മാഅത്ത് അമീറിന്റെ കല്ലു വെച്ച നുണ
'ജമാഅത്തെ ഇസ്‌ലാമി സര്‍ക്കാര്‍ ജോലി നിഷിദ്ധമാണെന്നു പറഞ്ഞിട്ടില്ല. ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള എതിര്‍പ്പു കാരണം പ്രവര്‍ത്തകര്‍ അക്കാലത്ത് ജോലിയില്‍ നിന്നു വിട്ടു പോയിട്ടുണ്ട്' ജമാഅത്ത് അമീര്‍ സിദ്ധീഖ് ഹസന്റേതായി 01/01/2005 ഞായറാഴ്ച മാധ്യമം പത്രത്തില്‍ വന്ന ഒരു കുറിപ്പിലാണ് ഇങ്ങനെ വായിക്കാനിടയായത്. വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍ മനുഷ്യാവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു പോലും! അന്നത്തെ ചന്ദ്രികയില്‍ അക്കാര്യവും റിപ്പോര്‍ട്ടു ചെയ്തു കാണുന്നു.
ജമാഅത്ത് അമീറിന്റെ ഈ പ്രസ്താവന കല്ലു വെച്ച നുണയാണെന്നതിന്ന് ജമാഅത്ത് സാഹിത്യങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. ഇസ്‌ലാമികമല്ലാത്ത സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യുന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ച് നീചാവസ്ഥയാണെന്നും അത്തരം സര്‍ക്കാറുകളുടെ കുഞ്ചികസ്ഥാനങ്ങളില്‍ ഒരു മുസ്‌ലിം ഉണ്ടായിരിക്കുന്നത് നിഷിദ്ധമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
'ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്' (പ്രബോധനം 1953 ഡിസ:15). 1950കളില്‍ ഏതായാലും ബ്രിട്ടീവുകാരോടുള്ള എതിര്‍പ്പു കൊണ്ടാണ് ഈ ഫത്ത്‌വ അവര്‍ പ്രസിദ്ധീകരിച്ചത് എന്ന് പറയുകയില്ലല്ലോ.
അത്തരം ഉദ്യോഗത്തിലൂടെ ലഭിക്കുമെന്ന് വരുമാനം പോലും അസഹ്യമെന്നാണ് ജമാഅത്തിന്റെ ആചാര്യന്‍ പറയുന്നത്. 'ജീവിതമാര്‍ഗം അനിസ്‌ലാമികമോ നിഷിദ്ധവ്യവസ്ഥകളോടു ബന്ധപ്പെട്ടതോ ആയിരുന്ന ജനങ്ങള്‍ അഭിവൃദ്ധിയെ സ്വപ്നം കാണുന്നതു പോകട്ടെ പ്രസ്തുത മാര്‍ഗങ്ങളില്‍ കൂടി കരസ്ഥമാക്കിയ ആഹാരം വായില്‍ വെക്കുന്നതു പോലും അസഹ്യമായിത്തോന്നിത്തുടങ്ങിയിരിക്കുന്നു' (ഇസ്‌ലാമിക പ്രസ്ഥാനം, മൗദൂദി, പേജ് 26).
ഇസ്‌ലാമികേതര സര്‍ക്കാരിനു കീഴില്‍ മുസ്‌ലിമായി ജീവിക്കാന്‍ സാധിക്കുകയെന്നത് തീര്‍ത്തും അസംഭവ്യമാണെന്നു വിശ്വസിക്കുന്നവര്‍ ആ സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നതില്‍ ന്യായമില്ലല്ലോ. അതിനുള്ള കാരണവും അവര്‍ നിരത്തുന്നുണ്ട്. 'നേതൃത്വശക്തി അവരുടെ അധീനതയിലായിരിക്കുന്ന കാലത്തോളം ശാസ്ത്രം, സാഹിത്യം, കല, വിദ്യാഭ്യാസം, പ്രസിദ്ധീകരണം, നിയമനിര്‍മാണ നടത്തിപ്പ്, ധനകാര്യം അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള സകലതിന്റേയും കടിഞ്ഞാണ്‍ ഇത്തരക്കാര്‍ കൈക്കലാക്കി കൊണ്ടിരിക്കുന്ന കാലത്തോളം ലോകത്ത് ഒരു യഥാര്‍ത്ഥ മുസ്‌ലിമെന്ന നിലക്ക് ജീവിക്കുകയും അല്ലാഹുവിന്റെ അടിമത്തത്തെ സ്വജീവിത വ്യവസ്ഥയാക്കിക്കൊണ്ട് നില കൊള്ളുകയും ചെയ്യുന്നത് പ്രയോഗത്തില്‍ തീരെ അസംഭവ്യമാണ്.' (അതേ പുസ്തകം, പേജ്:11).
വീണ്ടും കാണുക: 'നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കു സുഖനിദ്ര പോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതരദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്താല്‍ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍ നീട്ടി ഉറങ്ങുകയും ചെയ്യുന്നത്' (ഖുത്ത്വുബാത്ത്). ഇവിടെ ദീന്‍ വിശേഷിപ്പിച്ചത് ഇസ്‌ലാമികമല്ലാത്ത സര്‍ക്കാരിനെയാണെന്ന് കൂടി ഓര്‍ക്കുക. 'ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് ആണെന്നും ശരീഅത്ത് എന്നാല്‍ ആ സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിന്നാണ് ഇബാദത്ത് എന്നു പറയുന്നതെന്നുമുള്ള സംഗതി വ്യക്തമായിത്തീരുന്നതാണ്' (അതേ പുസ്തകം).
സിദ്ധിഖ് ഹസന്റെ പ്രസ്താവന സത്യമല്ലെന്നു വ്യക്തം. കൂടിയാല്‍ ഇപ്പോള്‍ തങ്ങള്‍ക്കങ്ങനെ വാദമില്ലെന്നു പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെയാണുദ്ദേശിച്ചതെങ്കില്‍ നമുക്കറിയേണ്ടത് എന്നു മുതലാണ് ഇന്ത്യരാജ്യത്തെ സര്‍ക്കാര്‍ ഇതര ദീനുകളുടെ ലിസ്റ്റില്‍ നിന്നും ഒഴിവായത്? ആരാണ് ഒഴിവാക്കിയത്? കാരണമെന്ത്?
ആ കാമ്പയിന്‍ മൗദൂദിസ്റ്റുകള്‍ക്കെതിരെയായിരിക്കട്ടെ
രണ്ടാമത്തെ കാര്യം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്ന് ജമാഅത്ത് പറഞ്ഞിട്ടില്ലെന്നാണ്. അങ്ങനെ പറയുന്നത് മനുഷ്യാവകാശലംഘനമാണത്രെ! എങ്കില്‍ ഈ മനുഷ്യാവകാശലംഘനം നടത്തിയത് മൗദൂദിസ്റ്റുകള്‍ തന്നെയാണ്. അവര്‍ക്കും അവരുടെ പ്രസിദ്ധീകരണങ്ങള്‍ക്കുമെതിരെയാണ് മനുഷ്യാവകാശ കാമ്പയിന്‍ പ്രധാനമായും കടന്നു ചെല്ലേണ്ടത്. ഭൗതികമായി നോക്കിയാലും മതപരമായി നോക്കിയാലും ആപല്‍ക്കരമാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലെന്നാണ് അവര്‍ വാദിച്ചത്. ജമാഅത്ത് നേതാവായിരുന്ന അബുല്ലൈസ് പറയുന്നതു കാണുക: 'തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും മുസ്‌ലിംകള്‍ക്ക് ആപല്‍ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം. അതിന്റെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കാം. ചുരുങ്ങിയ പക്ഷം ഇസ്‌ലാമിന്റെ അഭിവൃദ്ധിയുടെ മാര്‍ഗങ്ങള്‍ അതു കൊണ്ട് തടയപ്പെട്ടിരിക്കുകയാണ്. സാമുദായിക താല്‍പര്യങ്ങളെച്ചൊല്ലി മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന പക്ഷം പ്രസ്തുത വടംവംി പൂര്‍വാധികം വര്‍ധിക്കുകയേ ഉള്ളൂ. അതിനാല്‍ ബോധപൂര്‍വം വിട്ടു നില്‍ക്കുന്നതാണ് അവര്‍ക്കു നല്ലത്' (പ്രബോധനം പു.4, ല.2, ജൂലൈ, 1951 പേ.35). ഇപ്പോഴത്തെ കേരള അമീറിന് പഴയ ദേശീയ നേതാവിന്റെ ഈ ആശയം അറിയില്ലെന്നോ?! 'തെരഞ്ഞെടുപ്പും ജമാഅത്തും' എന്ന തലക്കെട്ടില്‍ പ്രബോധനം പറഞ്ഞത് ലീഗുള്‍പെടെ നിലവിലുള്ള ഒരുപാര്‍ട്ടിക്കും വോട്ടു ചെയ്യുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്നാണ്. 'ഇന്ത്യന്‍ മുസല്‍മാന്മാരുടെ ഏകരാഷ്ട്രീയ സംഘടനയെന്നവകാശവാദം മുഴക്കുന്ന മുസ്‌ലിംലീഗു പോലും ഇസ്‌ലാമിന്റെ താല്‍പര്യത്തെയല്ല പ്രതിനിധാണ ചെയ്യുന്നത്. സ്വന്തം ഭാഷയില്‍ത്തന്നെ ന്യൂനപക്ഷത്തിന്റെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനയാണത്. ആകയാല്‍ നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയേയോ സ്ഥാനാര്‍ത്ഥിയേയോ വോട്ടു കൊടുത്ത് തെരഞ്ഞെടുക്കുകയെന്ന പ്രശ്‌നമേ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം ഉദ്ഭവിക്കുന്നില്ല' (പ്രബോധനം പു.26, ല.4).
വോട്ടിംഗ് ശിര്‍ക്കും ഹറാമുമാണെന്നും വാദിച്ച് ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ കാഫിറാക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലെന്നോ?! 'ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടപ്പാക്കുന്നതിന്നായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൗഹീദിന്നു വിരുദ്ധവും അനനുവദനീയവുമാകുന്നു' (ജ:ഇ:27 വര്‍ഷം/ഇലക്ഷന്‍ പ്രശ്‌നം). തൗഹീദിനു വിരുദ്ധം എന്നാല്‍ ശിര്‍ക്കാണെന്നും അനനുവദനീയമെന്നാല്‍ ഹറാമാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. 'അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).
എന്നാണ് ജമാഅത്തുകാരന് വോട്ടു ചെയ്യല്‍ അനുവദനീയമാവുകയെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല' (പ്രബോധനം പു.4, 4.8 പേ.163). എന്നാണാവോ മറിച്ചൊരു തോന്നല്‍ ജമാഅത്തിനുണ്ടായത്? ആരാണാവോ ഇവിടുത്തെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് പ്രഖ്യാപിച്ചത്? ഏതു മാവിലായിയില്‍ വെച്ചാണാവോ ഇവിടെ ഭരണം ഇസ്‌ലാമികമാക്കാന്‍ വഴിയുണ്ടെന്ന് ജമാഅത്ത് സുന്നഹദോസിന് ബോധനം കിട്ടിയത്?
യഥാര്‍ത്ഥത്തില്‍ ജമാഅത്തിന്റെ ഈമാന്‍ തന്നെ ഇസ്‌ലാമികേതര ഭരണവ്യവസ്ഥയിലെ വോട്ടിംഗ് അനിസ്‌ലാമികവും ദീനിനു തീരെ വിരുദ്ധവുമാണെന്നുള്ളതാണ്. 'ജമാഅത്ത് ഈ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനേയും അവന്റെ നിര്‍ദ്ദേശങ്ങളേയും തിരസ്‌കരിച്ചു കൊണ്ടുള്ള ഒരു ഭൗതികരാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതു കൊണ്ടു മാത്രമാണ്' (പ്രബോധനം പു.4, ല.8, പേ.165). 'മുസ്‌ലിമിന്ന്, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത് പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞ മുസ്‌ലിമിന്നു വല്ല അനിസ്‌ലാമിക രാഷ്ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല. ഇന്നത്തെ മതേതര ഭൗതികരാഷ്ട്രീയത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റു വല്ല സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിന്നായി പ്രവര്‍ത്തിക്കുവാനോ വോട്ടു രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന് മുസ്‌ലിം കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ അവന്നു സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍ നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന്‍ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരം മറ്റൊരാളെ ഭരമേല്‍പിക്കാന്‍ അവന്നു കഴിയുകയുള്ളൂ. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഇതെല്ലാം ദീനിന്ന് തീരെ വിരുദ്ധമാണ്. ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അതൊരിക്കലും അനുയോജ്യമല്ല' (ഇസ്‌ലാമിക പാഠങ്ങള്‍, അബൂസലീം അബ്ദുല്‍ഹയ്യ്, 1955, പേ.135). സൗദി അറേബ്യയില്‍ പോലും ഇസ്‌ലാമിക ഭരണമില്ലെന്നു പ്രഖ്യാപിച്ചവര്‍ ഇന്ത്യയില്‍ ഏതായാലും ഇസ്‌ലാമിക ഭരണമാണെന്നു പറയില്ലല്ലോ. അപ്പോള്‍ ഇത്രയും ഗുരുതരമായ തെറ്റായിരുന്നിട്ടും വോട്ടിംഗ് പാടില്ലെന്നു പറയുന്നത് ന്യായമാണോ അമീര്‍ സാറേ! അതോ അനിസ്‌ലാമിക ഭരണകൂടങ്ങള്‍ക്കു കീഴില്‍ ജോലി ചെയ്യുകയും ജീവിക്കുകയുമൊക്കെ ചെയ്ത യൂസുഫ്(അ)മും, മൂസാ(അ), ഈസാ(അ), ഇബ്‌റാഹിം(അ) തുടങ്ങി മുഹമ്മദ് നബി(സ)യോടു പോലും മാതൃകയാക്കാന്‍ പറഞ്ഞ പൂര്‍വ പ്രവാചകന്‍മാരും ആസിയാബീവിയുമൊക്കെ മൗദൂദിയുടെ ഈമാന്‍ കാര്യമനുസരിച്ച് ദീനില്‍ നിന്ന് പുറത്താകുമെന്ന തിരിച്ചറിവാണോ അമീറിനെക്കൊണ്ട് ഇതൊക്കെ പറയിച്ചത്! എങ്കില്‍ അങ്ങയുടെ പ്രസ്ഥാനം പഴയ സാഹ്യത്യങ്ങളോടുള്ള നിലപാടു വ്യക്തമാക്കുകയും നിരുപാധികം മുസ്‌ലിം ജനതയോടെങ്കിലും മാപ്പു പറയുകയും ചെയ്യുക. അതുമല്ലെങ്കില്‍ സലഫികള്‍ക്ക് ഹാകിമിയ്യത്തും സമഗ്ര ഇസ്‌ലാമും നമ്മ പണ്ടു പറഞ്ഞതും ഇപ്പം പറയുന്നതും വൈരുധ്യമില്ലെന്നു മനസ്സിലാക്കാനുമുള്ള വൈരുധ്യാധിഷ്ഠിത ബുദ്ധി ഇനിയും വളര്‍ന്നില്ലെന്നു സ്വയം ബുജി ചമഞ്ഞ് കാലയാപനം ചെയ്യുക.
ഇവര്‍ സ്വാതന്ത്ര്യപ്പോരാളികളും മതേതരത്വ സംരക്ഷകരുമോ?
മനുഷ്യന്റെ ഏത് അന്തസ്സാണ് ജമാഅത്തെ ഇസ്‌ലാമി എന്ന രാഷ്ട്രീയപ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതെന്നു മനസ്സിലാക്കാന്‍ അവരെ അറിയാവുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരുപോലെ പ്രയാസമാണെന്ന് ബോധ്യമായല്ലോ. ഇനി ഈയിടെ അവര്‍ നടത്തിയ ക്യാമ്പയിനോടനുബന്ധിച്ച് അവര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ കാണുന്ന ചില വരികള്‍ ശ്രദ്ധിക്കുക. 'അധിനിവേശ ശക്തികളും ഏകാധിപതികളായ രാജാക്കന്മാരും ഒടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളും ഇന്ത്യാമഹാരാജ്യത്തെ അടക്കി ഭരിച്ച നാളുകളില്‍ കടുത്ത നീതിനിഷേധത്തിന്റേയും അവകാശ ധ്വംസനങ്ങളുടേയും ഭീകരമാതൃകകള്‍ നാം കണ്ടു, അനുഭവിച്ചു. ഇതിന്നെതിരായ അതിശക്തമായ പ്രതികരണം കൂടിയായിരുന്നല്ലോ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം. സാമൂഹികനീതിയും അവസരസമത്വവും സമാവകാശങ്ങളും പുലരുന്ന സ്വതന്ത്ര ഇന്ത്യക്കായി നവഭാരതശില്‍പികളുടെ പിന്നില്‍ അണിനിരന്ന ജനകോടികള്‍ വീറോടെ പൊരുതിയപ്പോള്‍ നമ്മുടെ സ്വപ്നത്തിന്റെ പ്രഥമഘട്ടം സാക്ഷാത്കരിക്കപ്പെട്ടു. രാജ്യം സ്വതന്ത്രമായി. സ്വതന്ത്ര ഇന്ത്യക്ക് സമ്പൂര്‍ണ മനുഷ്യാവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ശ്രേഷ്ഠമായ ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയും നിലവില്‍ വന്നു'.
സംശയം വേണ്ട, മുസ്‌ലിം സമുദായത്തിന്റെ അന്തസ്സു കെടുത്തുന്ന നിരവധി ഹറാം കുഫ്ര്‍ ശിര്‍ക്ക് ഫത്ത്‌വകള്‍ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിക്കാരന്റേതു തന്നെ ഈ വരികള്‍. ഇതില്‍ നിന്ന് സോളിഡാരിറ്റിക്കുട്ടികള്‍ക്കു ലഭിക്കുന്ന ചില പുത്തനറിവുകളുണ്ട്.
1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ 'നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം' എന്നു വിശേഷിപ്പിക്കുക വഴി ജമാഅത്തെ ഇസ്‌ലാമി സജീവപങ്കാളിത്തം വഹിച്ചിരുന്നുവെന്ന് തങ്ങളുടെ പുത്തന്‍ കുഞ്ഞാടുകളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ഈ ലഘുലേഖ ശ്രമിക്കുന്നു. ബശീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍ത്തു പോയി. (യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുമ്പോള്‍ ജമാഅത്തുകാര്‍ മുസ്‌ലിംകളെ മുഴുവന്‍ ഹറാം ഫത്ത്‌വയിറക്കി അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്).
2. നവഭാരതശില്‍പികളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്നായുള്ള പോരാട്ടം വീറോടെയുള്ളതും പ്രശംസനീയവുമായിരുന്നു.
3. ബ്രിട്ടീഷ് സാമ്രാജ്യശക്തി ഇന്ത്യ അടക്കി വാണപ്പോള്‍ ഇന്ത്യ കണ്ടതുപോലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട ഇന്ത്യക്കാര്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായപ്പോള്‍ മുസ്‌ലിംകളും അതില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു, ശാപം കൂറി വിമര്‍ശിക്കേണ്ടതായിരുന്നില്ല.
4. ഇന്ത്യാരാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന സമ്പൂര്‍ണ മനുഷ്യാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നു
ഇനി നമുക്ക് അവരുടെ ആചാര്യന്റേയും സ്ഥാപക നേതാക്കളുടേയും നിലപാടുകള്‍ ശ്രദ്ധിച്ച് കേരള അമീറിന്റേയും സംഘത്തിന്റേയും അന്തസ്സെങ്കിലും തിരിച്ചു കിട്ടാനായി ആശംസകള്‍ നേരാം!
സ്വാതന്ത്ര്യസമരം അന്നത്തെ വീക്ഷണത്തില്‍
മൗദൂദി പറയുന്നു: 'ഇംഗ്‌ളീഷുകാരനായ അമുസ്‌ലിമില്‍ നിന്ന് ഇന്ത്യാക്കാരനായ അമുസ്‌ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ മുസ്‌ലിമിനെ സംബത്തിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്‌ലിമിന് ഹറാമാണ്' (തഹ്‌രീക്കേ ആസാദീ ഔര്‍ മുസല്‍മാന്‍ പേ.81).
'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നുവെന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നുവെന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്‌ലിമാണ് ഇതിന്ന് സ്വാതന്ത്ര്യം എന്നു പറയുക?' (മുസല്‍മാന്‍ ഔര്‍ മൗജൂദേ സിയാസീ കശ്മകശ് പേ.97,98)
'പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച് ഞാനെന്തു പറയാനാണ്?' (ഖുത്തുബാത്ത് പേ.140). മാത്രവുമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ അത് യാതൊരു നിലയും വിലയും അര്‍ഹിക്കാത്തതാണെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നതും ജയിലില്‍ പോകുകയും ദണ്ഡനമേല്‍ക്കുകയും ചെയ്യുന്നതിന്ന് ആയിരം വട്ടം ശാപം എന്നുമാണ് മൗദൂദി പ്രഖ്യാപിച്ചത്.
ജനാധിപത്യം, സെക്യുലറിസം
'ചുരുക്കത്തില്‍, താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പര വിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടിലേതെങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ (പ്രബോധനം 1952, പു.5, ല.5).
'മുസല്‍മാന്മാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്' (മൗദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വികവിശകലനം പേ.35). 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും' (അതേ പുസ്തകം)
'പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകളവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ'. ഈ ശിര്‍ക്കിന്റെ ഭരണഘടന സമ്പൂര്‍ണമനുഷ്യാവകാശങ്ങള്‍ വക വച്ചു തരുന്നുവെന്നു പ്രഖ്യാപിക്കുന്ന പുത്തന്‍ ജമാഅത്തുകാരനെ കണ്ട് സഹതപിക്കുകയല്ലാതെ എന്താണു ചെയ്യുക?!
ആദര്‍ശത്തിന് നയം എന്ന പേരിട്ടു അതു മാറ്റിക്കൊണ്ടിരിക്കുകയും വൈരുധ്യങ്ങളില്‍ തല തല്ലുകയും രാഷ്ട്രീയത്തിന് ദീന്‍ എന്നു പേരിട്ടു സോഷ്യലിസത്തിനും മുതലാളിത്തത്തിനും ഗോബാക്ക് വിളിച്ചാല്‍ നരകമോചനം ഉറപ്പു വരുത്തുന്ന ദഅ്‌വത്തായെന്നും ദീനീപ്രവര്‍ത്തനമായെന്നും കരുതുന്നവരെ സാധാരണക്കാര്‍ ഏതായാലും തിരിച്ചറിയേണ്ടതുണ്ട്. മറ്റു പ്രസ്ഥാനങ്ങളില്‍ വ്യത്യസ്തമായി പറഞ്ഞിരുന്ന ആദര്‍ശങ്ങളെല്ലാം പുതിയ പ്രസ്താവനകളിലൂടെയും പ്രയോഗത്തിലൂടെയും ചവറ്റുകൊട്ടയിലേക്കെറിഞ്ഞ് ഏതൊരു രാഷ്ട്രീയ സാമൂഹിക സംഘടനകളും മാത്രം കൈകാര്യം ചെയ്യുന്ന അജണ്ടകളുമായി മുഷ്ടിയുയര്‍ത്തുകയും സംവദിക്കുകയും ചെയ്യുന്ന ജമാഅത്ത് പരിച്ചുവിട്ട് വല്ല അന്വേഷിയിലോ നിലവിലുള്ള അത്തരം മറ്റേതെങ്കിലും പ്രസ്ഥാനങ്ങളിലോ ലയിച്ചാല്‍ അതായിരിക്കും കൂടുതല്‍ നല്ലത്. ഇസ്‌ലാം എന്ന പേരിന് അത്രയെങ്കിലും അന്തസ്സ് കളയാതിരിക്കാമല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ