം വേണം. ഉടന്‍കിട്ടി സമ്മതം. ""നമ്മുടെ ഫയറിങ്ങ് ശക്തി സിപിഎമ്മുകാര്‍ ഒന്നറിയട്ടെ"" എന്ന് നേതാവിന്റെ പ്രതികരണം. ആയുധം സൂക്ഷിച്ച കേന്ദ്രത്തിലേക്ക് കാര്‍ വിളിച്ച പത്രപ്രവര്‍ത്തകനോട് കണ്ണൂര്‍ നഗരമധ്യത്തില്‍വച്ച് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്, നടന്നുപോകാം എന്ന്. എത്തിയത് മറ്റെവിടെയുമല്ല. തളാപ്പിലെ ഡിസിസി ഓഫീസില്‍. അര്‍ധരാത്രിയായിരുന്നു. ചെന്നയുടന്‍ അകത്തുകൊണ്ടുപോയി. പലതരം ബോംബുകള്‍ കാണിച്ചു. പടമെടുക്കാന്‍ സൗകര്യംചെയ്തു. ഒരാള്‍ മുഖംമൂടി ധരിച്ച് ബോംബുമായി ചിത്രത്തിന് പോസ് ചെയ്തു. ഒരു നിബന്ധന മാത്രം. വാര്‍ത്തയില്‍ ഡിസിസി ഓഫീസിലാണ് ബോംബ് ശേഖരം എന്ന് എഴുതരുത്. അത് പാലിക്കപ്പെട്ടു. പക്ഷേ, അച്ചടിച്ചു വന്ന ചിത്രത്തില്‍ ഡിസിസി ഓഫീസിന്റെ ചുവരും അതിലെ പെയിന്റും നാട്ടുകാര്‍ വ്യക്തമായി കണ്ടു. വിവിധതരം ബോംബുകള്‍ നിര്‍മിക്കാറുണ്ടെന്നും ഡിസിസി ഓഫീസില്‍ സൂക്ഷിക്കാറുണ്ടെന്നും ഡിസിസി സെക്രട്ടറി തന്നെ ഏറ്റുപറഞ്ഞു. ഈ ബോംബുകളാണ് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെക്കാലം നിന്നുപൊട്ടിയത്. 

എന്‍ രാമകൃഷ്ണനില്‍നിന്ന് കണ്ണൂരിലെ ഗുണ്ടാപ്പടയുടെ കമാന്‍ഡ് ഏറ്റെടുത്തത് കെ സുധാകരന്‍. കോണ്‍ഗ്രസിലെ ഈ പുത്തന്‍കൂറ്റുകാരന്‍ മുന്‍കാല നേതാക്കളെയാകെ ഒതുക്കിയാണ് നേതൃത്വം പിടിച്ചത്. കടയില്‍ ചായകുടിച്ചിരുന്ന യുവാവിനെ വെടിവച്ചുകൊന്നശേഷം ""അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും"" എന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ഒരാളേ കേരളത്തിലുള്ളൂ- സുധാകരനാണത്. എല്ലാ അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും മാര്‍ക്സിസ്റ്റ് അക്രമ മുറവിളികൂട്ടി രക്ഷപ്പെടുകയുമെന്നത് എക്കാലത്തെയും കോണ്‍ഗ്രസ് തന്ത്രം. അന്നും ഒരു "അക്രമവിരുദ്ധജാഥ" നടത്തി. ജാഥാനേതാവ് സുധാകരന്‍. ജാഥ മട്ടന്നൂരിനടുത്ത് ഇടവേലിക്കലിലെത്തി. നാല്‍പ്പാടി വാസുവും നാരോത്ത് സദാനന്ദനുമടക്കമുള്ള തൊഴിലാളികള്‍ അവിടെ കടയിലിരുന്ന് ചായകുടിക്കുന്നു. ജാഥ പോകുമ്പോള്‍ അവര്‍ പരിഹസിച്ചതായി തോന്നി. അക്രമ വിരുദ്ധ ജാഥയുടെ വാഹനം നിര്‍ത്തി ഗാന്ധിശിഷ്യര്‍ കടയിലേക്ക് ഇരച്ചുകയറി അവിടെയുള്ളവരെ തല്ലി. ഭയന്ന് ഓടിയ വാസുവിനെ സുധാകരന്റെ ഗണ്‍മാന്‍ വെടിവച്ചുകൊന്നു. കൊല നടത്തിയശേഷം മട്ടന്നൂരിലെത്തിയ സുധാകരന്‍ അവിടെ പൊതുയോഗത്തിലാണ്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ആ കൊലയ്ക്ക് ന്യായീകരണമായി ജാഥയെ ആക്രമിച്ചു എന്നൊരു കഥ പടച്ചു-അതിന് പക്ഷേ അച്ചടിച്ച മനോരമയുടെ വിലയേ ഉണ്ടായുള്ളൂ. സുധാകരനടക്കം 13 പേര്‍ക്കെതിരെ നാല്‍പ്പാടി വാസു വധക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സുധാകരന്റെ നേരിട്ടുള്ള പങ്ക് സംശയാതീതം തെളിഞ്ഞു. എന്നാല്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് അട്ടിമിറച്ചു. കുറ്റപത്രത്തില്‍നിന്ന് സുധാകരന്റെ പേര്‍ ഒഴിവായി. 

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്താണ് സേവറി എന്ന ഹോട്ടല്‍. 1992 ജൂണ്‍ 13ന് ഉച്ചയ്ക്ക് ഊണ്‍ സമയത്താണ് അവിടെ ബോംബാക്രമണമുണ്ടായത്. ഊണ്‍ വിളമ്പുകയായിരുന്ന സി പി ഐ എം പ്രവര്‍ത്തകന്‍ കെ നാണു കൊല്ലപ്പെട്ടു. ഡിസിസി ഐ ഓഫീസില്‍നിന്ന് നേരിട്ട് എത്തിയാണ് സുധാകരന്‍സംഘം "കൃത്യം" നിര്‍വഹിച്ചത്. 

തല്ലിക്കൊല്ലലില്‍ തുടങ്ങി കത്തിയും വാളും ബോംബും കടന്ന് തോക്കിലെത്തിയ കൊലപാതക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയിലും വളര്‍ച്ചയിലും മുഖ്യ സംഭാവന കോണ്‍ഗ്രസിനാണ്. നേതാക്കളെ വകവരുത്തിയാല്‍ പ്രസ്ഥാനം തകര്‍ക്കാമെന്ന ചിന്തയും ഖദറിനുള്ളില്‍ ജനിച്ചതുതന്നെ. പിണറായി വിജയനെ കൊല്ലുക എന്ന ആശയം സുധാകരന്റെയും എം വി രാഘവന്റെയും കൂടിയാലോചനയിലാണ് മൊട്ടിട്ടത്. അതിന് ആര്‍എസ്എസുകാരായ പ്രൊഫഷണല്‍ കില്ലര്‍മാരെ വാടകയ്ക്കെടുത്തതും അവര്‍തന്നെ. പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും കൊലയാളികള്‍ക്ക് കിട്ടിയില്ല- കിട്ടിയത് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജനെ. ഇ പി പറയുന്നു:
""സിപിഐ എമ്മിന്റെ പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചണ്ഡീഗഢില്‍നിന്ന് തിരിച്ചുവരുമ്പോള്‍ രാജധാനി എക്സ്പ്രസില്‍വച്ചാണ് എനിക്ക് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ ചിരാലയില്‍വച്ച് ഭാര്യ, ഭാര്യയുടെ സഹോദരി കൂടിയായ പി കെ ശ്രീമതി ടീച്ചര്‍, എം വിജയകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഞാന്‍ യാത്ര ചെയ്തിരുന്നത്. ടോയ്ലറ്റിനടുത്ത് ചെന്ന് വാഷ്ബേസിനില്‍ മുഖം കഴുകിക്കൊണ്ടിരിക്കെ പിറകില്‍നിന്ന് അരടി കിട്ടിയതുപോലെ തോന്നി. കഴുത്തിനുമേല്‍ തലയുടെ പിന്‍ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി. വണ്ടിയില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നതിനാലും വൈകാതെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാലുമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. അതൊരത്ഭുതമായിട്ടാണ് എനിക്കുതന്നെ തോന്നുന്നത്"" 

ഇ പി ഇന്ന് അസഹ്യമായ വേദനതിന്നുകൊണ്ടാണ് ജീവിക്കുന്നത്. പിടലിയില്‍ വെടിയുണ്ടയുടെ അംശം ഇപ്പോഴുമുണ്ട്. അതുകൊണ്ടുള്ള കടുത്ത തലവേദന. ഇടയ്ക്ക് തലകറങ്ങി വീഴുന്ന അവസ്ഥ. ഇ പിയെ വെടിവച്ച വിക്രം ചാലില്‍ ശശി, ദിനേശന്‍ എന്നിവര്‍ അന്നുതന്നെ പൊലീസിന്റെ പിടിയിലായി. റെയില്‍വേ പൊലീസിനും പിന്നീട് റെയില്‍വേ മജിസ്ട്രേട്ട് കോടതിയിലും കൊടുത്ത മൊഴിയില്‍ അവര്‍ പറഞ്ഞു: മന്ത്രി (അന്നത്തെ) എം വി രാഘവനും കെ സുധാകരനും ഗൂഢാലോചന നടത്തിയാണ് തങ്ങളെ നിയോഗിച്ചയച്ചത്. തോക്കുകള്‍ തന്നതും ചെലവിനുള്ള പണം എത്തിച്ചുതന്നതും ഡല്‍ഹിയില്‍ താമസസൗകര്യമൊരുക്കിയതും കെ സുധാകരനാണ്. അതനുസരിച്ച് പൊലീസ് കേസെടുത്തു. സുധാകരന്‍ മാസങ്ങളോളം ഒളിവിലായി. സുധാകരനെ രക്ഷിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കിണഞ്ഞു ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചു. 

ഉത്തരേന്ത്യന്‍ മോഡല്‍ മാഫിയാ രാഷ്ട്രീയത്തിന്റെയും വാടകക്കൊലയാളികളുടെയും കേരളത്തിലെ അരങ്ങേറ്റമായിരുന്നു അത്. സിപിഐ എമ്മിന്റെ നേതൃത്വത്തെ ഇല്ലാതാക്കാനാണ് വാടകക്കൊലയാളി സംഘവും തോക്കും പണവും ഉപയോഗിക്കപ്പെട്ടത്. വിക്രംചാലില്‍ ശശി ആര്‍എസ്എസില്‍നിന്ന് ശിവസേനയിലെത്തിയ കൊടും ക്രിമിനല്‍. പേട്ട ദിനേശനാകട്ടെ കെ വി സുധീഷ് വധമുള്‍പ്പെടെ അനേകം കേസുകളിലെ മുഖ്യ പ്രതി (ഇപ്പോഴും ജയിലില്‍). ആ രണ്ടുപേരെയാണ് ക്വട്ടേഷന്‍ സംഘമായി അയച്ചത്. രാഷ്ട്രീയത്തിലെ രണ്ട് ക്രിമിനലുകള്‍ കൊലപാതകം തൊഴിലാക്കിയ രണ്ടുപേരുമായി ഒത്തുചേര്‍ന്നുള്ള ആ ക്വട്ടേഷന്‍ സംഘത്തേക്കാള്‍ വലിയ ഒന്ന് കേരളത്തില്‍ അതിനുമുമ്പും പിന്നെയും ഉണ്ടായിട്ടില്ല. ജയിലില്‍ കഠിനതടവനുഭവിക്കേണ്ടവര്‍ യുഡിഎഫിന്റെ പരമോന്നത നേതൃത്വത്തിലാണ് ഇന്നും.