തികച്ചും ലളിതവും വളച്ചുകെട്ടലില്ലാത്തതുമായ ഉത്തരമാണതിനുള്ളത്. നിര്‍ഭാഗ്യവശാല്‍ ഈ ചോദ്യത്തിന് ഹിന്ദുത്വ സംഘടനകള്‍ക്കും അവരുടെ എതിരാളികള്‍ക്കും സങ്കീര്‍ണമായ വ്യാകരണമുള്ള ഉത്തരങ്ങളാണുള്ളത്.
രാഷ്ട്രീയ സ്വയംസേവക്‍ സംഘിനെ സംബന്ധിച്ചിടത്തോളം മഹാത്മാ ഗാന്ധിയുടെ വധം എന്നും തങ്ങളുടെ കുശലത ഉപയോഗിക്കേണ്ടിയിരുന്ന ഒരു വിഷയം ആയിരുന്നു. ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകനായിരുന്നു. ഹിന്ദു മഹാസഭ പോലെയുള്ള മൗലികവാദ സംഘടനകളും രാഷ്ട്രീയ സ്വയംസേവക്‍ സംഘും ഗാന്ധിയേയും അദ്ദേഹം മുന്നോട്ട് വച്ച ദേശീയ-സമത്വ-മതേതര സങ്കല്പങ്ങളേയും അങ്ങേയറ്റം വെറുത്തിരുന്നു. ഗാന്ധി വധത്തിന് ശേഷം അടിയന്തിരമായി ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. ആര്‍.എസ്.എസിലേയും ഹിന്ദു മഹാസഭയിലേയും അംഗങ്ങള്‍ ഗാന്ധി വധിക്കപ്പെട്ടതിലുള്ള തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നതിന് വേണ്ടി മധുരവിതരണം നടത്തിയെന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ അഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ പറഞ്ഞിരുന്നു. പല വര്‍ഷങ്ങളായി അനവധി രാഷ്ട്രീയ നേതാക്കളും പണ്ഡിതരും ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനുള്ള പങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സീതാറാം കേസരിയും അര്‍ജുന്‍ സിങ്ങും നേരത്തെ തന്നെ ആരോപിച്ചിരുന്നു. ആര്‍.എസ്.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം ഗാന്ധിവധമാണെന്നാണ് 2004-ല്‍ അര്‍ജുന്‍ സിങ്ങ് പറഞ്ഞത്. നിയമപരമായ ഭീഷണികളുടെ സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം ആ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്. 2010-ല്‍ പ്രസിദ്ധീകൃതമായ ‘കോണ്‍ഗ്രസും ഇന്ത്യന്‍ രാഷ്ട്രത്തിന്റെ നിര്‍മാണവും’ (Congress and the Making of the Indian Nation) എന്ന പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി എഴുതിയത് “ആര്‍.എസ്.എസിന്റെയും ഹിന്ദു മഹാസഭയുടെയും ഒരംഗം” ആണ് ഗാന്ധിയെ വെടിവെച്ചു കൊന്നതെന്നാണ്. ഏറ്റവും അവസാനമായി ദശാബ്ദങ്ങള്‍ പഴക്കമുള്ള ഈ സംവാദത്തെ പുനരുജ്ജീവിപ്പിച്ച രാഷ്ട്രീയക്കാരനാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധി. അത് ആര്‍.എസ്.എസിനെ ചൊടിപ്പിക്കുകയും ചെയ്തു.
ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലായെന്നാണ് ആര്‍.എസ്.എസ്. എന്നും പറഞ്ഞിട്ടുള്ളത്. എന്നാല്‍ കൊലയാളിയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും തങ്ങള്‍ അകന്നു നില്‍ക്കുന്നുവോ എന്ന കാര്യം സംശയലേശമന്യെ പ്രകടിപ്പിക്കുവാനും അവര്‍ തയ്യാറായിട്ടില്ല. വിചാരണയ്ക്കിടെ എഴുതി നല്‍കിയ പ്രസ്താവനയിൽ താന്‍ എന്തിന് ഗാന്ധിയെ കൊന്നു എന്ന് കൃത്യമായി ഗോഡ്സെ പറഞ്ഞിട്ടുണ്ട്. “അയാളുടെ (ഗാന്ധിയുടെ) രാഷ്ട്രവിരുദ്ധതക്കും രാജ്യത്തെ മതമൗലികവാദികൾ ആയ ഒരു വിഭാഗത്തോടുള്ള അപകടകരമായ പക്ഷപാതിത്വത്തിനുമുള്ള ശിക്ഷ അയാള്‍ക്ക് കിട്ടിയെന്ന് ലോകമറിയണമെങ്കില്‍ ആ മനുഷ്യന് സ്വാഭാവികമായ ഒരു മരണം ലഭിക്കാൻ അനുവദിക്കരുത് എന്ന ഉള്‍പ്രേരണ എന്റെ മനസ്സില്‍ അത്രയും ശക്തമായിരുന്നു” എന്നാണ് ഗോഡ്സെ പറഞ്ഞത്.
ഗാന്ധിയെക്കുറിച്ചും മുസ്ലീങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ പറ്റിയും ആര്‍.എസ്.എസിനും ഹിന്ദു മഹാസഭയ്ക്കും സമാനമായ അഭിപ്രായങ്ങളാണുണ്ടായിരുന്നത്. ഗാന്ധിയെ പ്രത്യക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക്‍ (സുപ്രീം കമാന്‍ഡര്‍) ആയിരുന്ന എം.എസ്. ഗോള്‍വാള്‍ക്കര്‍ 1966ല്‍ എഴുതിയത് ഇങ്ങനെയാണ്, “‘ഹിന്ദു-മുസ്ലിം ഐക്യമില്ലാതെ സ്വരാജ് സാധ്യമാവുകയില്ല’ എന്ന് പ്രഖ്യാപിച്ചവര്‍ നമ്മുടെ സമൂഹത്തോടുള്ള ഏറ്റവും കടുത്ത വഞ്ചനയാണ് പ്രചരിപ്പിച്ചത്”. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ 1970 ജനുവരിയില്‍ വന്ന ഒരു ലേഖനം പറയുന്നത് ഇപ്രകാരമാണ്, “നെഹ്രുവിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഗാന്ധി ഉപവാസമിരുന്നത്. അതിലൂടെ ജനതയുടെ ശാപം അദ്ദേഹം ഏറ്റുവാങ്ങുകയായിരുന്നു.” ഇവിടെ ഗോഡ്സെയെ ആണ് “ജനതയുടെ ശാപമായി” സമീകരിച്ചിരിക്കുന്നത്.
പ്രത്യയശാസ്ത്രപരമായ സമാനതകള്‍ ഏറെയുണ്ടായിട്ട് കൂടിയും ആര്‍.എസ്.എസ്. ഇപ്പോഴും അവകാശപ്പെടുന്നത് തങ്ങള്‍ക്ക് ഗാന്ധി വധത്തില്‍ പങ്കൊന്നുമില്ലായെന്നാണ്. അവരുടെ പ്രതിരോധം പ്രധാനമായും രണ്ട് വാദങ്ങളില്‍ ആണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഒന്ന്, ആര്‍.എസ്.എസ്. എന്ന സംഘടനയ്ക്ക് ഗാന്ധി വധത്തില്‍ പങ്കുണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ലായെന്നും, അതു പോലെ, 1930-കളുടെ മധ്യത്തോടെ ഗോഡ്സെ ആര്‍.എസ്.എസ്. വിട്ടുപോയെന്നും. സാങ്കേതികമായി ആദ്യത്തെ വാദം ശരിയാണ്. ഗവണ്‍മെന്റ് ആര്‍.എസ്.എസ്. നേതൃത്വത്തെ ഗാന്ധിവധത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നില്ല. അവര്‍ക്കെതിരെയുള്ള നിരോധനം ഒരു വര്‍ഷത്തിന് ശേഷം പിന്‍വലിക്കുകയും ചെയ്തു. 1948-ല്‍ നെഹ്രുവിനെഴുതിയ കത്തില്‍ പട്ടേല്‍ ഇപ്രകാരം പറഞ്ഞു, “ഗാന്ധിയുടെ ചിന്താരീതികളെ ശക്തമായി എതിര്‍ത്തിരുന്ന ആര്‍.എസ്.എസിലേയും ഹിന്ദു മഹാസഭയിലേയും അംഗങ്ങള്‍ അദ്ദേഹത്തിന്റെ കൊലപാതകത്തെ സ്വാഗതം ചെയ്തിരുന്നു. എങ്കിലും അതിനപ്പുറത്തേക്ക്, ആര്‍.എസ്.എസിലേയും ഹിന്ദു മഹാസഭയിലേയും മറ്റ് അംഗങ്ങളെ ഇതില്‍ പ്രതി ചേര്‍ക്കുവാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”
എന്നാല്‍ ഗോഡ്‌സെയുടെ അംഗത്വത്തെ സംബന്ധിച്ചുള്ള രണ്ടാമത്തെ അവകാശവാദം വിശ്വാസയോഗ്യമല്ല. വിചാരണയ്ക്കിടെ എഴുതി നല്‍കിയ പ്രസ്താവനയിൽ രാഷ്ട്രീയ സ്വയംസേവക്‍ സംഘുമായി അയാള്‍ക്കുള്ള ബന്ധത്തെ പറ്റി വാചാലനായിരുന്നു ഗോഡ്സെ. “1932 ആയപ്പോഴേക്കും നാഗ്‌പൂരിലെ ദിവംഗതനായ ഡോ. ഹെഡ്‌ഗെവാര്‍ മഹാരാഷ്ട്രയിലും രാഷ്ട്രീയ സ്വയംസേവക്‍ സംഘ് സ്ഥാപിച്ചിരുന്നു. അയാളുടെ സൃഷ്ടി എന്നില്‍ മതിപ്പുളവാക്കുകയും ഞാന്‍ സംഘ് സേവകനായി ചേരുകയും ചെയ്തു. ഞാൻ സംഘിന്റെ മഹാരാഷ്ട്രയിലെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്നു. മഹാരാഷ്ട്ര പ്രവിശ്യയിലെ സംഘിന്റെ ബൗദ്ധിക വിഭാഗത്തില്‍ ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.” എന്നാണ് ഗോഡ്‌സെ തന്റെ പ്രസ്താവനയിൽ പറഞ്ഞത് (പേജ് 40).
ആര്‍.എസ്.എസിന്റെ ഘടനയുടെ സവിശേഷത മൂലം അതിന്റെ അംഗങ്ങളെ ആവശ്യമുള്ളപ്പോഴൊക്കെ കയ്യൊഴിയുവാന്‍ എളുപ്പമാണെന്നാണ് ഗാന്ധിവധ സമയത്ത് ഗോഡ്സെ ആര്‍.എസ്.എസ്. അംഗമല്ലായിരുന്നു എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന്, ആര്‍.എസ്.എസ്. ഒരിക്കലും തങ്ങളുടെ അംഗത്വ രേഖകള്‍ പുറത്തുവിടാറില്ല. ഇക്കാലത്ത് പോലും ഒരൊറ്റ ആര്‍.എസ്.എസ്. അംഗത്തിന് പോലും അംഗത്വ കാര്‍ഡില്ല. അപ്പോള്‍ 1930-ല്‍ ഗോഡ്സെ സംഘടന വിട്ടു എന്ന് ആര്‍.എസ്.എസ്. അവകാശപ്പെടുകയാണെങ്കില്‍ അത് തെറ്റാണെങ്കില്‍ തന്നെയും അത് തെറ്റാണെന്ന് തെളിയിക്കുവാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ നാഥുറാം ഗോഡ്സെയുടെ അനുജനും ഗാന്ധി വധത്തിലെ ഗൂഢാലോചനയില്‍ പങ്കാളിയുമായ ഗോപാല്‍ ഗോഡ്സെ ആര്‍.എസ്.എസിന്റെ വാദത്തെ ചോദ്യം ചെയ്തിടുണ്ട് എന്നുള്ളതാണ് ഏറെ രസകരം. “ഞാന്‍ എന്തിനു മഹാത്മാ ഗാന്ധിയെ കൊന്നു” എന്ന നാഥുറാം ഗോഡ്സെയുടെ പുസ്തകം ന്യൂഡല്‍ഹിയില്‍ വച്ച് പ്രകാശിപ്പിച്ച വേളയില്‍ സംസാരിക്കവേ ഗോപാല്‍ ഗോഡ്സെ പറഞ്ഞത് അയാളും അയാളുടെ സഹോദരനും ആര്‍.എസ്.എസിന്റെ സജീവാംഗങ്ങള്‍ ആയിരുന്നുവെന്നാണ്. പിന്നീട് ഫ്രണ്ട്‌ലൈനുമായിട്ടുള്ള ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി, “ഞങ്ങള്‍ എല്ലാ സഹോദരങ്ങളും ആര്‍.എസ്.എസുകാരായിരുന്നു. നാഥുറാം, ദത്താത്രേയ, ഞാന്‍, ഗോവിന്ദ് എന്നിവര്‍. വീടിനേക്കാളുപരി ഞങ്ങള്‍ ആര്‍.എസ്.എസിലാണ് ജനിച്ചു വളര്‍ന്നത് എന്ന് പറയുന്നതാകും ശരി. ഞങ്ങള്‍ക്ക് അതൊരു കുടുംബം പോലെയായിരുന്നു. നാഥുറാം ആര്‍.എസ്.എസിന്റെ ബൗദ്ധിക്‍ കാര്യവാഹക്‍ ആയിരുന്നു. ഗാന്ധിവധത്തിന് ശേഷം ഗോള്‍വാള്‍കറും ആര്‍.എസ്.എസും ഒട്ടേറെ പ്രശ്നത്തിലായിരുന്നു എന്നതിനാലാണ് അദ്ദേഹം ആര്‍.എസ്.എസ്. വിട്ടു എന്ന് ഗവണ്‍മെന്റിന് മൊഴി കൊടുത്തത്. പക്ഷെ അദ്ദേഹം ഒരിക്കലും ആര്‍.എസ്.എസ്. വിട്ടിരുന്നില്ല.”
ആർ. എസ്. എസ്സിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് ഈ സംവാദം. ഒന്ന്, അവരുടെ രാഷ്ട്രീയകാര്യ സംഘം - ബി.ജെ.പി. - ഇപ്പോള്‍ അധികാരത്തിലേറിയിരിക്കുന്നു. അതുകൊണ്ട് രാഷ്ട്രപിതാവിന്റെ കൊലപാതക വിവാദത്തിലേക്ക് അവരുടെ പേര് വലിച്ചിഴയ്ക്കപ്പെടുന്നത് അവര്‍ക്ക് ദോഷകരമായേ ഭവിക്കൂ. ഗാന്ധി വധത്തില്‍ തങ്ങളുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന പ്രമുഖര്‍ക്കെതിരെ നിയമപരമായ ആക്രമണം അഴിച്ചു വിടുന്നതാണ് കഴിഞ്ഞ കുറച്ചു നാളുകളായി ആര്‍.എസ്.എസ് പയറ്റുന്ന തന്ത്രം. വ്യക്തികളെ നിശബ്ദരാക്കുവാന്‍ അതിന് സാധിച്ചേക്കും. എന്നാല്‍ ആ സംഘടനയുടെ ഭൂതവും വര്‍ത്തമാനവും അതിന്റെ ഭാവിയെ വരിഞ്ഞു കെട്ടുക തന്നെ ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ