2016 സെപ്റ്റംബർ 25, ഞായറാഴ്‌ച

ജറുസലേം

യെരൂശലേം ദേവാലയം യഹൂദജനതയുടെ സൈക്കിയുടെ ഭാഗമാണു്. 'വിശ്വാസികളുടെ പിതാവായ' അബ്രാഹാമിന്റെ കാലം മുതലുള്ള മഹാപരിശുദ്ധ സ്ഥലമായാണു് അതു് കണക്കാക്കപ്പെടുന്നതു്. എന്നാല്‍ സൈനികാക്രമങ്ങള്‍ക്കു് പലപ്പോഴും വിധേയമാവുകുയും തകര്‍ക്കപ്പെടുകയും പിന്നീടു് ശലോമോന്‍ രാജാവിന്റെ കാലത്തു് പണിതുയര്‍ത്തപ്പെടുകയും ചെയ്ത ദേവാലയം കൂടിയാണിതു്. അസീറിയക്കാരും ഫെസിസ്ത്യരും (ഫലസ്തീനികള്‍) അടക്കമുള്ള ജനതയാണു് ബൈബിളിലെ പഴയനിയമപ്രകാരം - യഹൂദ മതഗ്രന്ഥമായ തോറ പ്രകാരം - പലപ്പോഴും യെരൂശലേം നഗരത്തേയും ദേവാലയത്തേയും ആക്രമിച്ചിട്ടുള്ളതു്. ചതിവില്‍ മുടി മുറിക്കപ്പെട്ട ശിംശോന്റെ കഥ, ദാവീദ് - ഗോല്യാത്ത് പോരാട്ടത്തിന്റെ കഥ, തുടങ്ങിയവയൊക്കെ യഹൂദരും ഫെലിസ്ത്യരും തമ്മിലുള്ള വൈരത്തിനു് സാക്ഷ്യം നില്‍ക്കുന്നു. ദാവീദിന്റെ മകനായ ശലോമോന്‍ രാജാവിന്റെ കാലത്തു് യെരൂശലേം ദേവാലയം പുതുക്കിപ്പണിയാനായി നാനാദിക്കുകളില്‍ നിന്നും പത്തേമാരികളിലും മറ്റുമായി ദ്രവ്യങ്ങളും മറ്റും എത്തിച്ചതായി പറയുന്നു. അക്കൂട്ടത്തില്‍ (പ്രാചീന ഭാരതത്തില്‍ നിന്നും?) ദേവദാരുക്കളെക്കുറിച്ചും പരാമര്‍ശമുണ്ടു്. ശലോമോന്‍ പുതുക്കിപ്പണിത യെരൂശലേം ദേവാലയം തകര്‍ക്കപ്പെട്ടശേഷം അതിന്റെ ഓര്‍മ്മയ്ക്കായി നിലനിര്‍ത്തിയിരിക്കുന്ന ഭാഗമാണു് വിലാപത്തിന്റെ മതില്‍. യെരൂശലേം ദേവാലയം മാത്രമാണു് യഹൂദരെ സംബന്ധിച്ചു് ദേവാലയം എന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണു്. മറ്റുള്ളവയെല്ലാം സിനഗോഗുകളെന്ന താത്ക്കാലിക പ്രാര്‍ത്ഥനാലയങ്ങളാണു്. അവ മതപഠനകേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നു. യഹൂദരെ സംബന്ധിച്ചു് പ്രാര്‍ത്ഥനയ്ക്കു് സിനഗോഗുകള്‍ നിര്‍ബന്ധമല്ല. പത്തുപേര്‍ കൂടുന്നിടത്തു് ഒരുമിച്ചിരുന്നു് ദൈവത്തെ മഹത്വപ്പെടുത്തുന്നതു് അംഗീകൃതമായ യഹൂദപാരമ്പര്യമാണു്. യഹോവയാം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നാണു് അവര്‍ സ്വയം കരുതുന്നതു്. 

യഹൂദരുടെ മതനിയമങ്ങള്‍ മോശയുടെ കാലത്തേതാണു്. ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തില്‍ നിന്നും യഹൂദജനതയെ മോചിപ്പിച്ച് കൊണ്ടുവരുമ്പോള്‍ സീനായ് മലയില്‍ വച്ച് യഹോവ മോശയ്ക്ക് കൊടുത്ത പത്തുകല്‍പ്പനകളാണു് അവരുടെ പ്രമാണം.

ക്രിസ്തുമതസ്ഥാപകന്‍ സെയ്‌ന്റ് പോളാണെങ്കിലും സഭയുടെ ആധാരശില ക്രിസ്തുവാണല്ലോ. ക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്കാലത്തെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചതു് ഇതേ ഭൂമികയാണു്. ഹന്നയുടെ മകളായ മറിയം ബാല്യം കഴിച്ചുകൂട്ടിയതു് യെരൂശലേം ദേവാലയത്തിലായിരുന്നു. അവിടെ വച്ച് സാമ്പ്രദായിക മതവിദ്യാഭ്യാസത്തിനു് വിധേയമായാണു് അവള്‍ വളര്‍ന്നതു്. ഋതുമതിയായതോടെ അവളെ വിവാഹം ചെയ്തയ്ക്കാന്‍ അവളുടെ രക്ഷാകര്‍ത്താക്കള്‍ തീരുമാനിച്ചപ്രകാരം തച്ചനായ യൌസേപ്പ് പിതാവുമായി വിവാഹനിശ്ചയം നടന്നു. വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം ഇരുവരും ഒരു വര്‍ഷക്കാലം നോമ്പിലും ജാഗരണത്തിലും കഴിച്ചുകൂട്ടണമെന്നു് യഹൂദമതം നിഷ്കര്‍ഷിക്കുന്നു. ഈ കാലയളവിലാണു് കന്യക പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുമെന്ന യെശയ്യാ പ്രവചനംനിവൃത്തിയാകേണ്ടതിനു് അങ്ങനെ സംഭവിച്ചുവെന്നു് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതു്. യെരൂശലേം ദേവാലയത്തില്‍ ക്രിസ്തു പരീശന്മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും മറ്റും പുതിയ നിയമത്തിലുണ്ടു്.യഹൂദ മതത്തിനുള്ളിലെ നവീകരണശ്രമമായാണു് വാസ്തവത്തില്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നതു്. മോശയുടെ പഴയനിയമത്തിന്‍മേല്‍ സ്നേഹത്തിന്റെ പുതിയ നിയമം കൊണ്ടു് ക്രിസ്തു തന്റെ അടയാളം സ്ഥാപിച്ചു. തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍, ഒരുവന്‍ തന്നോടു് എങ്ങനെ പെരുമാണമെന്നു് തങ്ങളാഗ്രഹിക്കുന്നുവോ, അതേ പോലെ അപരനോടു് പെരുമാറാന്‍ ക്രിസ്തു യഹൂദരെ പഠിപ്പിച്ചു. അവിടെ നിന്നു് പുറംജാതികളിലേക്കു് ക്രിസ്തുവിന്റെ വചനങ്ങള്‍ വ്യാപിക്കുന്നതു് അപ്പോസ്തോലപ്രവര്‍ത്തികളാലാണു്.

ഈശാ നബിയെ അംഗീകരിക്കുന്ന ഇസ്ലാമും ഇതേ സെമറ്റിക് പാരമ്പര്യത്തില്‍ നിന്നാണു് ഊര്‍ജ്ജമുള്‍ക്കൊള്ളുന്നതു്. അബ്രാഹാം കടിഞ്ഞൂല്‍ പുത്രനായ ഇസഹാക്കിനെ ബലികൊടുക്കാന്‍ പോകുന്ന പഴയനിയമ കഥയില്‍ ഇസ്ലാമിന്റേതായ വകഭേദമുണ്ടു്. അതില്‍ അബ്രാഹാമിനു് ദാസിയില്‍ ജനിച്ച പുത്രനേയാണു് ബലികൊടുക്കാന്‍ കൊണ്ടുപോകുന്നതു്. ആ ദാസിയുടെ മകന്റെ സന്തതിപരമ്പരകളാണു് തങ്ങളെന്നു് അവര്‍ വിശ്വസിക്കുന്നതായി കേട്ടിരിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ