2014 സെപ്റ്റംബർ 3, ബുധനാഴ്‌ച

അതിജീവനത്തിന്റെ ഗാഥ

അതിജീവനത്തിന്റെ ഗാഥ
പി ജയരാജന്‍




തെരഞ്ഞെടുപ്പുകാലം വിശ്രമമില്ലാത്ത കാലവും കൂടിയാണ്. 1999 ആഗസ്തില്‍ പതിമൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പത്തെ ദിവസങ്ങള്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വടകര പാര്‍ലമെണ്ട് നിയോജകമണ്ഡലം സെക്രട്ടറിയാണ് അന്ന് ഞാന്‍. സൂര്യനുദിക്കുംമുമ്പ് തുടങ്ങുന്നതും പാതിരായ്ക്ക് ശേഷവും തുടരുന്നതുമാണ് തെരഞ്ഞെടുപ്പുകാലത്തെ ഞങ്ങളുടെ ദിവസങ്ങള്‍. പകല്‍ മുഴുവന്‍ നീളുന്ന വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍; അവലോകന യോഗങ്ങള്‍; ഗൃഹ സന്ദര്‍ശനങ്ങള്‍..... തെരഞ്ഞെടുപ്പുതിരക്കിനിടയില്‍ ഒരൊഴിവുദിനം പോലെയാണ് അക്കൊല്ലത്തെ തിരുവോണം; ആഗസ്ത് 25ന്. അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം തിരുവോണദിവസം വൈകുന്നേരം കാണാമെന്ന് മണ്ഡലം കമ്മിറ്റിയിലെ പ്രധാന സഖാക്കളുമായി ധാരണയിലെത്തിയാണ് തലേന്ന് രാത്രി വൈകി പിരിഞ്ഞത്. വീട്ടില്‍ ഭാര്യ യമുന മാത്രമേ ഉണ്ടായിരുന്നുള്ളൂ. മക്കള്‍ ജയിനും ആശിഷും ഓണം പ്രമാണിച്ച് കോഴിക്കോട്ടാണ്. എന്റെ സഹോദരി സതീദേവിയുടെ വീട്ടിലാണ് അവര്‍ക്ക് അക്കൊല്ലത്തെ ഓണം. നാട്ടിലെ ചില സഖാക്കള്‍ രാവിലെ വീട്ടില്‍ വന്ന് കുറെനേരം ഇരുന്നശേഷം തിരിച്ചുപോയി. നാടാകെ ഓണത്തിന്റെ ആലസ്യത്തിലായതിനാല്‍, ഫോണ്‍കോളുകളുടെ ബഹളവുമില്ല. ഉച്ചയൂണിനുശേഷം പതിവുതെറ്റിച്ച് കുറച്ചുനേരം കിടന്നു. അഞ്ചുമണിയോടെ എഴുന്നേറ്റ് സിറ്റിങ്ങ് റൂമില്‍ ഇരുന്നു. യമുന അടുക്കളയില്‍ ചായയിടുകയാണ്. വീടിന്റെ കിഴക്കുഭാഗത്തുനിന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ഒച്ചകേട്ടു. ആകാംക്ഷയോടെ എഴുന്നേല്‍ക്കുമ്പൊഴേക്കും വീണ്ടും സ്ഫോടനം. വീടിന്റെ മുന്‍വശത്തുനിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള നിലവിളി. യമുന എന്റെ അടുക്കലേക്ക് ഓടി വന്നു. ഞങ്ങള്‍ ധൃതിയില്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.
തരിച്ചുനിന്നു പോയ ഒരു നിമിഷം കൊണ്ട് നിരവധി വെട്ടുകള്‍. മുന്നിലുള്ള കസേരകൊണ്ട് ചെറുക്കാന്‍ നോക്കി, കസേര പിടിച്ച കൈക്കു നേരെ ഒരു വാള്‍ത്തല ചീറിവന്നു. ചൂരല്‍ കസേരയോടൊപ്പം വെട്ടുകൊണ്ട വലതുകൈ അറ്റുതൂങ്ങി. പ്രതിരോധ ശ്രമങ്ങള്‍ വിജയിച്ചില്ല. തലങ്ങും വിലങ്ങും വെട്ടുകള്‍, കഴുത്തിലും കൈയിലും കാലിലും നട്ടെല്ലിലുമെല്ലാമെല്ലാം. മിനുസമുള്ള സിമന്റ് തറയില്‍ ഒഴുകിപ്പരന്ന എന്റെ ചോരയില്‍ വഴുതി ഞാന്‍ നിലത്തേക്ക് വീണു.
ഭയന്നുനിലവിളിച്ച് ഓടിവരുന്ന അയല്‍പക്കത്തെ കനകയെയാണ് ആദ്യം കണ്ടത്. പിന്നാലെ വാളുകളും കൈമഴുവും ബോംബുകളുമായി ഒരുസംഘം ആര്‍എസ്എസുകാര്‍. പലരും എനിക്ക് പരിചിതരാണ്. അവര്‍ തുടരെ ബോംബുകള്‍ എറിഞ്ഞുപൊട്ടിക്കുന്നുണ്ട്. എനിക്കുനേരെയാണ് വരുന്നത്. പെട്ടെന്ന് യമുനയോടൊപ്പം അകത്തേക്ക് കടന്ന് വാതിലടക്കാനായി ഞാന്‍ ശ്രമിച്ചു. പക്ഷെ വൈകിപ്പോയിരുന്നു. മൂര്‍ച്ചയുള്ള വാളുകളുടെയും മഴുവിന്റെയും വായ്ത്തലകള്‍ വാതിലിനിടയിലൂടെ ഇപ്പുറത്തേക്ക് നീണ്ടു. വാതില്‍ തള്ളിപ്പിടിച്ച് അടയ്ക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. അവര്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നു. ഓം കാളി ഭദ്രകാളി എന്ന അലര്‍ച്ചയാണ് എന്റെ കാതില്‍വന്നലച്ചത്. ആഞ്ഞുവീശുന്ന വാളിന്റെ സീല്‍ക്കാരവും ഞാനോര്‍ക്കുന്നു. ഒപ്പം ചീറ്റിത്തെറിക്കുന്ന ചോരയും.
 വല്ല വിധേനയും എഴുന്നേല്‍ക്കാനായിശ്രമിച്ചു. തളംകെട്ടി നിന്ന രക്തത്തില്‍ വഴുതി പിന്നെയും വീണു. അനക്കമറ്റ എന്റെ ശരീരം നോക്കി മരണമുറപ്പാക്കിയ ആര്‍എസ്എസ് സംഘം വീടിനുള്ളില്‍ ബോംബുകള്‍ വലിച്ചെറിഞ്ഞശേഷം പിന്‍വാങ്ങി. തുരുതുരെ സ്ഫോടനങ്ങള്‍. വെടിപ്പുകയുടെ രൂക്ഷഗന്ധം ശ്വസിക്കാന്‍ കഴിയാതെ ഞാന്‍ വീര്‍പ്പുമുട്ടി. അറ്റുതൂങ്ങിയ വലതുകൈ ഇടതുകൈകൊണ്ട് താങ്ങി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. യമുന ഓടി അടുത്തേക്കുവന്നു. ഒച്ചകേട്ട് ഓടിയെത്തിയ നാട്ടുകാരും എന്റെ അടുക്കലേക്കു വന്നു. യമുന ഉടനെ കൂത്തുപറമ്പ് പാര്‍ടി ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വാഹനം വരുത്തി. മൃതപ്രായനായ എന്നെയുമെടുത്ത് അവര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കുതിച്ചു. ചോരപടര്‍ന്ന് കണ്ണ് തുറക്കാന്‍ സാധിക്കുന്നില്ല. മുറിവുകളില്‍ നിന്ന് രക്തം ഒഴുകുന്നത് അറിയുന്നുണ്ട്. നട്ടെല്ലിനേറ്റ വെട്ടിന്റെ വേദന എന്നെ വല്ലാതെ തളര്‍ത്തി.യമുനയുടെ തേങ്ങല്‍ മാത്രമാണ് കേള്‍ക്കുന്നത്.
തലശ്ശേരി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സര്‍വസജ്ജരായി നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ ബോധം മറഞ്ഞിട്ടില്ല. ശരീരത്തിലെ പലഭാഗങ്ങളും ഇനി നേരെയാകാത്തവിധം വെട്ടിപ്പിളര്‍ക്കപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.നല്ല തളര്‍ച്ച; വല്ലാത്ത പരവേശം. ആശുപത്രിയില്‍ നിന്ന് എനിക്ക് പ്രാഥമിക പരിചരണങ്ങള്‍ നല്‍കി. ഗുരുതരമായ മുറിവുകളാണ്. ഞരമ്പുകള്‍ ഒരുപാട് പൊട്ടിപ്പോയിരിക്കുന്നു. ഇടതുകൈയ്യിന്റെ പെരുവിരല്‍ വെട്ടിമാറ്റപ്പെട്ടത് അപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. എത്രയും പെട്ടെന്ന് മൈക്രോവാസ്കുലര്‍ സര്‍ജറി നടത്തണമെന്നായിരുന്നു സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ധോപദേശം.തലശ്ശേരിയില്‍ അതിനുള്ള സൌകര്യമില്ല. എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ ഡോ. ജയകുമാര്‍ ഈ സര്‍ജറി നടത്തുന്നതില്‍ വിദഗ്ധനാണ്. തലശ്ശേരി സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് എന്നെയും വഹിച്ച് എറണാകുളത്തേക്ക് കുതിച്ചു. ഡോ. ജോമോന്‍ ആംബുലന്‍സില്‍ കൂടെ വന്നു. തലശ്ശേരിയില്‍ വെച്ച് തന്നെ അക്രമികളെപ്പറ്റിയുള്ള കാര്യങ്ങള്‍ ഞാന്‍ കൂടെയുള്ളവരോട് വ്യക്തമാക്കിയിരുന്നു.
നട്ടെല്ലിന്റെ വേദന സഹിക്കാന്‍ കഴിയുന്നില്ല. വടിവാള്‍കൊണ്ടുള്ള വെട്ടേറ്റ് തൂങ്ങിയ കൈയും കാലും ഡോക്ടര്‍മാര്‍ പായ്ക്ക് ചെയ്തിട്ടുണ്ട്. അവിടങ്ങളിലെല്ലാം വല്ലാത്ത മരവിപ്പ്. ആംബുലന്‍സില്‍ മലര്‍ന്ന് കിടക്കുമ്പോള്‍ മനസ്സ് ശൂന്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് കയറിയിറങ്ങി. അവിടുത്തെ ഡോക്ടര്‍മാരും എന്നെ പരിശോധിച്ചു. അവരും വിധിച്ചു: പെട്ടെന്ന് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തണം. രാത്രി 10 മണിയോടുകൂടി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തി. ഡോ. ജയകുമാറും ആശുപത്രി മേധാവി ഡോ. രാജപ്പന്‍ തുടങ്ങിയവരും ഞങ്ങളുടെ വരവ് പ്രതീക്ഷിച്ച് വരാന്തയില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.
പതിമൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. പലപ്പോഴും ബോധം വന്നും പോയുമിരുന്നു. പതിനേഴ് മുറിവുകളാണ് ശരീരത്തില്‍. അതെല്ലാം തന്നെ വിദഗ്ധരായ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടി. ഓപ്പറേഷന് ശേഷമുള്ള രണ്ടാമത്തെ ദിവസമാണ് ശരീരത്തിലും തലയിലും മറ്റും കട്ടപിടിച്ച രക്തം തുടച്ചുമാറ്റുന്നത്. തലയിലെ രക്തം തുടയ്ക്കുമ്പോള്‍ എന്തോ തടയുന്നതുപോലെ നഴ്സിന് തോന്നി. അവര്‍ ഡോക്ടറെ വിളിച്ചു. സൂക്ഷ്മപരിശോധനയില്‍ അത് ഒരു ആണിയുടെ മൊട്ടാണെന്ന് മനസ്സിലായി. ഞാന്‍ മരിച്ചുവെന്ന് കരുതി പുറത്തേക്കിറങ്ങുമ്പോള്‍ ആര്‍എസ്എസുകാര്‍ വീടിനകത്തേക്ക് വലിച്ചെറിഞ്ഞ ബോംബില്‍ നിന്നും തെറിച്ചുവന്ന ആണി. അത് തലയോട്ടിയിലേക്ക് തുളഞ്ഞുകയറിയിരിക്കുന്നു. ആണിയുടെ അറ്റം തലച്ചോറിന് ക്ഷതമുണ്ടാക്കിയിട്ടുണ്ടാവുമോ എന്നായി പിന്നത്തെ ആശങ്ക. വളരെ ചെറിയ വ്യത്യാസത്തില്‍ അതുണ്ടായില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇടതുചെവിയുടെ കര്‍ണ്ണപുടം പൊട്ടിപ്പോയിരുന്നു. കേള്‍വിക്കുറവ് പിന്നീട് ഭേദമാക്കാനായില്ല.
പെട്ടെന്ന് ലഭിച്ച വിദഗ്ധ പരിചരണമാണ് അതിജീവന മാര്‍ഗമായത്. അസാധാരണ വേഗത്തിലാണ് ആംബുലന്‍സ് തലശ്ശേരിയില്‍നിന്ന് എറണാകുളത്തേക്കുള്ള ദൂരം താണ്ടിയത്. വഴിയിലുടനീളം പൊലീസ് റോഡിലെ മാര്‍ഗതടസങ്ങള്‍ നീക്കി. എല്ലാവരും എന്നെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എന്റെ സഖാക്കള്‍, നേതാക്കള്‍, ഭാര്യ, ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, നാട്ടുകാര്‍, പൊലീസുകാര്‍-എല്ലാവരും ഒരുനിമിഷം പോലും പാഴാക്കാതെ പ്രര്‍ത്തിക്കുന്നു. ആ വേഗമാണ് എന്റെ കാലുകള്‍ക്ക് ചലനശേഷി ലഭ്യമാകാന്‍ കാരണമായത്. അറ്റുതൂങ്ങിപ്പോയ എന്റെ കൈ തുന്നിച്ചേര്‍ത്തത്. അല്‍പം താമസിച്ചിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമാവുമായിരുന്നു.
ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ ആക്രമണം എന്റെ മനോധൈര്യം ചോര്‍ത്തിയില്ല. ശാരീരികമായി വന്ന ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ എന്റെ പാര്‍ടി എനിക്ക് ഊര്‍ജം നല്‍കി. സിപിഐ എം നേതാക്കളും പാര്‍ടിയെ സ്നേഹിക്കുന്ന ജനങ്ങളും എനിക്ക് ആശ്വാസമായി. രക്തം വാര്‍ന്നൊഴുകിയ എന്റെ ശരീരത്തിന് രക്തം നല്‍കിയത് എറണാകുളത്തെ ചുമട്ടുതൊഴിലാളികളായിരുന്നു. ആശുപത്രിമുറി വിട്ട് അവിടെ തന്നെ നടത്തേണ്ട തുടര്‍ ചികില്‍സക്കായി ഒരുമാസക്കാലം ഞാന്‍ എറണാകുളം ദേശാഭിമാനിയില്‍ കഴിഞ്ഞു. അപ്പോഴും ആര്‍എസ്എസുകാരുടെ ഭീഷണിയുണ്ടായിരുന്നു. എറണാകുളത്തുനിന്നും നാട്ടിലേക്ക് മടങ്ങുംവരെ തൊഴിലാളി സഖാക്കള്‍ എനിക്ക് രക്ഷകരായി കൂടെ നിന്നു.
എന്നെ അവസാനിപ്പിക്കാനാണ് ആര്‍എസ്എസ് തുനിഞ്ഞത്. അവരുടെ ആ ലക്ഷ്യം നടപ്പായില്ല. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഫാസിസ്റ്റ് ആക്രമണത്തിന് ഞാനിരയായത് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം മൂലമാണ്; ആര്‍എസ്എസിന്റെ ഫാസിസ്റ്റ് മുന്നേറ്റത്തിനെതിരെ എന്റെ നാട്ടില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധമുയര്‍ത്തിയതിനാലാണ്.
അനീതിക്കെതിരായ പോരാട്ടങ്ങള്‍ കണ്ണൂരിന്റെ മണ്ണിനെ എന്നും ചുവപ്പിച്ചിട്ടുണ്ട്. വടക്കേ മലബാറില്‍ കെട്ടിയാടുന്ന തെയ്യത്തോറ്റങ്ങളില്‍ ഈ നാടിന്റെ പോരാട്ടപാരമ്പര്യം തുടിച്ചുനില്‍ക്കുന്നു. ആധുനിക കാലത്ത് വിദേശാധിപത്യത്തിനും നാടുവാഴിത്ത ദുഷ്പ്രഭുത്വത്തിനുമെതിരായ ജനകീയ പോരാട്ടങ്ങളാല്‍ ഇവിടം ജ്വലിച്ചു. സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി പൊരുതിയ നിരവധി ധീരന്‍മാര്‍ രക്തസാക്ഷികളായി. ഈ മേഖല അരാഷ്ട്രീയ ശക്തികള്‍ക്ക് അന്യമാണ്. ജനങ്ങളുടെ ഉറച്ചരാഷ്ട്രീയാഭിമുഖ്യമാണ് സാമൂഹ്യമുന്നേറ്റത്തിന് തടയിടാന്‍ ശ്രമിക്കുന്ന ശക്തികളെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടാണ് ആര്‍എസ്എസ് നടത്തുന്ന ഫാസിസ്റ്റ് രീതിയിലുള്ള അക്രമങ്ങളെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നത്. സിപിഐ എമ്മിനെ ആര്‍എസ്്എസിനോട് ഉപമിക്കുന്നതും സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ടാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ